തിരുവനന്തപുരം: പാതിവില തട്ടിപ്പില്‍, മുഖ്യപ്രതി അനന്തുകൃഷ്ണന്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളെയും പണം നല്‍കി സന്തോഷിപ്പിച്ചതായി വിവരം. ഇക്കാര്യം അനന്തുവിന്റെ അഭിഭാഷകയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ.ലാലി വിന്‍സന്റ് ശരിവച്ചു. അനന്തുകൃഷ്ണന് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും ബന്ധമുണ്ട്. സിപിഎമ്മിലെ നേതാക്കള്‍ക്കും അനന്തു പണം നല്‍കിയിട്ടുണ്ടെന്ന് ലാലി പറഞ്ഞു. അനന്തു നവകേരള സദസിനും പണം നല്‍കി. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ അനന്തുവിനെ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം സഹായിച്ചുവെന്നാണ് ലാലി വിന്‍സന്റിന്റെ ആരോപണം

നവകേരള സദസിന് പണം നല്‍കി

'അനന്തു നവകേരള സദസിന് പണം നല്‍കിയതായി അക്കൗണ്ടിലും കാണാം. അനന്തു അത് പൊലീസിനോടും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് പ്രശ്നത്തില്‍ ഇടപെടാന്‍ അപ്പോയ്മെന്റ് എടുത്തു കൊടുത്തത്. കെ എം എബ്രഹാമിന്റെ ബന്ധുവാണ് കോഴിക്കോട് സ്വദേശി ബേബി. ബേബി നാഷണല്‍ എന്‍ജിഒ കോണ്‍ഫഡറേഷന്റെ ട്രസ്റ്റിന്റെ ഭാഗമാണ്. ഇവരുടെയെല്ലാം അക്കൗണ്ടിലേക്ക് കോടികള്‍ പോയിട്ടുണ്ട്. നവകേരള സദസിന് വേണ്ടി പ്രിന്റഡ് ഷോപ്പിന്റെ ഉടമയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം രൂപയിട്ടു എന്നും എന്നോട് പറഞ്ഞിട്ടുണ്ട്', ലാലി പറഞ്ഞു.

'ആനന്ദകുമാറിന്റെ അക്കൗണ്ട് വഴി പണം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ആനന്ദകുമാര്‍ ഓരോ വാഹനം വാങ്ങാനും ഫെസിലിറ്റേഷന്‍ ഫീസ് എന്ന പേരില്‍ 2000 മുതല്‍ 5000 രൂപവരെ ഓരോ വണ്ടിയുടേയുമെന്ന കണക്കില്‍ ആനന്ദകുമാറിന്റെ സത്യസായി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് അനന്തു പറഞ്ഞിരുന്നു. നിയമപരമായ കരാറില്ലാതെ ആര്‍ക്കും ഒരുരൂപപോലും കൊടുത്തുപോകരുത്, നാട്ടുകാരുടെ പണമാണ്, കണക്കുപറയേണ്ടിവരുമെന്ന്, അങ്ങനെ വേണമെങ്കില്‍ സത്യസായി ട്രസ്റ്റുമായി ധാരണയുണ്ടാക്കണമെന്ന് അനന്തുവിനോട് ഞാന്‍ പറഞ്ഞിരുന്നു. അനന്തു അത് ചെയ്തില്ല. ആനന്ദകുമാര്‍ അനന്തുവില്‍ നിന്ന് രണ്ടുകോടിയോളം വാങ്ങിയെന്ന് അക്കൗണ്ടന്റെ് കണ്ടെത്തിയിട്ടുണ്ട്.

ടെക്നോപാര്‍ക്കിലെ പ്രോജക്ട് അനന്തു തയ്യാറാക്കിയതാണ്. ആനന്ദകുമാറിന്റെ കൂടെ ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ പ്രതിനിധികളേയും കാണാനും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോയതും അനന്തുവാണ്. ആനന്ദകുമാര്‍ രക്ഷപ്പെടാന്‍ പാടില്ല. ആനന്ദകുമാറിന്റെ ഭാഗത്ത് തെറ്റുകളുണ്ട്. അയാള്‍ ഇപ്പോഴും ട്രസ്റ്റിന്റെ ചെയര്‍പേഴ്സണാണ്.

ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. അബ്രഹാമിന്റെ ബന്ധു ബേബിയുടെ സംഘടനയ്ക്ക് കോടികളുടെ ബിസിനസാണ് ലഭിച്ചത്. കൊച്ചനിയന്‍ എന്ന് പേരുള്ള ജോണ്‍ മാര്‍ക്സിസ്റ്റുകാരന്‍ ഇവരുടെ ട്രസ്റ്റിലെ അംഗമാണ്. എസ്.സി/ എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥനായ ജയന്‍, മറ്റൊരു പ്രസാദ് എന്നിവരടക്കം ഒരുപാട് പേരുകള്‍ ഇതിലുണ്ട്.

ഒക്ടോബര്‍ മൂന്നിനാണ് മൂവാറ്റുപുഴ സി.ഐ. അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. അഞ്ചിന് അനന്തുവിന് വേണ്ടി സംസാരിക്കാന്‍ ഞാന്‍ പോയി. അവിടുത്തെ എസ്.ഐയാണ് ആദ്യമായി അനന്തുവിന്റെ അക്കൗണ്ടിലെ ക്രമക്കേടുകളെക്കുറിച്ച് എന്നോട് പറയുന്നത്. അത് കഴിഞ്ഞ് അനന്തുവിനോട് സംസാരിച്ചപ്പോഴും എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളോട് സംസാരിക്കട്ടെയെന്നാണ് പറഞ്ഞത്. എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളായ ബീനാ സെബാസ്റ്റ്യനും അനന്തുവും ജോണും ബേബിയും കൂടെ തിരുവനന്തപുരത്ത് പോയി. എബ്രഹാമിനെക്കൊണ്ട് ഡി.ഐ.ജി. ഓഫീസില്‍ വിളിപ്പിച്ചാണ് അപ്പോയിന്റ്മെന്റ് എടുത്തത്. എന്നിട്ടാണ് ഡി.ഐ.ജി. നേരില്‍ പോയി കണ്ടത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെ എല്ലാവരും ഓരോ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി.'-ലാലി വിന്‍സെന്റ് പറഞ്ഞു.

സിപിഎമ്മും പണം കൈപ്പറ്റി

പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനില്‍ നിന്നും സിപിഎം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രണ്ടരലക്ഷം രൂപ സിപിഎം അക്കൗണ്ടിലേക്ക് അനന്തു കൃഷ്ണന്‍ നല്‍കിയത്. മൂലമറ്റം ഏരിയാ കമ്മിറ്റിക്ക് വേണ്ടിയാണ് പണം നല്‍കിയതെന്നും സി വി വര്‍ഗീസ് വെളിപ്പെടുത്തി. അനന്തു കൃഷ്ണന്റെ ഒരു പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ഭയമില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു.

'എനിക്ക് സ്വകാര്യ അക്കൗണ്ട് ഇല്ല. പ്രാദേശിക പാര്‍ട്ടി ഘടകങ്ങളെ സഹായിക്കാന്‍ പലപ്പോഴും പലയാളുകളോടും പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂലമറ്റം ഏരിയാ കമ്മിറ്റി പറഞ്ഞതുനസരിച്ച് ഇയാളുമായി സംസാരിച്ചിട്ടുണ്ട്. ഏപ്രില്‍ മാസം 14-ാം തീയതി രണ്ടരലക്ഷം രൂപ സിപിഎമ്മിന്റെ അക്കൗണ്ടിലേക്ക് മൂലമറ്റം ഏരിയാ കമ്മിറ്റിയുടെ ഭാഗമായി വന്നിട്ടുണ്ട്. ആ പണത്തിന്റെ സ്രോതസ് എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അനന്തു കൃഷ്ണന്‍ എന്നാണ് പറഞ്ഞത്. അതാണ് സിപിഎമ്മിന് ഇയാളുമായിട്ടുള്ള ബന്ധം', സി വി വര്‍ഗീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ഭയമില്ലെന്നും സി വി വര്‍ഗീസ് വിശദീകരിച്ചു.

ആനന്ദകുമാര്‍ മുങ്ങി?

കേസില്‍ ഉള്‍പ്പെട്ട കെ.എന്‍.ആനന്ദകുമാര്‍ മുങ്ങിയതായും സൂചനയുണ്ട്. സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദകുമാര്‍. ഇയാളുടെ ശാസ്തമംഗലത്തെ വീട് പൂട്ടിയിട്ട നിലയിലാണ്. മൊബൈല്‍ഫോണില്‍ വിളിച്ചാലും പ്രതികരണമില്ല. നേരത്തെ പാതിവില തട്ടിപ്പില്‍ കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദകുമാറിനെ പോലീസ് പ്രതിചേര്‍ത്തിരുന്നു. മൂവാറ്റുപുഴയിലെ കേസിലും ആനന്ദകുമാര്‍ മുഖ്യപ്രതിയാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

ആനന്ദകുമാര്‍ ചെയര്‍മാനായിരുന്ന എന്‍.ജി.ഒ. കോണ്‍ഫെഡറേഷനാണ് അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിന്റെ ചുമതല ഏല്‍പ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ആനന്ദകുമാറിന് മാസംതോറും പത്തുലക്ഷം രൂപ നല്‍കിയിരുന്നതായി അനന്തുകൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.