ര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കി ഭാര്യ. ജോര്‍ജിയയിലെ ഒരു കോടതിമുറിയില്‍ നടന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. റെജീന ജോണ്‍സണ്‍ എന്ന യുവതിയാണ് തന്റെ ഭര്‍ത്താവായ ചക് ജോണ്‍സണ്‍ന്റെ മരണത്തിന് കാരണക്കാരനായ ജോസഫ് ടില്‍മാന്‍ എന്ന യുവാവിന് മാപ്പ് നല്‍കിയത്. ഓഗസ്റ്റ് ഏഴിനാണ് ഹൃദയസ്പര്‍ശിയായ ഈ സംഭവമുണ്ടായത്.

പ്രതിക്ക് മാപ്പു നല്‍കിയ യുവതി കരഞ്ഞു കൊണ്ട് നിന്ന പ്രതിയുടെ അടുത്തെത്തി ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ടില്‍മാനെ 20 വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. ശിക്ഷാവിധി കേള്‍ക്കുന്നതിനിടെ ടില്‍മാന്‍ കരയുന്നത് കാണാമായിരുന്നു. റെജീന അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു, 'ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു, ദൈവം നിങ്ങളെ സ്നേഹിക്കുന്നു.' മറുപടിയായി ടില്‍മാന്‍ 'എനിക്ക് വളരെ വിഷമമുണ്ട്. എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞു. ഇതോടെ കോടതിയും വികാര ഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി.

കേസ് പരിഗണിച്ച ജഡ്ജി ടോണി ബേക്കറും ഇത് കണ്ട് അമ്പരന്നു. ഇത് വളരെ അപൂര്‍വമായ സംഭവമാണെന്നും ഒരാളെ കൊലപ്പെടുത്തിയ പ്രതിയെ ഇരയുടെ ഭാര്യ ആലിംഗനം ചെയ്യുന്നത് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ടോണി ബേക്കര്‍ വ്യക്തമാക്കി. 2024 മാര്‍ച്ചിലാണ് ചക് ജോണ്‍സണ്‍ കൊല്ലപ്പെട്ടത്. നൈട്രസ് ഓക്സൈഡിന്റെ ലഹരിയിലായിരുന്ന ടില്‍മാന്‍ ഇലക്ട്രിക് ബൈക്ക് ഓടിക്കുകയായിരുന്ന അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ടില്‍മാന്‍ രണ്ട് വര്‍ഷത്തെ ഇന്‍പേഷ്യന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള വ്യവസ്ഥ ശിക്ഷാവിധിയിലുണ്ട്.