നാഗ്പുര്‍: ശിവസേനാ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും മകനും എം.എല്‍.എ.യുമായ ആദിത്യ താക്കറെയും ചൊവ്വാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായും നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറുമായും വിധാന്‍ഭവനില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നില്‍ ആര്‍ എസ് എസ് താല്‍പ്പര്യം. ഫഡ്‌നവിസിനും നര്‍വേക്കറിനും താനും പിതാവും ആശംസകള്‍ നേര്‍ന്നതായി ആദിത്യ താക്കറെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ ശിവസേനയെ ബിജെപി മുന്നണിയില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ് ഇത്. ശിവസേനയുടെ പിളര്‍പ്പും ആര്‍ എസ് എസിന് താല്‍പ്പര്യമില്ലാത്ത കാര്യമാണ്. രണ്ടു സേനയേയും ഒരുമിപ്പിച്ച് ബിജെപി മുന്നണിയിലെത്തിക്കണമെന്നതാണ് ആര്‍ എസ് എസ് ആഗ്രഹം. ഇത് മുഖ്യമന്ത്രി ഫഡ്‌നാവീസിനെ ആര്‍ എസ് എസ് അറിയിച്ചിരുന്നതായി സൂചനകളുണ്ടാരുന്നു.

നിയമസഭയിലെ പ്രതിപക്ഷനേതൃസ്ഥാനത്തെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ആദിത്യ വ്യക്തമാക്കി. ഫഡ്‌നവിസുമായുള്ള കൂടിക്കാഴ്ചയില്‍ ഇവരോടൊപ്പം നിയമസഭാംഗങ്ങളായ അനില്‍ പരബ്, വരുണ്‍ സര്‍ദേശായി എന്നിവരുമുണ്ടായി. ശിവസേനയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുമോ എന്നതില്‍ ഇനിയും വ്യക്തതയില്ല. എന്നാല്‍ ഉദ്ധവിനേയും മകനേയും മന്ത്രിസഭയുടെ ഭാഗമാക്കാനാണ് ബിജെപി താല്‍പ്പര്യം. നിയമസഭയുടെ ശീതകാല സമ്മേളനം നാഗ്പുരില്‍ നടക്കുകയാണ്. ഉദ്ധവ് താക്കറെ നിയമസഭാ കൗണ്‍സില്‍ അംഗമാണ്. നവംബര്‍ 20-ന് 288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിയിലെ മൂന്ന് പാര്‍ട്ടികളില്‍ ആര്‍ക്കും 10 ശതമാനം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ല.

29 സീറ്റുകളുണ്ടെങ്കില്‍മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ കഴിയുകയുള്ളൂ. എന്നാല്‍, സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയുമെന്ന് നിയമവിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവിയാണുള്ളത്. ഉദ്ധവ് വിഭാഗം ശിവസേനയ്ക്ക് 20 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസിന് 16 സീറ്റുകളും ശരദ് പവാര്‍ വിഭാഗം എന്‍.സി.പി.ക്ക് 10 സീറ്റുകളും ലഭിച്ചു. ബിജെപി മുന്നണി തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ഉദ്ധവിന്റെ ശിവസേനയ്ക്ക് മുകളില്‍ ബിജെപിക്കൊപ്പമുള്ള ഏക്‌നാഥ് ഷിന്‍ഡേയുടെ സേന സീറ്റ് നേടി. ഇതോടെ ഉദ്ധവ് നിരാശനായി. സവര്‍ക്കറുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ഉദ്ധവിനെ കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ അകറ്റുകയാണ്. സവര്‍ക്കറിനെ തള്ളി പറയുന്നതില്‍ ശിവസേനയ്ക്ക് കടുത്ത വിയോജിപ്പുണ്ട്.

മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്ന കാര്യത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 2019 നവംബറില്‍ അവിഭക്ത ശിവസേന ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിച്ച് കോണ്‍ഗ്രസുമായും എന്‍.സി.പി.യുമായും ചേര്‍ന്ന് മഹാ വികാസ് അഘാഡി രൂപവത്കരിച്ചു. ഇതിനുശേഷം ഫഡ്‌നവിസും ഉദ്ധവ് താക്കറെയും തമ്മിലുള്ള ബന്ധം മോശമായി. തിരഞ്ഞെടുപ്പ് റാലികളില്‍ ഫഡ്‌നവിസിനെയും ബി.ജെ.പി. നേതൃത്വത്തെയും ഉദ്ധവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ 2024ലെ ബിജെപി വിജയം ഏവരേയും അമ്പരപ്പിച്ചു. ഫഡ്‌നാവീസ് ആര്‍ എസ് എസ് പിന്തുണയില്‍ മുഖ്യമന്ത്രിയുമായി. ഉദ്ധവ് താക്കറെയോട് ആര്‍ എസ് എസിന് എന്നും താല്‍പ്പര്യവുമായിരുന്നു. ഇക്കാര്യം അവര്‍ ഫഡ്‌നാവീസിനേയും അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫഡ്‌നാവീസ്-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്.

288 അംഗ നിയമസഭയില്‍ മഹായുതി സഖ്യം 236 സീറ്റുകള്‍ നേടി. ബിജെപി 132 ഉം ശിവസേന ഷിന്‍ഡേ വിഭാഗം 57 ഉം സീറ്റുകളാണ് സ്വന്തമാക്കിയത്. എന്‍സിപി അജിത് വിഭാഗം 41 സീറ്റും നേടി. പ്രതിപക്ഷത്തുള്ള ശിവസേന ഉദ്ധവ് വിഭാഗം ഉള്‍പ്പെട്ട മഹാ വികാസ് അഖാഡി 48 സീറ്റുകളിലൊതുങ്ങി. അതിനിടെ ഉദ്ദവ് താക്കറെയെ അടുപ്പിക്കണമെന്ന ആഗ്രഹം ആര്‍ എസ് എസിനുണ്ട്. ഇതിനുളള ചരടു വലികളും സജീവമാണ്. അങ്ങനെ വന്നാല്‍ ഷിന്‍ഡേയ്ക്കുള്ള സമ്മര്‍ദ്ദക്കരുത്ത് കുറയും. 9 എംപിമാര്‍ താക്കറെയ്ക്ക് ലോക്സഭയിലുണ്ട്. അതുകൊണ്ട് തന്നെ ഷിന്‍ഡെ പാലം വലിച്ചാലും ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിന് പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള കരുത്തും കൂടും. ഏതായാലും ഈ സാഹചര്യത്തില്‍ ഷിന്‍ഡെയെ പിണക്കില്ല.

ഫഡ്‌നാവീസും ആര്‍ എസ് എസും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ആര്‍ എസ് എസിന് ഏറെ താല്‍പ്പര്യമുള്ള ഉദ്ദവ് താക്കറയുടെ ശിവസേനയെ ബിജെപി മുന്നണിയില്‍ നിന്ന് അകറ്റിയത് ഫ്ഡനാവീസ് ആണെന്നായിരുന്നു ആര്‍ എസ് എസ് തുടക്കത്തില്‍ വിലയിരുത്തിയത്. ഫഡ്‌നാവീസിന്റെ ഏകപക്ഷീയ നിലപാടുകളിലും എതിര്‍പ്പുണ്ടായി. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയെ ഫഡ്‌നാവീസ് അവഗണിക്കുന്നതും അംഗീകരിച്ചിരുന്നില്ല. ഇതെല്ലാം ആര്‍ എസ് എസിനെ ചൊടിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അത് തിരിച്ചടിയായി മാറി. ഇതോടെ ഫഡ്‌നാവീസ് തിരുത്തലുകള്‍ക്ക് ഇറങ്ങി. നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തേക്ക് നിരന്തരം എത്തി. മഹായുതി സഖ്യ ചര്‍ച്ചകളില്‍ കരുതല്‍ കാട്ടി. വിവാദങ്ങളില്‍ നിന്നും പരമാവധി അകന്നു. ഒരു ഘട്ടത്തില്‍ ഉപമുഖ്യമന്ത്രി പദം ഒഴിയാമെന്നും അറിയിച്ചിരുന്നു. പിന്നാലെ ആര്‍ എസ് എസും അയഞ്ഞു.

ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തെ ബിജെപിയില്‍ എത്തിക്കണമെന്നാണ് ആര്‍ എസ് എസ് നിലപാട്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയവുമായി ഏറെ അടുത്തു പോകുന്ന പാര്‍ട്ടിയാണ് ശിവസേന. ബാല്‍താക്കറെ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഖ്യ നേതാവായിരുന്നു. താക്കറെയുടെ മകന്‍ ബിജെപിക്കൊപ്പം വേണമെന്നതാണ് ആര്‍ എസ് എസ് ആഗ്രഹം. അതിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ഫഡ്‌നാവിസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ ബിജെപിക്ക് വിശ്വസിക്കാവുന്ന സഖ്യ കക്ഷിയായി ബാല്‍ താക്കറെയുടെ പാര്‍ട്ടി മാറുമെന്നും വിലയിരുത്തലുണ്ട്. ലോക്സഭയിലെ മഹായുതി സഖ്യത്തിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ഫഡ്നാവിസിനെ ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനു പകരം കൂട്ടായ നേതൃത്വത്തെ അവതരിപ്പിക്കാനുള്ള നീക്കവും നടന്നു. ഇതെല്ലാം ആര്‍ എസ് എസിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു.