- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
എന്തിന് രാജിവെക്കണം എന്ന് ഗണേഷ് കുമാര്‍ ചോദിച്ചതിന് പിന്നാലെ വീണ വിജയനും ആര്. ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്; മാപ്പു പറച്ചിലില്‍ തീരുന്നതാണോ ഈ 'കുടുംബ പ്രശ്നം'? പഴയ സോളാര്‍ കാലം ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷം; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങാനിരിക്കെ എല്‍ഡിഎഫിന് തലവേദന
വീണ വിജയനും ആര്. ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: ഭാര്യ ഉന്നയിച്ച ആരോപണത്തില്‍ രാജിയില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി. ഗുരുതരമായ ഒരു കുറ്റം അറിഞ്ഞിട്ടും അത് മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ പരാതിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ്, ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന തീരൂമാനം എടുത്തത്. ഭാര്യ ബിന്ദു മേനോനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാപ്പു പറഞ്ഞിട്ടും, ഈ വിവാദം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫിന് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് ഗണേഷ് കുമാര്‍ വിഷയങ്ങള്‍ വിശദീകരിക്കുകയായിരുന്നു. രാജിയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'എന്തിന്?' എന്നായിരുന്നു കെ.എസ്.ആര്‍.ടി.സി. ആശുപത്രി ഉദ്ഘാടനത്തിനെത്തിയപ്പോള്‍ മന്ത്രിയുടെ മറുപടി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഡി.ജി.പി.യോട് വിവരങ്ങള്‍ തേടിയിരുന്നു. മന്ത്രിയുടെ വാളകത്തെ വീട്ടില്‍ ശനിയാഴ്ച നടന്ന സംഭവങ്ങളും പോലീസ് ഇടപെടലുകളും ഡി.ജി.പി. മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഭാര്യ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും, കുടുംബ പ്രശ്‌നമായതിനാലാണ് പോലീസ് ഇടപെടാതിരുന്നതെന്നുമാണ് കൊല്ലം റൂറല്‍ എസ്.പി. ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഭാര്യ ബിന്ദു മേനോന്‍ പരാതിയില്‍ നിന്ന് പിന്മാറിയെങ്കിലും, സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് പിന്മാറിയതെന്ന പ്രചാരണം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. സമാനമായ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷിന്റെ രാജിക്കായി സമ്മര്‍ദം ചെലുത്തിയ സി.പി.എം. ഇപ്പോള്‍ മൗനം പാലിക്കുന്നത് പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ഇത് ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത വിഷയമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടയിലും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടാണ് മന്ത്രി ഗണേഷ് കുമാര്‍ പ്രതികരിച്ചത്. താന്‍ രാജിവയ്ക്കുമെന്നുള്ള പ്രതീക്ഷ വേണ്ടെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. 'ഈ മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. ഞാന്‍ രാജി വെക്കുമെന്ന് ആരും കരുതേണ്ട. ഇത് എന്റെ വിടവാങ്ങല്‍ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണം,' ഗണേഷ് കുമാര്‍ പറഞ്ഞു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനായി കരാര്‍ ഒപ്പിട്ടതായും അദ്ദേഹം അറിയിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി, കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയതായി മന്ത്രി എടുത്തുപറഞ്ഞു. രോഗചികിത്സയ്ക്ക് സഹായകരമാകുന്ന പൊതു ഫണ്ട് സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 'ഞാന്‍ രാജിവയ്ക്കും എന്ന് കരുതി എന്റെ പുറകെ ആരും വരണ്ട,' എന്ന പഴയ പ്രസ്താവന ആവര്‍ത്തിച്ച് താന്‍ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
അതേസമയം, വിവാദം ശക്തമായതിന് പിന്നാലെ തന്റെ ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ച് ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന്, വിഷയത്തില്‍ പ്രതികാര നടപടികളോ നിയമപരമായ പരാതിയോ നല്‍കില്ലെന്ന് ബിന്ദു മേനോന്‍ അറിയിച്ചതോടെ, ഈ വ്യക്തിപരമായ പ്രശ്‌നത്തിന് താല്‍ക്കാലിക വിരാമമായി.


