- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ ആളുകളെ തല്ലിയോടിക്കുന്ന രാജ് താക്കറേ; ബിജെപിയെ പിന്നില്‍നിന്ന് കുത്തിയ ഉദ്ധവ്; പവാറിന്റെ ശക്തിയും ഇടിഞ്ഞു; മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തി വളര്‍ന്ന ശിവസേന, മുംബൈയുടെ മണ്ണില്‍ ഒടുങ്ങുന്നു; താമര തരംഗത്തില്‍ സേന തീരുമ്പോള്‍!

മദ്രാസികള്‍ എന്ന ചാപ്പടയിച്ച്, മലയാളികളായകച്ചവടക്കാരെപ്പോലും അടിച്ചോടിച്ച്, മണ്ണിന്റെ മക്കള്‍ വാദം കത്തിച്ച്, മുംബൈ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ നഗരത്തെ കൈപ്പിടിയിലൊതുക്കിയ ശിവസേന ഇപ്പോള്‍ ആമഹാനഗരത്തിന്റെ മണ്ണില്‍ ഒടുങ്ങുകയാണ്. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികിട്ടിതോടെ, താമര തരംഗത്തിനുള്ളില്‍ ശിവസേന യുഗം അവസാനിച്ചുവെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ബാല്‍താക്കറെ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈപ്പടിയിലായിരുന്നു ബോംബെ നഗരം. പക്ഷേ അദ്ദേഹത്തിന്റെ മരണശേഷം, മുംബൈയായി മാറിയ നഗരത്തില്‍ ക്രമേണ ശിവസേന തീരുകയാണ്. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ നഗരസഭയായ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന താക്കറെ കുടുംബത്തിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി-ഷിന്‍ഡെ സഖ്യം അധികാരം പിടിച്ചിരിക്കയാണ്. ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ തന്ത്രങ്ങള്‍ വിജയിക്കുകകയാണ്. 227 വാര്‍ഡുകളുള്ള ബിഎംസിയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 114 എന്ന സംഖ്യ മഹായുതി സഖ്യം അനായാസം മറികടന്നു. ഇതോടെ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ നഗരത്തിന് ബിജെപി-ഷിന്‍ഡെ സഖ്യത്തില്‍ നിന്നുള്ള ഒരു മേയറെ ലഭിക്കും.
താമര തംരഗത്തില്‍ തീര്‍ന്ന ശിവസേന
തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബന്ധുക്കളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും 20 വര്‍ഷത്തിനുശേഷം ഒന്നിച്ചപ്പോള്‍ ശിവസേന തിരിച്ചുവര് സ്വപ്നം കണ്ടിരുന്നൂ. എന്നാല്‍ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, എല്ലാം കര്‍ന്നു. 2019-ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയും സഖ്യകക്ഷിയുമായ ബിജെപിയെ ചതിച്ച് മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി ബദ്ധശത്രുവായ ശരത് പവാറുമായി കൂട്ടുകൂടിയത് ഉദ്ധവ് താക്കറെയുടെ രാഷ്ട്രീയവഞ്ചനക്കുള്ള തിരിച്ചടിയാണ് ഇതെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഗാഡി തകര്‍ന്നടിഞ്ഞ ശേഷം അര്‍ധസഹോദരനായ രാജ് താക്കറെയെ കൂട്ടുപിടിച്ച് മറാത്താവികാരമുണര്‍ത്തി മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ പിടിക്കാമെന്ന നീക്കവും തകര്‍ന്നു. ഇതോടെ ശിവസേനയുടെ അടിത്തറ ഇളകിയരിക്കയാണ്.
75000 കോടി രൂപ വാര്‍ഷികവരുമാനമുള്ള ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷനുകളില്‍ ഒന്നാണ് മുംബൈ. 15 വര്‍ഷമായി അവിടെ അധികാരത്തിലിരുന്ന ഉദ്ധവ് താക്കറെയുടെ സേനയാണ് ഇപ്പോള്‍ തോറ്റമ്പുന്നത്.ഉദ്ധവ് താക്കറെ ശിവസേനയും രാജ് താക്കറെ മഹാനവനിര്‍മ്മാണ്‍ സേനയും ചേര്‍ന്നുള്ള കൂട്ടുകെട്ടിന് ആകെ ലഭിച്ചത് 75 സീറ്റുകളാണ്. കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ലഭിച്ചു.
ഉദ്ധവ് താക്കറെയുടെ ശിവസേന തകര്‍ന്നടിഞ്ഞതിന് ഇപ്പോള്‍ എല്ലാവരും വിമര്‍ശിക്കുന്നത് രാജ് താക്കറെയുടെ സാന്നിധ്യമാണ്. മറാത്ത അഭിമാനം ഉയര്‍ത്തിക്കൊണ്ടുള്ള പഴയ രാഷ്ട്രീയത്തിന് പ്രസക്തി കുറഞ്ഞിരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. മുംബൈ ഒരു മറാത്ത നഗരം മാത്രമല്ല, അത് ഒരു ആഗോള നഗരമാണിന്ന് എന്നതാണ് വാസ്തവം.
ഈ തെരഞ്ഞെടുപ്പ് കാലത്ത് മറാത്ത വികാരം ഉണര്‍ത്താന്‍ മഹാരാഷ്ട്രക്കാരല്ലാത്തവര്‍ക്കെതിരെ രാജ് താക്കറെയുടെ അനുയായികള്‍ കര്‍ക്കശമായ നിലപാട് എടുത്തിരുന്നു. മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരില്‍ രാജ് താക്കറെയുടെ പ്രവര്‍ത്തകര്‍ ആളുകളെ തല്ലിയത് ഉള്‍പ്പെടെയുള്ള ഉദ്ധവ് താക്കറെ ശിവസേന (യുബിടി)യുടെ സീറ്റുകള്‍ നഷ്ടപ്പെടുത്തിയതായി കാണുന്നു. പ്രത്യേകിച്ച് മറാത്തികളല്ലാത്ത ജനസംഖ്യ കൂടുതലുള്ള വാര്‍ഡുകളില്‍. ശിവസേന (യുബിടി), എംഎന്‍എസ് എന്നിവയുമായി സഖ്യത്തിലായിരുന്ന ശരത് പവാറിന്റെ എന്‍സിപിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല.
താക്കേറെ വംശാവലിയും തീരുന്നു
സമാന്തരമായി പ്രവര്‍ത്തിച്ചിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായാണ് 1966 ജൂണ്‍ 19-ന് ബാല്‍ താക്കറെ മുംബൈയില്‍ ശിവസേന രൂപീകരിച്ചത്. മുംബൈയിലെ സര്‍ക്കാര്‍ ജോലികളിലും സ്വകാര്യ മേഖലകളിലും ദക്ഷിണേന്ത്യക്കാരില്‍ നിന്നുള്ള കുടിയേറ്റം വര്‍ദ്ധിച്ചതോടെ മറാത്തി യുവാക്കള്‍ക്കിടയില്‍ ഉണ്ടായ തൊഴിലില്ലായ്മയും അസംതൃപ്തിയുമാണ് പാര്‍ട്ടി രൂപീകരണത്തിന് പ്രധാന കാരണമായത്.
ബാല്‍ താക്കറെ തന്റെ രാഷ്ട്രീയ കാര്‍ട്ടൂണ്‍ മാസികയായ 'മാര്‍മിക്' വഴിയാണ് ഈ ആശയങ്ങള്‍ പ്രചരിപ്പിച്ചത്. മുംബൈയിലെ മറാത്തികളുടെ അവകാശങ്ങളെക്കുറിച്ച് അദ്ദേഹം ഇതിലൂടെ നിരന്തരം എഴുതി. 'മണ്ണിന്റെ മക്കള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി, മുംബൈയിലെ തൊഴിലവസരങ്ങളില്‍ മറാത്തികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.തുടക്കത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ഉപരിയായി ഒരു സാമൂഹിക സംഘടനയായാണ് ഇത് പ്രവര്‍ത്തിച്ചത്. ദക്ഷിണേന്ത്യന്‍ ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആദ്യകാലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
മറാഠാ ചക്രവര്‍ത്തിയായിരുന്ന ഛത്രപതി ശിവജിയുടെ പേരില്‍ നിന്നാണ് 'ശിവസേന' എന്ന പേര് സ്വീകരിച്ചത്. ഗര്‍ജ്ജിക്കുന്ന പുലിയെ പാര്‍ട്ടിയുടെ ചിഹ്നമായി തിരഞ്ഞെടുത്തു.1960-കളില്‍ മുംബൈയിലെ പ്രാദേശിക വികാരം മുതലെടുത്താണ് ശിവസേന വളര്‍ന്നതും പില്‍ക്കാലത്ത് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറി. പക്ഷേ മക്കള്‍ നശിപ്പിച്ചു. സഖ്യകക്ഷിയായ ബിജെപിയെ ശിവസേന പിണക്കി. മറാത്തക്കാരുടേത് മാത്രമല്ല, ഇന്ത്യയുടേത് മൊത്തമാണ് മുബൈ എന്ന് അവര്‍ക്ക് മനസ്സിലായില്ല. സങ്കുചിത ചിന്താഗതികള്‍ പ്രചരിപ്പിച്ച് ഒടുവില്‍ ശിവസേന മൊത്തത്തില്‍ ഇല്ലാതാവുകയാണ്.


