- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായി; ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു'; സിൽവർലൈനിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; പരാമർശം, ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെ
കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകൾക്കിടെ ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി. സർവെ നടത്താതെ 955 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെയെന്ന് കോടതി ആരാഞ്ഞു.ശരിയായ സർവേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചെന്നും കോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി വിഷയത്തിൽ കൂടുതൽ വ്യക്തത തേടിയത്.
സിൽവർ ലൈനിൽ ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി. സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമെന്ന് സ്ഥലം നഷ്ടപ്പെടുന്ന നാല് ഹർജിക്കാർ വ്യക്തമാക്കി. ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
കേന്ദ്ര അനുമതിയില്ലാതെ റെയിൽവെ പദ്ധതികൾക്കായി സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും ഹർജിയിൽ പറയുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കുള്ള വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സർവേ നടപടികൾക്കായും കെ-റെയിൽ ഓഫിസുകൾ തുറക്കുന്നതിനും പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ നാലു പേരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി വരുന്ന ബുധനാഴ്ച കോടതി പരിഗണിക്കും.
കേന്ദ്ര അനുമതിയില്ലാതെയാണ് കേരളത്തിൽ 11 ജില്ലകളിൽ ഓഫിസ് തുറക്കുന്നതിനും ഭൂമി സർവേ നടപടികൾക്കുമായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്ന വാദമാണ് ഇവർ ഉയർത്തിയിരിക്കുന്നത്. ഈ വിജ്ഞാപനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പുനരധിവാസത്തിന് 1730 കോടി രൂപയും, 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനും നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. തുക അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ സ്വീകരിക്കും. കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ ഇതിനകത്തുണ്ടാകും. 2018ലാണ് കെ-റെയിൽ പദ്ധതിയുടെ ആസൂത്രണം നടക്കുന്നത്. 5 പാക്കേജുകളിലായി ഒരേ സമയം നിർമ്മാണം നടത്തി 2025-ഓട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി വർഷത്തിൽ 365 ദിവസം 24 മണിക്കൂറും പ്രവർത്തി നടക്കും. രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി അടുത്ത 3 മൂന്ന് വർഷം കൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനശേഷി ഇല്ലായ്മയിലും കിഫ്ബി പുനരുജ്ജീവിപ്പിച്ച് പദ്ധതികൾ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതികളുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കലല്ല സർക്കാരിന്റെ നയം. കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച് പശ്ചാത്തല സൗകര്യം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാതാ വികസനം, പവർഗ്രിഡ് ലൈൻ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി തുടങ്ങിയവയെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഏറ്റവും കുറഞ്ഞ തോതിൽ ആഘാതം ഉണ്ടാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ-റെയിൽ പരിസ്ഥിതി ലോല പ്രദേശത്ത് കൂടി കടന്നു പോകുന്നില്ല. സംസ്ഥാനത്ത് ഒട്ടേറെ വന്യമൃഗ സങ്കേതമുണ്ട്. എന്നാൽ ഇതിൽ ഏതെങ്കിലും സങ്കേതത്തിൽ കൂടി സിൽവർ ലൈൻ കടന്നു പോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളിൽ 88 കിലോ മീറ്റർ തൂണുകളിൽ കൂടിയാണ് പാത കടന്നു പോവുക.ന്നും
സിൽവർ ലൈൻ പ്രളയം സൃഷ്ടിക്കാൻ സാധ്യതയുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന എംബാങ്ക്മെന്റ് പ്രളയം സൃഷ്ടിക്കും എന്നാണ് പ്രചാരണം. എന്നാൽ നിലവിലുള്ള എല്ലാ റെയിൽവെ ലൈനുകളും എംബാങ്ക്മെന്റിലാണ് പണിതിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിനിടെ കേരളത്തിലുണ്ടായ പ്രളയങ്ങളുടേയും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും കണക്കുകളെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. പ്രതിപക്ഷ കക്ഷികൾ കടുത്ത പ്രതിഷേധം ഉയർത്തുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
എന്നാൽ കെ-റെയിൽ പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിർമ്മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സർക്കാരിന്റെ ശ്രമം. പ്രോജക്ട് റിപ്പോർട്ട് പുറത്തുവിടാത്തതിനു കാരണം ജനങ്ങൾ പദ്ധതി ചെലവ് മനസിലാക്കുമെന്നതാണെന്നും ഇ. ശ്രീധരൻ ആരോപിച്ചു.
കേന്ദ്രം കെ-റെയിലിന് അനുമതി നൽകുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയിൽവെ പദ്ധതികൾ നടപ്പാക്കാൻ കഴിയില്ല. അക്കാര്യങ്ങളൊന്നും സംസ്ഥാനം പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നില്ല. പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ താൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ