- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ കാലാവധി ക്രമീകരിക്കാന്‍ 'അപ്പോയിന്റഡ് ഡേറ്റ്' നിശ്ചയിക്കും; ഈ തീയതിക്ക് ശേഷം നിലവില്‍ വരുന്ന എല്ലാ സഭകളും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിരിച്ചുവിടപ്പെടും; കേരളത്തില്‍ ഇത്തവണ ആര് ജയിച്ചാലും കാലാവധി 3 വര്‍ഷം മാത്രം? 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വരുന്നു; 2029-ല്‍ രാജ്യം പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോഴും രാഷ്ട്രീയ കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തി പുതിയ റിപ്പോര്‍ട്ടുകള്‍. ഇത്തവണ അധികാരത്തില്‍ വരുന്ന സര്‍ക്കാരിന് അഞ്ച് വര്‍ഷം തികച്ച് ഭരിക്കാന്‍ കഴിയില്ലെന്നും, 2029-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളവും വീണ്ടും പോളിംഗ് ബൂത്തിലേക്ക് നീങ്ങേണ്ടി വരുമെന്നുമാണ് സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാന നിയമസഭകളുടെ കാലാവധി പുനര്‍നിശ്ചയിക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.
മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരം, 2029-ല്‍ രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി ഭരണഘടനയുടെ 83, 172 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള 'ഭരണഘടനാ (129ാം ഭേദഗതി) ബില്‍' ഇതിനകം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നിയമം നടപ്പിലായാല്‍, 2026 മെയ് മാസത്തില്‍ അധികാരമേല്‍ക്കുന്ന കേരള സര്‍ക്കാരിന്റെ കാലാവധി 2029 മെയ് മാസത്തില്‍ അവസാനിക്കും. അതായത്, അഞ്ച് വര്‍ഷത്തിന് പകരം വെറും മൂന്ന് വര്‍ഷം മാത്രമേ സഭയ്ക്ക് ആയുസ്സുണ്ടാകൂ.
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വന്നിട്ടുള്ള ഈ റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ കാലാവധി ക്രമീകരിക്കാന്‍ 'അപ്പോയിന്റഡ് ഡേറ്റ്' നിശ്ചയിക്കും. ഈ തീയതിക്ക് ശേഷം നിലവില്‍ വരുന്ന എല്ലാ സഭകളും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിരിച്ചുവിടപ്പെടും. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.
ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാനും ഭരണച്ചെലവ് കുറയ്ക്കാനുമാണ് ഈ പരിഷ്‌കരണമെന്നാണ് കേന്ദ്ര നിലപാട്. എന്നാല്‍, ജനവിധി അഞ്ച് വര്‍ഷത്തേക്കാണെന്നിരിക്കെ, അത് മൂന്ന് വര്‍ഷമായി ചുരുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന വാദവും ശക്തമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് കയറുന്ന മുന്നണിക്ക് തങ്ങളുടെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വെറും മൂന്ന് വര്‍ഷം മാത്രമേ ലഭിക്കൂ എന്നത് ഭരണപരമായ വലിയ വെല്ലുവിളിയാകും.
2026 ഏപ്രിലില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ ഭാവി ഈ നിയമഭേദഗതിയെ ആശ്രയിച്ചിരിക്കും. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തത കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


