കോഴിക്കോട്: പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് സീഡ് സൊസൈറ്റി നടത്തിയ തട്ടിപ്പ് കേസിലെ പ്രതി തൊടുുപുഴ സ്വദേശി അനന്തുകൃഷ്ണനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റ്. സീഡ് സൊസൈറ്റി നിയമ ഉപദേഷ്ടാവായ ലാലി വിന്‍സന്റ് കേസില്‍ ഏഴാം പ്രതിയാണ്. അനന്തു തനിക്ക് മകനെ പോലെയാണെന്നും അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ കുട്ടിയെ ബലിയാടാക്കിയതാണെന്നും കേസിന് പിന്നില്‍ ദുഷ്ടബുദ്ധികളും രാഷ്ട്രീയ പകപോക്കലാണെന്നും അവര്‍ ആരോപിച്ചു.

'വക്കീല്‍ എന്ന നിലയില്‍ ഞാന്‍ കരാറുകള്‍ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തിട്ടുണ്ട്. വലിയ വലിയ കമ്പനികളുമായി ചര്‍ച്ച നടത്തുമ്പോള്‍ ലീഗല്‍ അഡൈ്വസര്‍ എന്ന നിലയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അനന്തു തയാറാക്കിയ എഗ്രിമെന്റുകള്‍ പലതും ഞാന്‍ ഡ്രാഫ്റ്റ് ചെയ്തതാണ്. അതിന് എനിക്ക് വക്കീല്‍ ഫീസ് തന്നിട്ടുണ്ട്. സത്യത്തില്‍ എന്തിനാണ് എന്നെ പ്രതിയാക്കിയതെന്ന് അറിയില്ല. രാഷ്ട്രീയ പ്രതികാരം ആയിരിക്കാം. അല്ലെങ്കില്‍ അനന്തുവുമായി സംസാരിച്ച് ഞാന്‍ അനന്തുവിനെ രക്ഷിച്ചേക്കാം എന്നത് കൊണ്ടാകാം. എന്തായാലും ഇതിന് പിന്നില്‍ പ്രബലരായ ദുഷ്ടബുദ്ധികള്‍ ഉണ്ട്' -ലാലി പറഞ്ഞു. സി.എസ്.ആര്‍ ഫണ്ട് കൊടുക്കും എന്ന് പറഞ്ഞവര്‍ പിന്‍മാറിയതാണ് പ്രശ്‌നത്തിന് കാരണമെന്നും അവര്‍ പറഞ്ഞു. 18,000 ബൈക്കും 35000 ലാപ്‌ടോപ്പും ഏഴരക്കോടിക്ക് ഭക്ഷ്യകിറ്റും കൊടുത്തതായും ലാലി പറഞ്ഞു.

കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. എന്‍.ജി.ഒകളുടെ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്. പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണനെതിരെ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണുള്ളത്. കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്. അനന്തു കൃഷ്ണനെതിരെ പരാതികളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. പകുതി വിലയ്ക്ക് ലാപ്ടോപ്പ്, തയ്യല്‍ മെഷീന്‍ തുടങ്ങിയവയും പ്രതി വാഗ്ദാനം ചെയ്തിരുന്നു. പണംതിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷ്ണനും ജെ പ്രമീളാ ദേവിയും സംശയ നിഴലിലാണ്. ഇവര്‍ക്കെതിരേയും ആരോപണമുണ്ട്. എന്നാല്‍ സീഡ് സൊസൈറ്റിയുമായി നേരിട്ട് ബന്ധമില്ലാത്തതു കൊണ്ടാണ് പോലീസ് ഇവരെ പ്രതിയാക്കാത്തത്

സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലാണ് സൊസൈറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ലീഗല്‍ അഡൈ്വസറാണ് ലാലി വിന്‍സന്റ. എല്ലാ ബ്ലോക്ക് തലത്തിലുമാണ് സൊസൈറ്റികള്‍ രൂപീകരിച്ചത്. പ്രാദേശിക തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയായിരുന്നു പണ സമാഹരണം. വുമണ്‍ ഓണ്‍ വീല്‍സ് എന്നു പേരിട്ട പദ്ധതിയില്‍ ചേര്‍ന്ന് നിരവധി പേരാണ് വഞ്ചിതരായത്. പകുതി പണം അടച്ചാല്‍ 45 ദിവസത്തിനകം വാഹനം കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകള്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് പരാതികള്‍ ലഭിച്ചത്.

ഇതില്‍ ആദ്യം ചിലര്‍ക്ക് ഉല്‍പന്നങ്ങള്‍ ലഭിച്ചിരുന്നു. ഈ വിശ്വാസം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പ്രതി അനന്തുകൃഷ്ണന്‍ 350 കോടി രൂപയിലേറെ സമാഹരിച്ചതായാണ് കണ്ടെത്തല്‍. ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം ഇയാള്‍ 15 കോടി രൂപയാണ് തട്ടിച്ചത്. തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി, കര്‍ണാടകം എന്നിവടങ്ങളില്‍ സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തി. സംസ്ഥാനത്തുടനീളം വിപുലമായ മേളകള്‍ സംഘടിപ്പിച്ചായിരുന്നു ഇയാള്‍ വിശ്വാസ്യത നേടിയെടുത്തത്.

പണം നഷ്ടപ്പെട്ടവരില്‍ ബിജെപി സംസ്ഥാന സമിതിയംഗവും

സാമ്പത്തികത്തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരില്‍ ബി.ജെ.പി. സംസ്ഥാന സമിതിയംഗം ഗീതാ കുമാരിയും ഉള്‍പ്പെടുന്നു. തന്റെ പക്കല്‍നിന്നും നിന്നും അനന്തു കൃഷ്ണന്‍ 25 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് ഗീതാകുമാരി പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗമായിരുന്ന പ്രമീളാ ദേവി വഴിയാണ് അനന്തു കൃഷ്ണനെ പരിചയപ്പെട്ടതെന്നും ഗീതാ കുമാരി വ്യക്തമാക്കി.

സ്വര്‍ണം പണയം വെച്ചും പലരില്‍ നിന്നായി കടം വാങ്ങിയും ഇന്‍ഷുറന്‍സില്‍ നിന്നും ലോണ്‍ എടുത്തും ചിട്ടി പിടിച്ചുമാണ് അനന്തു കൃഷ്ണന് 25 ലക്ഷം രൂപ നല്‍കിയതെന്നാണ് ഗീതാ കുമാരി പറയുന്നത്. എന്നാല്‍, നല്‍കിയ പണം തിരികെ കിട്ടാതെ വന്നതോടെയാണ് കേസ് കൊടുത്തതെന്നും അവര്‍ പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കേസിനായി ഇതുവരെ അനന്തു കൃഷ്ണന്‍ കോടതിയില്‍ വന്നിട്ടില്ലെന്നും ഗീതാ കുമാരി വെളിപ്പെടുത്തി.

അനന്തു കൃഷ്ണനൊപ്പം യാത്ര ചെയ്യുമ്പോള്‍ ചെക്ക് ബുക്കും മറ്റ് രേഖകളും തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും അതില്‍ നിന്നും ചെക്ക് കൈവശപ്പെടുത്തിയാണ് കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് അനന്തുവിന്റെ അഭിഭാഷകയായ ലാലി വിന്‍സെന്റ് കോടതിയില്‍ വിസ്തരിച്ചപ്പോള്‍ പറഞ്ഞതെന്നും ഗീതാ കുമാരി പറഞ്ഞു. ഈ തട്ടിപ്പ് സംബന്ധിച്ച സത്യാവസ്ഥകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണാണ് ബി.ജെ.പി. നേതാവ് പറയുന്നത്.

അതേസമയം, ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സി.എസ്.ആര്‍. തട്ടിപ്പല്ല, മറിച്ച് അതിനുമുമ്പ് ഉണ്ടായ ഒരു തട്ടിപ്പാണ് ബി.ജെ.പി. നേതാവിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്. ഒരു എസ്റ്റേറ്റും ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ഇടപാടിനായി 25 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന നിര്‍ബന്ധത്തിന്റെ ഭാഗമായാണ് പണമിറക്കിയത്. തന്റെ മകനെ പോലെ കരുതുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് പ്രമീളദേവി അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയതെന്നും കെ.എന്‍. ഗീതാ കുമാരി പറഞ്ഞു.