ന്യൂഡല്‍ഹി: കഴിഞ്ഞ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരില്‍ ശോഭിച്ചിരുന്നവരില്‍ ഒരാളായിരുന്നു ശശി തരൂര്‍. പാര്‍ലമെന്റിലെ ഡിബേറ്റുകളില്‍ അടക്കം നിറഞ്ഞു നിന്ന വ്യക്തി. എന്നാല്‍, ഇക്കുറി പാര്‍ലമെന്റില്‍ തരൂര്‍ നിശബ്ദനാണ്. പാര്‍ലമെന്ററി ബേര്‍ഡില്‍ ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ കുറവാണ്. രാഹുല്‍ പ്രതിപക്ഷ നേതാവായതോടെയാണ് തരൂരിന് അവസരം കുറയുന്ന്. ഇതോടെ കേരള രാഷ്ട്രീയത്തിലും കൈവെക്കാമെന്ന് ശ്രമിച്ചു തരൂര്‍. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ തങ്ങളുടെ സ്ഥാനം തട്ടിയെടുക്കാന്‍ വന്ന വരത്തനായാണ് അദ്ദേഹത്തെ കണ്ടത്.

ഇതോടെ ദേശീയ തലത്തിലും സംസ്ഥാനത്തിലും പരിഗണിക്കുന്നില്ലെന്ന ആക്ഷേപമാണ് തരൂരിന് ഉണ്ടായത്. ഇതിനിടെയാണ് ലേഖനത്തിന്റെ പേരില്‍ തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തുവന്നത്. ഇതിന് പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസിലെ സ്ഥാനമോഹികളാണെന്ന കാര്യം തരൂരിന് ബോധ്യമുണ്ട്. താന്‍ പറഞ്ഞ ലേഖനത്തിനെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദം ഉണ്ടാക്കുകയാണെന്നാണ് തൂരൂര്‍ കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ലേഖനത്തില്‍ ഉറച്ചു നിന്നു കൊണ്ടുള്ള പ്രതികരണത്തിലേക്ക് അദ്ദേഹം കടക്കുന്നതും. രണ്ടും കല്‍പ്പിച്ചു തന്നെയാണ് തരൂരിന്റെ നീക്കം.

അതേസമയം ലേഖനം എഴുതിയതിന്റെ പേരില്‍ തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെടുമ്പോഴും ദേശീയ നേതൃത്വം തല്‍ക്കാലം അത്തരം നടപടികളിലേക്ക് കടക്കില്ല. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളെ തരൂര്‍ പുകഴ്ത്തിയത് ശരിയായില്ലെന്ന അഭിപ്രായമാണെങ്കിലും വിഷയം ആളികത്തിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് ധാരണ. എ ഐ സി സി നേതൃത്വം തരൂരിനെ പാര്‍ട്ടി നിലപാടറിയിച്ചെങ്കിലും തത്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിനോട് സംസാരിച്ചു. തരൂര്‍ പാര്‍ട്ടി നയത്തിലേക്കെത്തും എന്ന് പ്രതീക്ഷിക്കുന്നതായി എ ഐ സി സി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുകയാണ്. തരൂരിനെ ഒട്ടും വിമര്‍ശിക്കാതെ വ്യവസായമന്ത്രിയുടെ അവകാശവാദങ്ങളെ മാത്രം തള്ളിപ്പറഞ്ഞുള്ള കെ പി സി സി അധ്യക്ഷന്റെ പ്രതികരണത്തോടെയാണ് ഭിന്നത രൂക്ഷമായത്. സംസ്ഥാന കോണ്‍ഗ്രസില്‍ തരൂര്‍ ഇടപെട്ടു തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അസ്വസ്ഥനായിരുന്നു. ഇപ്പോഴത്തെ അവസരത്തില്‍ തരൂരിന്റെ സാധ്യതകള്‍ തല്ലിക്കെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നതും സതീശനും അദ്ദേഹത്തിന്റെ അനുകൂലികളുമാണ്. ഇതിന്‍രെ ലക്ഷ്യത്തെ കുറിച്ചു തരൂരിനും ബോധ്യമുണ്ട്.

ശക്തമായ ഭാഷയില്‍ തരൂരിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനുമടക്കം രംഗത്തെത്തിയപ്പോള്‍ ചില നേതാക്കള്‍ മൗനത്തിലുമാണ്. വ്യക്തിപരമായി അഭിപ്രായം പറയണമെങ്കില്‍ തരൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം രാജിവെക്കണമെന്നായിരുന്നു ഹസനടക്കമുള്ളവര്‍ പറഞ്ഞത്. മറുവശത്ത് തരൂരിന്റെ പ്രശംസ പിടിവള്ളിയാക്കി മുഖ്യമന്ത്രി അടക്കമുള്ള സി പി എം നേതാക്കള്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും യു ഡി എഫിലെ തലവേദനയുടെ ആക്കം കൂട്ടുകയാണ്.

എ ഐ സി സി നിലപാട് തള്ളി മോദി - ട്രംപ് കൂടിക്കാഴ്ചക്ക് പ്രശംസ, പ്രതിപക്ഷ പ്രചാരണം തള്ളി കേരളത്തില്‍ വ്യവസായ നയത്തിനും പ്രശംസ. ഹൈക്കമാന്‍ഡിനെയും കെ പി സി സിയെയും ഒരുപോലെ വെട്ടിലാക്കിയിട്ടും ശശി തരൂരിനെതിരായ തുടര്‍നടപടിയില്‍ നേതൃത്വത്തിന് അവ്യക്തതയാണ്. പാര്‍ട്ടിയെ പരുങ്ങലിലാക്കിയത് പ്രവര്‍ത്തക സമിതി അംഗമായതിനാല്‍ പന്ത് എഐസിസിയുടെ കോര്‍ട്ടിലാണ്. തരൂരിനെ ഒരു വരി കുറ്റപ്പെടുത്താതെയാണ് കെ സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ഇന്നലെ വാര്‍ത്താകുറിപ്പ് ഇറക്കിയത്. ഇത് താന്‍ നടപടി ആവശ്യപ്പെട്ടാല്‍ സതീശന്‍ അടക്കമുള്ളവര്‍ക്ക് ഗുണകരമായി മാറുമെന്ന തിരിച്ചറിവിലാണ്.

വിമര്‍ശനം മുഴുവന്‍ തരൂര്‍ പുകഴ്ത്തിയ ഇടത് സര്‍ക്കാരിന്റെ വ്യവസായിക മേഖലയിലെ അവകാശവാദങ്ങള്‍ക്കെതിരെ മാത്രമായിരുന്നു സുധാകരന്‍ ഉന്നയിച്ചത്. കോഴിക്കടകളും പൂട്ടിപ്പോയ കടകളും ചേര്‍ത്താണ് വ്യവസായമന്ത്രിയുടെ കണക്കെന്നും പരിഹസിച്ചു. പാര്‍ട്ടിയില്‍ പുതു ചേരിക്ക് ശ്രമിച്ചപ്പോള്‍ തരൂരിനെ പിന്തുണച്ച എം കെ രാഘവന്‍ അടക്കമുള്ള നേതാക്കളും പുതിയ വിവാദത്തില്‍ തരൂരിനൊപ്പമില്ലെന്നതും ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാറിന് കിട്ടിയ നമ്പര്‍ വണ്‍ വികസന പ്രചാരണായുധമായി തരൂര്‍ പ്രശംസയെന്നതാണ് ഇതിന്റെ മറുവശം. എന്നാല്‍, ലേഖനം അനാവശ്യമായി ആളിക്കത്തിക്കുകയാണ് ചെയ്തത് എന്നാണ് തരൂര്‍ കരുതുന്നത്.