- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറമടയ്ക്ക് സമീപം സ്ഥലംവാങ്ങി അപൂർവ ഇനം ചെടികളുമായി കൃഷി തുടങ്ങിയപ്പോൾ പാറമട ലോബിയുടെ കണ്ണിലെ കരടായി; അയൽക്കാരി സ്ത്രീയെ മുൻ നിർത്തി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു; പൊലീസിൽ പരാതി നൽകിയപ്പോൾ ക്വാറി ഉടമയ്ക്ക് പിന്തുണയുമായി സിപിഎമ്മും; മണ്ണടി കന്നിമലയിൽ കൃഷിത്തോട്ടം ഒരുക്കിയ പ്രവാസി ആത്മഹത്യയുടെ വക്കിൽ
പത്തനംതിട്ട: വിദേശത്ത് ചോര നീരാക്കി 20 വർഷത്തെ കഠിനാധ്വാനം. പ്രവാസ ജീവിതത്തിൽ കണ്ട വരണ്ട ഭൂമി മനസിൽ വച്ച് നാട്ടിൽ പച്ചപ്പൊരുക്കാൻ ലക്ഷ്യമിട്ട് സമ്പാദിച്ചതൊക്കെ സ്വരുക്കൂട്ടി വച്ച് രണ്ടര ഏക്കർ വാങ്ങി കൃഷിത്തോട്ടം ഒരുക്കിയപ്പോൾ സമീപത്തെ ക്വാറി മുതലാളിയുടെ ഭീഷണി. അടുത്തുള്ള വസ്തു ഉടമയായ സ്ത്രീയെ മുൻനിർത്തി ക്വാറി ഉടമ തോട്ടത്തിലെ വിളകൾ വെട്ടിനശിപ്പിച്ചു. പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ ക്വാറി ഉടമയ്ക്ക് പിന്തുണയുമായി സിപിഎം നേതാക്കളും രംഗത്ത്.
കടമ്പനാട് പഞ്ചായത്ത് മണ്ണടി കന്നിമലയിൽ രണ്ടര ഏക്കറിൽ അപൂർവവും അന്യം നിന്നതുമായ ഇനത്തിൽപ്പെട്ട വിളകൾ നട്ട് തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ശ്രമിച്ച ഏറത്ത് കുളക്കട സ്വദേശി ഗിരീഷ് കൃഷ്ണന്റെ പ്രതീക്ഷകളാണ് ക്വാറി മാഫിയ അരിഞ്ഞു വീഴ്ത്തിയത്. കൃഷിക്കും കർഷകർക്കും വേണ്ടി വാദിക്കുന്ന സിപിഎമ്മുകാർ തനിക്കൊപ്പം നിൽക്കുമെന്ന് കരുതിയിരുന്ന ഗിരീഷിന് തെറ്റി. ക്വാറി മാഫിയയ്ക്കൊപ്പം ചേർന്ന് കേസ് അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇനി തന്റെ മുന്നിൽ ആത്മഹത്യ മാത്രമാണെന്ന് കണ്ണുനീരോട് ഗിരീഷ് പറയുന്നു.
കടമ്പനാട് പഞ്ചായത്തിലെ കന്നിമലയിൽ വിവാദമായ ക്വാറി പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവാസി കർഷകന്റെ രണ്ടേക്കർ വരുന്ന ഭൂമിയിലെ കാർഷിക വിളകളും ഫലവൃക്ഷങ്ങളും വെട്ടി നശിപ്പിച്ചത്. ഇതിനോട് ചേർന്ന വസ്തുവന്റെ ഉടമയായ സ്ത്രീയെ മുൻനിർത്തിയായിരുന്നു ക്വാറി മാഫിയയുടെ ഇടപെടൽ. പൊലീസിൽ പരാതി ചെന്നതോടെ അവിടെ എത്തിയ ആ സ്ത്രീ താൻ ഒരു വാഴ മാത്രമാണ് വെട്ടിയതെന്നും ക്വാറി ഉടമയായ അനിരുദ്ധ പണിക്കർ ഗുണ്ടകളെ ഇറക്കി വെട്ടിച്ചതാണ് ബാക്കിയെല്ലാമെന്നുമുള്ള സത്യം വിളിച്ചു പറഞ്ഞു. ഇതിനിടെ പ്രവാസിയെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നു.
പ്രവാസിയും കാർഷിക വൃത്തി ജീവിത ഉപാധിയായി സ്വീകരിക്കുകയും ചെയ്തഗിരീഷ് കൃഷ്ണൻ 20 വർഷമായി വിദേശത്ത് ജോലി ചെയ്ത സമ്പാദ്യം ഉപയോഗിച്ചാണ് കടമ്പനാട് കന്നിമലയിൽ രണ്ടേക്കർ റബർതോട്ടം നാല് വ്യക്തികളിൽ നിന്ന് വാങ്ങിയത്. കൃഷിയോടുള്ള താൽപര്യം കൊണ്ട് റബർ മരങ്ങൾ മുറിച്ചു മാറ്റി വിവിധ കാർഷിക വിളകളും ഫലവൃക്ഷങ്ങളും നടുകയും ചെയ്തു. അഞ്ചു ലക്ഷം രൂപ മുടക്കിയാണ് ഭൂമി കൃഷി യോഗ്യമാക്കിയത്.
അപൂർവവും തനിനാടനുമായ വിവിധ തരം ഫല വൃക്ഷങ്ങൾ, കാർഷികവിളകൾ എന്നിവ നട്ടുപിടിപ്പിച്ചു. ഇത് ഇഷ്ടപ്പെടാത്ത സമീപത്തെ പാറമട ഉടമ അനിരുദ്ധ പണിക്കരുടെ നേതൃത്വത്തിൽ തന്റെ ഭൂമിയിൽ സ്ഥിരമായി നാശനഷ്ടങ്ങളുണ്ടാക്കി കൊണ്ടിരിക്കുകയാണെന്ന് ഗിരീഷ് കൃഷ്ണൻ ആരോപിച്ചു. കാർഷിക വിളകൾ ഓരോന്നായി നശിപ്പിക്കുകയാണ്. ഫലവൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നു. ഇതിനെതിരെ പൊതുപ്രവർത്തകരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
പരിസ്ഥിതി പ്രവർത്തകരുടെ സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. താൻ വാങ്ങിയ ഭൂമി ക്വാറി മുതലാളി വിലയ്ക്കു വാങ്ങുന്നതിന് ശ്രമിച്ചിരുന്നു. എന്നാൽ അവരുടെ സ്വാധീനത്തിനു വഴങ്ങാത്തതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് വഴി സഞ്ചാര യോഗ്യമല്ലാതാക്കി.
തനിക്ക് സ്വന്തം ഭൂമിയിൽ കയറാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഭീഷണിയും ഉണ്ട്. ഗിരീഷ് ഭൂമി വാങ്ങിയപ്പോൾ പാറമട തുടങ്ങനാണ് എന്നാണ് പ്രദേശത്തെ നേതാക്കൾ കരുതിയത്. പാർട്ടിയുടെ പേരിൽ പിരിവ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അദ്ദേഹം കൃഷി നടത്തുകയാണ് എന്ന് അറിഞ്ഞത് ഇവരുടെ വിരോധത്തിന് കാരണമായി. നട്ടു വളർത്തിയ വാഴ, തേക്ക്, തെങ്ങ്, ചേന, കാച്ചിൽ, ചേമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഫാം ടൂറിസം ലക്ഷ്യമിട്ടാണ് ഭൂമി വാങ്ങിയത്. എന്നാൽ ക്വാറിയല്ലാതെ മറ്റൊന്നും നടക്കില്ലെന്ന നിലപാടിലാണ് ക്വാറി ഉടമയെന്ന് ഗിരീഷ് ആരോപിച്ചു. ഗുണ്ടായിസമാണ് തനിക്ക് നേരെ നടക്കുന്നത്.
ഇനി തിരികെ വിദേശത്തേക്ക് തന്നെ വിടാതെ കള്ളക്കേസിൽ കുടുക്കാനാണ് നീക്കം. നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് അപൂർവവും വംശനാശം വന്നതുമായ ചെടികളുടെയും വിളകളുടെയും വിത്തും തൈയും ശേഖരിച്ചാണ് ഇവിടെ നട്ടത്. അപൂർവ ഇനം വാഴകളും വെട്ടി നശിപ്പിച്ചവയിൽപ്പെടും. തനിക്ക് ആരോടും വഴക്കിന് പോകാൻ താൽപര്യമില്ലെന്ന് ഗിരീഷ് പറയുന്നു. തന്റെ പറമ്പിൽ നിന്ന് കുറച്ചു ഭാഗം വേണമെങ്കിൽ വിട്ടു നൽകാനും അദ്ദേഹം തയാറായിരുന്നു. എന്നാൽ, പാറമട അല്ലാതെ ഒന്നും ഇവിടെ വേണ്ട എന്ന നിലപാടിലാണ് സിപിഎമ്മിന്റെ നേതാക്കളും ക്വാറി ഉടമയുമെന്നാണ് പറയപ്പെടുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്