കോഴിക്കോട്: ഇടതുമുന്നണിയുടെ പൊന്നാപുരംകോട്ടയെന്നാണ് പൊതുവെ കോഴിക്കോട് ജില്ലയെ പറയുക. 2011 മുതല്‍ക്കുള്ള തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫാണ് കോഴിക്കോട്ട് നിന്ന് തുടര്‍ച്ചയായി ജയിച്ചത്. ഇടതുപക്ഷം തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കിയ എട്ട് നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. എലത്തൂര്‍, കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, ബേപ്പൂര്‍ എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എല്‍ഡിഎഫിനൊപ്പം നിന്നത്. 2011 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഇത്തരം നേട്ടം കൈവരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ യുഡിഎഫിന് സാധിച്ചിട്ടില്ല. കഴിഞ്ഞ 20 വര്‍ഷമായി കോണ്‍ഗ്രസിന് ഒരു എംഎല്‍എ പോലും കോഴിക്കോട്ടില്ല. പക്ഷേ ഇത്തവണ കടുത്ത മത്സരമാണ് യുഡിഎഫ് കോഴിക്കോട് ജില്ലയില്‍ ഉയര്‍ത്തുന്നത്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് യുഡിഎഫിന് വന്‍ ഭൂരിപക്ഷമുണ്ടായിരുന്നു. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി എം.കെ. രാഘവന്‍ 1,46,176 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 1,14,506 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

തുടര്‍ന്ന് 2025-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിയും യുഡിഎഫ് വന്‍ വിജയം നേടി. ജില്ലാ പഞ്ചായത്തിന്റെ ആകെ 28 ഡിവിഷനുകളില്‍ 16 സീറ്റുകള്‍ നേടി യുഡിഎഫ് ഭരണമുറപ്പിച്ചു. എല്‍ഡിഎഫ് 12 സീറ്റുകളിലൊതുങ്ങി. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളില്‍ 39 എണ്ണത്തില്‍ യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് 25 പഞ്ചായത്തുകളില്‍ മാത്രമാണ് വിജയിച്ചത്. ജില്ലയിലെ 7 നഗരസഭകളില്‍ 4 എണ്ണത്തില്‍ (രാമനാട്ടുകര, ഫറോക്ക്, പയ്യോളി, കൊടുവള്ളി) യുഡിഎഫ് വിജയിച്ചു. കൊയിലാണ്ടി, വടകര, മുക്കം നഗരസഭകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയെങ്കിലും യുഡിഎഫ് വലിയ നേട്ടമുണ്ടാക്കി. 76 വാര്‍ഡുകളില്‍ 35 സീറ്റുകള്‍ എല്‍ഡിഎഫിനും 28 സീറ്റുകള്‍ യുഡിഎഫിനും ലഭിച്ചു. ബിജെപി 13 സീറ്റുകള്‍ നേടി. തദ്ദേശ ഫലങ്ങളിലെ 38.81% വോട്ട് വിഹിതം നിയമസഭയിലേക്ക് പ്രതിഫലിച്ചാല്‍, ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 8 മുതല്‍ 11 വരെ സീറ്റുകളില്‍ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പക്ഷേ തുടക്കത്തില്‍ യുഡിഎഫിന് ഈസി വാക്കോവര്‍ എന്ന് തോന്നുനിടത്തുനിന്ന് കാര്യങ്ങള്‍ കോഴിക്കോട് മാറുകയാണ്. മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതുമുന്നണിക്ക് എതിരാവുമ്പോള്‍, മറുഭാഗത്ത് അവര്‍ക്ക് അനുകൂലമായി ഹിന്ദു-ക്രിസ്ത്യന്‍ കണ്‍സോളിഡേഷന്‍ ഉണ്ടാവുകയാണ്.

ബേപ്പൂരിലും എലത്തൂരിലും കടുത്ത മത്സരം

എല്‍ഡിഎഫിന്റെ കുത്തക മണ്ഡലം എന്ന് പറയാവുന്ന എലത്തൂരില്‍ കടുത്ത മത്സരമാണ് നേരിടുന്നത്. ഇവിടെ 80 കഴിഞ്ഞിട്ടും സ്ഥാനമൊഴിയാതെ വനം മന്ത്രി ശശീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിയില്‍നിന്നുവരെ കടുത്ത അതൃപ്തിയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയ മേഖലയാണിത്. ഐക്യ ജനാധിപത്യ മുന്നണിക്കായി കോണ്‍ഗ്രസിലെ വിദ്യാ ബാലകൃഷ്ണനാണ് ഇവിടെ ജനവിധി തേടുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ടി ദേവദാസും രംഗത്തുണ്ട്. 2011-ല്‍ 14,654 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച ശശീന്ദ്രന്‍, 2016-ല്‍ ഭൂരിപക്ഷം 29,057 വോട്ടാക്കി ഉയര്‍ത്തി. 2021-ല്‍ എത്തിയപ്പോള്‍ ഭൂരിപക്ഷം, 38,502 ആയി ഉയര്‍ന്നു. ഇത്രയും ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍പോലും എല്‍ഡിഎഫ് വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് കടുത്ത ഭരണവിരുദ്ധ വികാരത്തിന്റെ സുചനയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സമാനമായ സാഹചര്യമാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിലും. ഇവിടെ പി വി അന്‍വറാണ് എതിരാളി. പക്ഷേ ഭൂരിപക്ഷം കുറഞ്ഞാലും റിയാസിന് തന്നെയാണ് വിജയ സാധ്യതയെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട് നോര്‍ത്തിലും ഇത്തവണ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. സിറ്റിങ്് എംഎല്‍എയായ സിപിഎമ്മിലെ തോട്ടത്തില്‍ രവീന്ദ്രനെ നേരിടുന്നത്, കെപിസിസി ജനറല്‍ സെക്രട്ടറിയാ അഡ്വ കെ ജയന്താണ്. നവ്യാ ഹരിദാസാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. 2011 മുതല്‍ സിപിഎം തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ കടുത്ത മത്സരമാണ്. നിലവില്‍ ഫോട്ടോ ഫിനീഷിന് സമാനമായ സാഹചര്യമാണ് ഇവിടെയുള്ളത്.

അതുപോലെ സ്വതന്ത്രനെയിറക്കി സിപിഎം കുത്തകയാക്കിയ മണ്ഡലമാണ് കുന്ദമംഗലം. നേരത്തെ തന്നെ സി പി ബാലന്‍വെദ്യര്‍ സിപിഎമ്മിനുവേണ്ടി പലതവണ ജയിച്ച മണ്ഡലം, ഇടക്ക് യു സി രാമനെ ഇറക്കി മുസ്ലീം ലീഗ് പിടിച്ചിരുന്നു. എന്നാല്‍ 2011-ല്‍, ലീഗില്‍നിന്ന് തെറ്റിപ്പരിഞ്ഞ് എത്തിയ പിടിഎ റഹീം 3269 വോട്ടിന് മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്ന് 2016-ലും 21ലും ഇടതുസ്വതന്ത്രനായ പി ടി എ റഹീം തന്നെയാണ് ഇവിടെനിന്ന് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. ഇപ്പോള്‍ പി ടി എ റഹീം നാലാമതും മത്സരിക്കുമ്പോള്‍ എം എ റസാഖിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. നിലവില്‍ ഇവിടെയും കടുത്തത മത്സരമാണ്. എന്നാലും റഹീമിന്റെ മെച്ചപ്പെട്ട പ്രതിഛായ തങ്ങളെ തുണക്കുന്നമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

കൊയിലാണ്ടിയില്‍ ഫോട്ടോ ഫിനീഷ്

ഒരുകാലത്ത് കോണ്‍ഗ്രസ് ജയിച്ചിരുന്ന മണ്ഡലമായ കൊയിലാണ്ടി കഴിഞ്ഞ 15 വര്‍ഷമായി സിപിഎമ്മന്റെ കൈയിലാണ്. 2011-ല്‍ 4,139 വോട്ടിന് ജയിച്ച കെ ദാസന്‍, 2016-ല്‍ ഭൂരിപക്ഷം 13,369 വോട്ടാക്കി ഉയര്‍ത്തി. 2021-ല്‍ സിപിഎമ്മിലെ കാനത്തില്‍ ജമീല 8,472 വോട്ടിനാണ് ഇവിടെനിന്ന് ജയിച്ചത്. കാനത്തില്‍ ജമീലയുടെ നിര്യാണത്തെ തുടര്‍ന്ന്, കെ ദാസനെ തന്നൊണ് സിപിഎം ഇത്തവണ രംഗത്തിറക്കിയിരുക്കുന്നത്. യുഡിഎഫ് ആവട്ടെ ഡിസിസി പ്രസിഡന്റ് അഡ്വ. പ്രീവണ്‍ കുമാറിനെ ഇറക്കി കാടിളക്കിയുള്ള മത്സരത്തിലാണ്. ശരിക്കും ഫോട്ടോ ഫിനീഷ് എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമാണ് കൊയിലാണ്ടിയില്‍ നടക്കുന്നത്.

സിപിഐയുടെ കുത്തക മണ്ഡലമായ നാദാപുരത്തും ഇക്കുറി ഇടതുമുന്നണി വിയര്‍ക്കയാണ്. 2011 ഇ കെ വിജയന്‍ 7,546 വോട്ടിന് ജയിച്ച മണ്ഡലത്തില്‍, കഴിഞ്ഞ രണ്ടുതവണയായി ഭൂരിപക്ഷം കുറയുകയാണ്. 2016-ല്‍ 4759 വോട്ടിനും, 2021-ല്‍ 4035 വോട്ടിനും കടന്നുകൂടിയാണ് ഇ കെ വിജയന്‍ ഹാട്രിക്ക് തികച്ചത്. ഇത്തവണ അഡ്വ. പി. വസന്തത്തെയാണ് സിപിഐ രംഗത്തിറക്കിയത്. യുഡിഎഫിന് യുവ നേതാവ് കെ എം അഭിജിത്താണ് രംഗത്തുള്ളത്. ഒരു യുവനേതാവ് എന്ന നിലയിലുള്ള അഭിജിത്തിന്റെ കാടിളക്കിയുള്ള പ്രചാരണം ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്.

അതുപോലെ സിപിഎമ്മിന്റെ കുത്തക മണ്ഡലമായ ബാലുശ്ശേരിയിലും ഇത്തവണ കടുത്ത മത്സരമാണ്. 2011 ല്‍ പുരുഷന്‍ കടലുണ്ടി 8,882 വോട്ടിന് ജയിച്ച സീറ്റാണിത്. 2016-ല്‍ പുരുഷന്‍ കടലുണ്ടി ഭൂരിപക്ഷം, 15,464 വോട്ടായി ഉയര്‍ത്തി. കഴിഞ്ഞ തവണ യുവനേതാവായ സച്ചിന്‍ ദേവിനെയാണ് സിപിഎം രംഗത്തിറക്കിയത്. 20,372 റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സച്ചിന്‍ ദേവ് ജയിച്ചത്. ഇത്തവണ കഴിഞ്ഞ തവണത്തെ ആനുകൂല്യങ്ങള്‍ ഒന്നും സച്ചിനില്ല. മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ല എന്നതടക്കമുള്ള കടുത്ത വിമര്‍ശനങ്ങളാണ്, സച്ചിന്‍ നേരിടുന്നത്. ഇത്തവണ കെ.എസ്.യു. മുന്‍ ജില്ലാ പ്രസിഡന്റായ വി ടി സൂരജിനെയൊണ് യുഡിഎഫ് രംഗത്തിറക്കുന്നത്.് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളിലൊരാളാണ് സൂരജ്. കഴിഞ്ഞതവണ സച്ചിന് കിട്ടിയ പ്രായത്തിന്റെതടക്കമുള്ള എല്ലാആനുകൂല്യങ്ങളും ഇത്തവണ സൂരജിന് ഒപ്പമാണ്.

ചാഞ്ചാടുന്ന മണ്ഡലമായ കോഴിക്കോട് 2-ല്‍ യുഡിഎഫിന് സാധ്യത കല്‍പ്പിക്കുമ്പോള്‍. തങ്ങളുടെ കോട്ടയായ പേരാമ്പ്ര സിപിഎം നിലനിര്‍ത്തനാണ് സാധ്യത. ലീഗിന്റെ കോട്ടയായ കൊടുവള്ളി ഇത്തവണയും യുഡിഎഫിന് ഒപ്പമുണ്ടാവും. എന്നാല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന് നിര്‍ണ്ണായക സ്വാധീനമുള്ളള തിരുവമ്പാടിയില്‍ എല്‍ഡിഎഫിനു തന്നെയാണ് സാധ്യകള്‍ കല്‍പ്പിക്കുന്നത്.