വാഷിങ്ടണ്‍: യുഎസില്‍ സ്‌ഫോടകവസ്തുനിര്‍മാണ പ്ലാന്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ട്. ടെന്നസിയിലെ ഹിക്ക്മാന്‍ കൗണ്ടിയിലെ അക്യുറേറ്റ് എനര്‍ജറ്റിക് സിസ്റ്റത്തിലാണ് സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

പ്‌ളാന്റിന് സമീപപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിവാക്കി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്‌ഫോടനസ്ഥലത്ത് തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും കത്തിനശിച്ചതും തകര്‍ന്നതുമായ വാഹനങ്ങളും ചിതറിക്കിടക്കുന്നതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ''

അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്‌ളാന്റ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സിനും യുഎസ് വ്യാവസായിക വിപണികള്‍ക്കുംവേണ്ട വിവിധ സ്‌ഫോടകവസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും നിര്‍മിക്കുന്ന സ്ഥാപനമാണിത്.