- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഭാരത പുത്രനെ വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില് എത്തിച്ചപ്പോള്‍ എങ്ങും വിലാപം; അച്ഛന്റെ ചേതനയറ്റ മൃതദേഹം മകള്‍ ഏറ്റുവാങ്ങുന്ന ഹൃദയഭേദകമായ കാഴ്ച; കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഉറ്റവര്‍; വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രാജ്യത്തിന്റെ അവസാന സല്യൂട്ട് നേടുമ്പോള്‍
ഡൽഹി: തേജസ് യുദ്ധവിമാന ദുരന്തത്തിൽ വീരമൃത്യുവരിച്ച വിംഗ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം പൂർണ്ണ സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലെ കാംഗ്ഡയിൽ സംസ്കരിച്ചു. രാജ്യത്തിന്റെ സല്യൂട്ട് ഏറ്റുവാങ്ങി സ്യാലിന് യാത്രയയപ്പ് നൽകുമ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള ഉറ്റവർ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
തമിഴ്‌നാട്ടിലെ സൂലൂരിൽ നിന്നാണ് വിംഗ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഉച്ചയോടെ കാംഗ്ഡ വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ വെച്ച് അദ്ദേഹത്തിന്റെ ഭാര്യ, വിംഗ് കമാൻഡർ അഫ്സാൻ, ആറ് വയസ്സുകാരിയായ മകൾ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. വ്യോമസേനയിൽ ഉദ്യോഗസ്ഥയാണ് ഭാര്യ അഫ്സാനും. വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം ഏകദേശം രണ്ട് മണിക്കൂറോളം പൊതുദർശനത്തിനായി വെച്ചു. പിന്നീട്, ജന്മനാടായ കാംഗ്ഡയിലെ പട്യാൽകാഡ് ഗ്രാമത്തിലെ ശ്മശാനത്തിൽ വെച്ച് പൂർണ്ണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
തേജസ് യുദ്ധവിമാനത്തിന്റെ അപകട കാരണങ്ങളെക്കുറിച്ച് വ്യോമസേനയുടെ അന്വേഷണം പുരോഗമിക്കുകയാണ്. പൈലറ്റിന്റെ ആരോഗ്യം മുതൽ വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാറുകൾ വരെയുള്ള എല്ലാ ഘടകങ്ങളെക്കുറിച്ചും വിശദമായി പരിശോധിക്കുന്നുണ്ട്.
തകർന്ന് വീണ വിമാനത്തിന് വെറും 9 വർഷം മാത്രമാണ് പഴക്കമുള്ളത്. അതിനാൽ യന്ത്രത്തകരാറുകൾ അപകടത്തിന് കാരണമായോ എന്ന് തീർച്ചയായും പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം രാജസ്ഥാനിലെ ജയ്സാൽമീറിൽ തകർന്ന് വീണ മറ്റൊരു തേജസ് വിമാനത്തിന്റെ അപകട കാരണം ഓയിൽ പമ്പിലെ തകരാർ മൂലം എഞ്ചിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചതായിരുന്നു. ഈ സാധ്യതകൾ നിലനിൽക്കുന്നതിനാൽ സാങ്കേതിക പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയുള്ള അന്വേഷണമാണ് നടക്കുന്നത്.
അതേസമയം, വിമാനത്തിൽ പക്ഷി ഇടിച്ചുണ്ടായ തകരാറുകൾ കാരണം അപകടം സംഭവിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് വ്യോമസേന വിലയിരുത്തുന്നത്.
കൂടാതെ, ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷമാണ് പൈലറ്റ് വിമാനം പറത്തിയതെങ്കിലും, വിമാന അഭ്യാസ പ്രകടനങ്ങൾക്കിടെ പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും അതിലൂടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തോ എന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, തേജസ് വിമാനങ്ങൾ താൽക്കാലികമായി നിലത്തിറക്കും എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഈ പ്രചാരണങ്ങളെ വ്യോമസേന വൃത്തങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. അപകടത്തിന്റെ യഥാർത്ഥ കാരണം എത്രയും വേഗം കണ്ടെത്താൻ തീവ്രമായ ശ്രമമാണ് വ്യോമസേന നടത്തുന്നത്. രാജ്യസേവനത്തിനിടെ ജീവൻ ബലിയർപ്പിച്ച വിംഗ് കമാൻഡർ നമാംശ് സ്യാലിന് രാജ്യം അർഹിക്കുന്ന എല്ലാ ബഹുമതികളോടും കൂടിയാണ് അന്ത്യവിശ്രമം നൽകിയത്.




