തിരുവനന്തപുരം: സഭയെ ചൂടുപിടിപ്പിച്ച് സ്വർണ്ണക്കടത്തു കേസിലെ ചർച്ച. അർജുൻ ആയങ്കിയുടെ വിഷയവും റമീസിന്റെ അപകട മരണവും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിപ്പോൾ കേസിലെ ഉത്തരവാദിത്തം കസ്റ്റംസിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്വർണ്ണക്കടത്തു തടയണ്ട ചുമതലയും കേന്ദ്രത്തിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ വാദത്തിന് എതിരായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു രംഗത്തുവന്നത്.

കേന്ദ്ര ഏജൻസികളുടെ വീഴ്ചയിലൂടെ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വർണം വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന കേസുകളിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രധാന സാക്ഷി റമീസിന്റെ അപകടമരണം തെളിവ് ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

റമീസിന്റെ മരണം കാറിന് പിന്നിൽ ബൈക്കിടിച്ചപ്പോൾ ഉണ്ടായ ഗുരുതര പരിക്ക് കാരണമാണ്. ഹെൽമെറ്റ് ഇല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകട കാരണം. അപകടത്തിൽ തലയ്ക്കും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം പൊലീസ് അന്വേഷണം തുടരുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ വ്ക്തമാക്കി.

എന്നാൽ സ്വർണക്കടത്ത് കേസിൽ നിന്ന് അർജുൻ ആയങ്കിയെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. നിയമ സമാധാനം നോക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. സ്വർണം തട്ടി പറിക്കാൻ അർജുൻ ആയങ്കിയുടെ അമ്പത് അംഗ കുരുവി സംഘം ഉണ്ട്. വിമാനത്താവള പരിസരത്ത് ഇരുപത് തവണയോളം ഗുണ്ടാ ആക്രമണം നടന്നു. ഇക്കാര്യം പരിശോധിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സ്വർണക്കടത്ത് കണ്ടുപിടിക്കലൊക്കെ കേന്ദ്ര ഏജൻസിയുടെ ചുമതലയെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയാണോ. ക്രിമിനലുകൾ നാട്ടിൽ വട്ടം കറങ്ങുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

തെളിവ് പുറത്ത് വരാതിരിക്കാൻ റമീസിനെ കൊന്നതാണ്. തില്ലങ്കേരിമാർക്കും ആയങ്കി മാർക്കും വേണ്ടി നാട് തുറന്ന് കൊടുക്കരുത്. പൊലീസ് ഹെഡ്ക്വാർട്ടേഴിസിലെ രഹസ്യങ്ങൾ അറിയുന്നവർ ഈ സഭയിലുണ്ട്. അതോർക്കണം. പുരയ്ക്ക് മുകളിൽ മരം വളർന്നാൽ വെട്ടാൻ മുഖ്യമന്ത്രി മഴു എടുക്കുമോയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.

അതേസമയം ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുന്നുവെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിലപാട് അൽപം കടന്നു പോയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അബദ്ധമാണെന്നറിഞ്ഞ് കൊണ്ട് തന്നെ അദ്ദേഹം ശക്തമായി പറയുകയാണ്. വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന പൊലീസിനല്ല. പൊലീസിൽ നിന്ന് വിമാനത്താവളത്തിൽ പോകുന്നവർക്ക് കസ്റ്റംസിന്റെ ചുമതലയില്ല. തിരുവഞ്ചൂർ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കുറ്റം ചെയ്തവർക്ക് എതിരെ കർശന നടപടിയെടുക്കും. അത് പുരക്ക് മീതെ വളർന്നോ എന്ന് നോക്കിയല്ല. ഒരു സംഭവത്തേയും കണ്ടില്ലെന്ന് നടിക്കില്ലെന്നും റമീസിന്റേത് അപകട മരണമാണെന്നും മുഖ്യമന്ത്രി മറുപടി നൽകി. ചില വിചാരണ തടവുകാരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് നിക്കാൻ ശ്രമമുണ്ട്. ആ ശക്തികൾക്ക് ശക്തി പകരാനാണ് തിരുവഞ്ചൂരിന്റെ നിക്കമെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാർട്ടി ബന്ധം മറയാക്കി നടത്തുന്ന ആക്രമണവും തട്ടിപ്പുമാണിവിടെ നടക്കുന്നതെന്ന് പ്രതിപൾ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഗുണ്ടകളുടെ പേര് പറയാൻ മുഖ്യമന്ത്രി മടിക്കുന്നു. ഗുണ്ടകൾക്ക് വീര പരിവേഷം നൽകുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.