തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പുരുഷന്‍ ഷര്‍ട്ടഴിക്കണമെന്ന ആചാരം മാറണമെന്ന സ്വാമി സച്ചിതാനന്ദയുടെ അഭിപ്രായത്തെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ യോഗക്ഷേമസഭ രംഗത്ത്. വിഷയത്തില്‍ മുഖ്യമന്ത്രിയെ തള്ളിക്കൊണ്ടാണ് യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി അഭിപ്രായം പറയേണ്ട വിഷയമല്ല ഇതെന്നും ഹൈന്ദവ സമൂഹത്തിന്റെ മേല്‍ കുതിര കയറേണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഷര്‍ട്ടഴിക്കുന്നതിന് പിന്നില്‍ ശാസ്ത്രീയ സത്യമുണ്ട്. ഓരോരോ ക്ഷേത്രത്തിനും അതിന്റേതായ നിയമമുണ്ട്. അവിടെയുള്ള ആചാര്യന്‍മാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് ചര്‍ച്ച നടത്തി നിലപാടെടുക്കേണ്ട വിഷയമാണിത്. ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ടയാളാണ് പന്തളം രാജാവ്. ആ രാജാവ് അവിടെ വിയര്‍ത്തൊലിച്ച് ഇരിക്കുമ്പോള്‍ ഓഫിസര്‍മാര്‍ എ.സി റൂമില്‍ ഇരിക്കുകയാണ്. ആചാരത്തോടുള്ള താല്‍പര്യമാണെങ്കില്‍ ആചാരപരമായ കാര്യങ്ങളിലൊക്കെ ഒരുപാട് വിരോധാഭാസങ്ങള്‍ കാണുന്നുണ്ട്. ഇത് വ്യക്തി താല്‍പര്യമാണ്. അങ്ങിനെയേ മുഖ്യമന്ത്രി പറഞ്ഞതിനെ കാണാനാവൂ. ഹൈന്ദവ സമൂഹത്തിന് മേല്‍ കുതിര കയറേണ്ട വിഷയമല്ല ഇത്. രാഷ്ട്രീയമായി തീരുമാനിക്കേണ്ടതല്ല. ആചാര്യന്‍മാര്‍ ചേര്‍ന്ന് നിലപാടെടുക്കേണ്ടതാണ്' - അക്കീരമണ്‍ കാളിദാസന്‍ പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞതാണ് ഇതിലെ ശരിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്.എന്‍.ഡി.പി യോഗത്തിനുകീഴിലെ ക്ഷേത്രങ്ങളില്‍ ഇനിയും ഷര്‍ട്ട് ഊരുന്ന രീതിയുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളാനായി നാളെ കൊല്ലത്ത് യോഗം ചേര്‍ന്നേക്കും. 92ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനത്തിലാണ് ഉടുപ്പ് മാറ്റണമെന്ന ആചാരം മാറണമെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അഭിപ്രായപ്പെട്ടത്. പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി ഇതിനെ പിന്തുണക്കുകയായിരുന്നു. ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഉടുപ്പ് അഴിച്ചുമാറ്റിയേ കയറാവൂ എന്ന രീതിയും ആചാരവും മാറണമെന്നായിരുന്നു സ്വാമി സച്ചിതാനന്ദ ആവശ്യപ്പെട്ടത്.

സമൂഹത്തിലെ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളില്‍നിന്നും ശ്രീനാരായണീയര്‍ പിന്മാറണം. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഉടുപ്പ് ധരിച്ച് കയറാനുള്ള രീതി നടപ്പാക്കിക്കൊണ്ട് ഈ അനാചാരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തെ പിന്നീട് സംസാരിച്ച മുഖ്യമന്ത്രി പൂര്‍ണമായും പിന്തുണക്കുകയായിരുന്നു.

ആരാധനാലയങ്ങളില്‍ പുരുഷന്‍ ഉടുപ്പ് ഊരിമാറ്റിയേ കടക്കാവൂ എന്ന നിബന്ധന പൊതുവെയുണ്ടെന്നും ഇതിന് കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഗുരുവിന്റെ സദ്പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് സ്വാമി സച്ചിതാനന്ദയുടെ ഇടപെടല്‍. ഇത് പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലാണ്. ഈ വഴിക്ക് വരാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. നമ്മുടെ നാട്ടില്‍ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട്. ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളില്‍ ഉടുപ്പ് നീക്കേണ്ടതില്ലെന്നത് നല്ല തുടക്കമാകും. ഇത് മറ്റ് ആരാധനാലയങ്ങളിലും പിന്തുടരാന്‍ കഴിയുമോയെന്നും ആലോചിക്കണം' -എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

അതിനിടെ, ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ ആരും ശ്രമിക്കേണ്ടെന്ന സംഘ്പരിവാര്‍ നിലപാടിന് സമാന പ്രതികരണമാണ് ഈ വിഷയത്തില്‍ എന്‍.എസ്.എസില്‍നിന്നുണ്ടായത്. ദേവസ്വം ബോര്‍ഡുകളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ കടന്നുകയറാനും മാറ്റം വരുത്താനും ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നെന്ന സംഘ്പരിവാര്‍ ആക്ഷേപങ്ങള്‍ക്ക് സമാന പ്രതികരണമാണ് മന്നം ജയന്തി ദിനത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയത്. ''ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരി കയറുന്നത് ആചാരത്തിന്റെ ഭാഗമാണ്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമാണ്. സര്‍ക്കാറിനോ ഏതെങ്കിലും സംഘടനക്കോ തിരുത്താനാകില്ല. ഈ വ്യാഖ്യാനങ്ങളൊക്കെ ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ. ക്രിസ്ത്യാനികള്‍ക്ക് അവരുടേതായ ആചാരങ്ങളുണ്ട്. മുസ്‌ലിം സമുദായത്തിലുമുണ്ട് ഇത്തരം കാര്യങ്ങള്‍. ഇത്തരം നടപടിക്രമങ്ങളെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ' -അദ്ദേഹം ചോദിച്ചു.

എന്‍.എസ്.എസിന്റെ അധീനതയിലുള്ള പല ക്ഷേത്രങ്ങളിലും ഇപ്പോഴും പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് വര്‍ഷങ്ങളായി ഇത്തരത്തിലുള്ള ആചാരം തുടരുന്നത്. ഈ ആചാരത്തില്‍ മാറ്റം വരുത്താനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നാണ് ഹിന്ദുസംഘടനകളുടെ ആക്ഷേപം. അതിനെ പിന്തുണക്കുന്ന നിലയിലാണ് എന്‍.എസ്.എസിന്റെ പ്രതികരണവും.

ഇടവേളക്ക് പിന്നാലെ ആചാരാനുഷ്ഠാന സ്വാതന്ത്ര്യം ഉയര്‍ത്തി എന്‍.എസ്.എസ് വീണ്ടും രംഗത്തെത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിനെതിരെ നാമജപഘോഷയാത്ര ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ എന്‍.എസ്.എസ് ആചാരാനുഷ്ഠാന സ്വാതന്ത്ര്യത്തിനായി ഇനിയും രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കുന്നതാണ് സുകുമാരന്‍നായരുടെ വാക്കുകള്‍. ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന് പോരാടിയതുപോലെ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുമെന്ന സൂചനയാണിത്. ശിവഗിരി മഠത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. ഈ വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡുകളുടെ നിലപാടുകളും നിര്‍ണായകമാണ്. അതിനെ അടിസ്ഥാനമാക്കിയാകും ഭാവിയിലെ നീക്കങ്ങള്‍.