- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കും; വിനോദ സഞ്ചാര മേഖലക്കും പുത്തന്‍ ഉണര്‍വ്വാകും; ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്- മോര്‍ ടണലിന്റെ ഉദ്ഘാടനം ഇന്ന് മോദി നിര്‍വഹിക്കും; മണിക്കൂറുകള്‍ നീണ്ട യാത്രക്ക് പകരം തുരങ്കത്തിലൂടെ ഇനി 15 മിനിറ്റ് യാത്ര മാത്രം മതി
ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കും
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള ഇസഡ്- മോര്‍ ടണലിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുകയാണ്. ലഡാക്ക് മേഖലയിലേക്കുള്ള സൈനിക നീക്കം വേഗത്തിലാക്കാനും വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കാനും ലക്ഷ്യമിട്ടാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശത്ത് തെരഞ്ഞെടുപ്പ് നടന്ന ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗാംഗീറിനും സോനാമാര്‍ഗിനും ഇടയില്‍ നിര്‍മ്മിച്ച 6.5 കിലോമീറ്റര്‍ നീളമുള്ള, രണ്ട് വരി റോഡ് തുരങ്കമാണ് ഇസഡ്-മോര്‍ തുരങ്കം. പ്രധാന തുരങ്കത്തിന് 10.8 മീറ്റര്‍ നീളമുണ്ട്. അതില്‍ 7.5 മീറ്റര്‍ നീളമുള്ള കുതിരലാടത്തിന്റെ ആകൃതിയിലുള്ള എസ്‌കേപ്പ് ടണല്‍ ആണ്. 8.3 മീറ്റര്‍ നീളമുള്ള ഡി ആകൃതിയിലുള്ള വെന്റിലേഷന്‍ ടണല്‍, 110 മീറ്ററും 270 മീറ്ററും നീളമുള്ള പ്രധാന കല്‍വെര്‍ട്ടുകള്‍, 30 മീറ്ററുള്ള ഒരു ചെറിയ കല്‍വെര്‍ട്ട് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ആകൃതി കാരണമാണ് ടണലിന് ഇസഡ്-മോര്‍ എന്ന പേര് ലഭിച്ചത്. ഇസഡ് ആകൃതിയിലാണ് ടണല്‍. ഹിന്ദിയില്‍ തിരിവ് എന്നര്‍ത്ഥത്തിലാണ് മോര്‍ എന്ന പേര് കൂടി ചേര്‍ത്തത്. 2,680 കോടി രൂപയ്ക്കാണ് ടണല്‍ നിര്‍മ്മിച്ചത്. നേരത്തേ ഉപയോഗിച്ചിരുന്ന റോഡ് ഹിമപാതങ്ങള്‍ക്ക് സാധ്യതയുള്ളതായിരുന്നു. എല്ലാ കാലാവസ്ഥയിലും സോനാമാര്‍ഗിലേക്ക് കണക്റ്റിവിറ്റി നല്‍കാന്‍ ഇസഡ്-മോര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുന്‍പത്തെ റോഡിലെ മണിക്കൂറുകള്‍ നീണ്ട യാത്രയെ അപേക്ഷിച്ച് തുരങ്കത്തിലൂടെ സഞ്ചരിക്കാന്‍ ഏകദേശം 15 മിനിറ്റ് മാത്രം മതി. സോജി-ലാ ടണലിന് സമീപമാണിത്. ശ്രീനഗര്‍-ലേ ഹൈവേയിലെ ഈ ടണല്‍ കാര്‍ഗില്‍, ലഡാക്ക് മേഖലയിലെ മറ്റ് സ്ഥലങ്ങള്‍ എന്നിവയിലേക്ക് വര്‍ഷം മുഴുവനും കണക്ടിവിറ്റി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലഡാക്കിലേക്കുള്ള ചരക്കുകളുടെയും പ്രതിരോധ ലോജിസ്റ്റിക്‌സിന്റെയും നീക്കത്തിന് സോജില ടണല്‍ പ്രദേശം പ്രധാനമാണ്.
ശക്തമായ മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് ലഡാക്ക് അപ്രാപ്യമാണ്. സോജില പാസ് അടക്കുന്നതിനും കാരണമാകാറുണ്ട്. തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്നതിലൂടെ ഇസഡ്-മോര്‍ ടണല്‍ പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സോജില ടണലുമായി ഇസഡ്- മോര്‍ ബന്ധിപ്പിക്കും. സോജില ചുരം മുറിച്ചുകടന്ന് ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ എത്താനാണ് സോജില ടണല്‍. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമാണ് സോജില തുരങ്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹിമപാതം കാരണം ശൈത്യകാലത്ത് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് സോനാമാര്‍ഗ്. പ്രതികൂല കാലാവസ്ഥയിലും സോനാമാര്‍ഗിലേക്ക് ഗതാഗതമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചൈനയുടേയും പാകിസ്താന്റെയും ഭീഷണി നേരിടുന്ന തന്ത്രപരമായി പ്രാധാന്യമുള്ള ലഡാക്കില്‍ എല്ലാ കാലാവസ്ഥയിലും ഇന്ത്യന്‍ സൈന്യത്തിന് കണക്റ്റിവിറ്റി നിലനിര്‍ത്താനുള്ള നിര്‍ണായക പദ്ധതിയാണിത്. ചൈനയുടെ ഭാഗത്ത് നിന്നും അപ്രതീക്ഷിത നീക്കമുണ്ടായാല്‍ സൈന്യത്തിന് ഇസഡ്-മോര്‍ ടണല്‍ വഴി വളരെ വേഗത്തില്‍ എത്താനാകും.
അതിനാല്‍ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ് ഈ തുരങ്കം. ഗഗന്‍ഗീറിനും മദ്ധ്യ കശ്മീരിലെ സോനാമാര്‍ഗിനും ഇടയില്‍ നിര്‍മിച്ച തുരങ്കത്തിന് 12 കിലോമീറ്ററാണ് ദൈര്‍ഘ്യം. സമുദ്രനിരപ്പില്‍ നിന്ന് 8,650 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തുരങ്ക റോഡിന്റെ നിര്‍മാണത്തിനായി 2,680 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിച്ചത്. 2020 ജൂലൈയിലാണ് പദ്ധതി ആരംഭിച്ചത്.