ധാക്ക: ബംഗ്ലാദേശില്‍ ഭൂചലനം. വെള്ളി പകലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലാദേശിലെ നര്‍സിംഗ്ഡിയിലും ധാക്കയിലുമുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് വെസ്റ്റ് ബംഗാളിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രകമ്പനമുണ്ടായി.

നര്‍സിംഗ്ഡിയില്‍ നിന്ന് 13 കിലോമീറ്റര്‍ തെക്ക്-തെക്ക് പടിഞ്ഞാറ് മാറി രാവിലെ 10.08 ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പം ഏതാനും മിനിറ്റുകളോളം നീണ്ടുനിന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭൂകമ്പമുണ്ടായതോടെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടി. പശ്ചിമ ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, കൊല്‍ക്കത്ത, അസമിലെ ഗുവാഹത്തി എന്നിവിടങ്ങളിലുള്‍പ്പെടെ നിരവധിപേര്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.