പത്തനംതിട്ട: പ്രാദേശിക തലത്തിൽ വീതം വച്ച് നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെയും യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസിനെയും ഒരു വെടിക്ക് രണ്ടു പക്ഷികളാക്കി വീഴ്‌ത്തി സംസ്ഥാന നേതൃത്വം. കൃഷ്ണദാസ് പക്ഷക്കാരായ ഇരുവരുടെയും പദ്ധതി സംസ്ഥാന നേതൃത്വം തകർത്തത് വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു. ആറന്മുള അശോകൻ കുളനടയും തിരുവല്ല അനൂപ് ആന്റണിയും ലക്ഷ്യമിട്ട് മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായി.

അനൂപിനോട് തിരുവല്ലയിൽ ശ്രദ്ധിക്കാൻ കേന്ദ്രനേതൃത്വമോ സംസ്ഥാന നേതൃത്വമോ പറഞ്ഞിരുന്നില്ല. യുവമോർച്ച ദേശീയ സെക്രട്ടറി എന്ന നിലയിൽ സ്വയം പ്രവർത്തനം തുടങ്ങുകയായിരുന്നു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെ അനുഗ്രഹാശിസുകളും ഉണ്ടായിരുന്നു. ആറന്മുളയിൽ മാധ്യമപ്രവർത്തക സുജയ പാർവതി, സുരേഷ് ഗോപി എന്നിവരുടെ പേര് ചർച്ച ചെയ്യുമ്പോഴും അശോകൻ ചിത്രത്തിലുണ്ടായിരുന്നില്ല. നിശബ്ദനായി നിന്ന് സീറ്റ് പിടിക്കാൻ അതീവ രഹസ്യമായി അശോകൻ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് തിരിച്ചടി നേരിട്ടത്. അശോകൻ തന്നെ കൊണ്ടു വന്ന ബിജു മാത്യു ആറന്മുളയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി. ആറന്മുളയില്ലെങ്കിൽ ജില്ലയിൽ ബിജെപിക്ക് അവശേഷിച്ചത് തിരുവല്ലയായിരുന്നു. പിന്നൊന്നും നോക്കിയില്ല, അനൂപിനെ മാറ്റി സീറ്റ് അശോകൻ നേടി.

തിരുവല്ലയിൽ പണി പകുതി മുക്കാലും പൂർത്തിയാക്കിയ അനൂപിന് അമ്പലപ്പുഴയാണ് കിട്ടിയത്. അവിടെ ഇനി ഒന്നേന്ന് തുടങ്ങണം. അശോകൻ കൊണ്ടു വന്നയാൾ തന്നെയാണ് അദ്ദേഹത്തിന് ആദ്യ പണി കൊടുത്തത്. ആറന്മുളയിൽ സ്ഥാനാർത്ഥിയായ ബിജുമാത്യു മുൻപ് സിപിഎമ്മുകാരനായിരുന്നു. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉള്ളന്നൂർ ഡിവിഷനിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി സിപിഎം ചിഹ്നത്തിൽ പന്തളം ബ്ലോക്കിലേക്ക് മത്സരിച്ചിരുന്നു. ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മറ്റി അംഗവുമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണാ ജോർജിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു. പിന്നീട് ചില വിവാദങ്ങളിൽപ്പെട്ട് ബിജു മാത്യു പാർട്ടിക്ക് പുറത്തായി.

കോൺഗ്രസിൽ ചേരാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. അപ്പോഴാണ് രക്ഷകനായി അശോകൻ കുളനട ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. 2019 ൽ ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബിജു മാത്യു സംസ്ഥാന സമിതി അംഗവുമായി. നിനച്ചിരിക്കാതെ ബിജു ആറന്മുളയിൽ ബിജെപി സ്ഥാനാർത്ഥിയായത് അശോകനെ വെട്ടിയാണ് എന്നുള്ളത് വിരോധാഭാസമായി. ഓർത്തഡോക്സ് സഭാ നേതൃത്വം നിർദേശിച്ചത് അനുസരിച്ചാണ് ബിജുവിനെ സ്ഥാനാർത്ഥിയാക്കിയത്. ഇതോടെ അശോകൻ ഔട്ടാകുന്ന മട്ടായി. ശേഷിച്ച ഏക സീറ്റായ തിരുവല്ലയിൽ നിന്ന് അനൂപിനെ വെട്ടി അശോകൻ അവിടെ എത്തി. അപ്പോഴാണ് അതിലേറെ രസം. അശോകനെതിരേ തിരുവല്ല മണ്ഡലത്തിൽ വ്യാപക എതിർപ്പാണ്. തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോർച്ച നേതാക്കൾ അരമണിക്കുറോളം തടഞ്ഞു വച്ചു. തിരുവല്ല ബിജെപി ഘടകത്തിൽ കൂട്ടരാജിയുമുണ്ടായി. 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും മണ്ഡലം കമ്മറ്റി പ്രസിഡന്റുമാർ രാജി വയ്ക്കുകയും ചെയ്തു. അനൂപിനെ വെട്ടി അശോകൻ വന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

അനൂപ് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥി ആയതല്ല, പാർട്ടി സംവിധാനങ്ങൾക്ക് ബദലായി കമ്മറ്റികൾ സംഘടിപ്പിച്ചതാണ് തിരുവല്ല സീറ്റ് നഷ്ടമാകാൻ കാരണമായത്. അനൂപ് മുൻകൈയെടുത്ത് രൂപീകരിച്ച ജനസേവന ഫൗണ്ടേഷൻ വഴിയാണ് പ്രവർത്തിച്ചത്. പാർട്ടിയുടെ ഘടകങ്ങളെ ഒഴിവാക്കിയുള്ള പ്രവർത്തനവും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിത്വവും അനൂപിന് വിനയായി. ഫലത്തിൽ മുരളീധരൻ പക്ഷം നൈസായി ഒഴിവാക്കുകയായിരുന്നു അശോകനെയും അനൂപിനെയും. ഇപ്പോൾ ഒരേ ഗ്രൂപ്പുകാർ തമ്മിൽ അടിക്കുകയാണ്. എത്ര പ്രതിഷേധം ഉയർന്നാലും പിന്മാറില്ല എന്ന നിലപാടിലാണ് അശോകൻ. അതേ സമയം, റെബൽ സ്ഥാനാർത്ഥിയെ നിർത്താനും നീക്കം നടക്കുന്നുണ്ട്.