കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ശുഭകരമായ അന്ത്യം. കോണ്‍ഗ്രസ് ഏകപക്ഷീയമായി മേയര്‍, ഡപ്യൂട്ടി മേയര്‍ പദവികള്‍ പ്രഖ്യാപിച്ചതിനെതിരെ ലീഗ് ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നില്‍ ഒടുവില്‍ കോണ്‍ഗ്രസ് വഴങ്ങി. ധാരണയനുസരിച്ച് ലീഗ് കൗണ്‍സിലര്‍ ടി.കെ. അഷറഫ് ഒരു വര്‍ഷം ഡപ്യൂട്ടി മേയറാകും. ഇതിനൊപ്പം ദീപ്തി മേരി വര്‍ഗ്ഗീസിന് ജയസാധ്യതയുള്ള നിയമസഭാ സീറ്റും നല്‍കും. എറണാകുളം ജില്ലയിലാകെ യുഡിഎഫ് തരംഗം ഉറപ്പാക്കും. ദീപ്തിയോട് കാട്ടിയ അനീതിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അമര്‍ഷത്തിലാണ്. കെപിസിസിയെ എതിര്‍പ്പ് അറിയിച്ചു. ഇതിനൊപ്പം ലീഗിന്റെ വിഷയത്തിലും പരിഹാരം വേണമെന്ന് നിര്‍ദ്ദേശിച്ചു. ഇതോടെയാണ് യുഡിഎഫില്‍ സമവായം എത്തിയത്.

ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മുന്നണി മര്യാദകള്‍ ലംഘിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്. ടി.കെ. അഷറഫ് നേരിട്ട് പാണക്കാടെത്തി പരാതി അറിയിച്ചതോടെ പ്രശ്‌നം സംസ്ഥാന നേതൃത്വത്തിന്റെ കൈകളിലെത്തി. വിഷയം കെസി വേണുഗോപാലിന്റെ മുന്നിലുമെത്തി. തുടര്‍ന്ന് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമുണ്ടായത്. ഡപ്യൂട്ടി മേയറായുള്ള ദീപക് ജോയിയുടെ രണ്ടര വര്‍ഷത്തെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു. ഇതിനുശേഷം ടി.കെ. അഷറഫ് ഒരു വര്‍ഷം ഡപ്യൂട്ടി മേയറാകും. ബാക്കിയുള്ള രണ്ട് വര്‍ഷം കെ.വി.പി. കൃഷ്ണകുമാര്‍ പദവി വഹിക്കും. ഇതാണ് ഡെപ്യൂട്ടി മേയര്‍ ഫോര്‍മുല.

കഴിഞ്ഞ തവണ ലീഗുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രനായി മത്സരിച്ച ജയിച്ച അഷറഫ്, ഇടത് മുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു അദ്ദേഹം. ഇത്തവണ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് അഷറഫ് ലീഗിലേക്ക് മടങ്ങിയെത്തിയത്. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനിടയില്‍ ഘടകകക്ഷിയെ കൂടി പിണക്കുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് കെസി വേണുഗോപാല്‍ നയതന്ത്രത്തിന് ഇറങ്ങിയത്. അത് ഫലം കാണുകയും ചെയ്തു. മാത്യു കുഴല്‍നാടന്‍ അടക്കമുള്ളവരോട് പരസ്യ പ്രതികരണം നടത്തരുതെന്നും കെസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും ഭൂരിപക്ഷത്തില്‍ നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കാനും കെസി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നിട്ടുകൂടി ആ സീനിയോരിറ്റി നോക്കാതെയാണ് ദീപ്തിയെ തഴഞ്ഞത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെട്ട പവര്‍ ഗ്രൂപ്പാണ് ഇതിനുപിന്നിലെന്ന ആക്ഷേപമാണ് ഉയരുന്നത്. കൊച്ചി മേയര്‍ ലത്തീന്‍ സമുദായംഗമായിരിക്കണമെന്ന് നേരത്തെ സഭ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിരുന്നുവെന്ന് വാര്‍ത്തകളെത്തിയിരുന്നു. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ പദവി പങ്കുവയ്ക്കും. അതേസമയം വിജിലന്‍സ് കോടതിയിലുള്ള മിനിമോളുടെ അഴിമതിക്കേസ് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

പാലാരിവട്ടം പെരിങ്ങാട്ട് റെസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണമാണ് ചര്‍ച്ചയാകുന്നത്. ഈ അഴിമതി ആരോപണം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാധാരണ മേയര്‍ പ്രഖ്യാപനത്തിന് മുന്‍കൂട്ടി വാര്‍ത്താ സമ്മേളനം വിളിക്കും. എന്നാല്‍ ഇവിടെ പത്രക്കാരെ വിളിച്ച് ബൈറ്റ് നല്‍കുകയായിരുന്നു ഡിസിസി അധ്യക്ഷന്‍ ചെയ്തത്. ഇത്തരത്തില്‍ ഔദ്യോഗിക സ്വഭാവത്തോടെ പത്രസമ്മേളനം വിളിക്കാതെ അതിവേഗം മാധ്യമങ്ങളെ മേയര്‍ ആരെന്ന് അറിയിച്ചു. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടായിരുന്നു. മേയര്‍ പ്രഖ്യാപനത്തിന് എന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം മുന്‍കൂട്ടി വിളിച്ചാല്‍ ദീപ്തിയും കൂട്ടരും കാര്യങ്ങള്‍ മനസ്സിലാക്കുമായിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഇത്തരമൊരു നടപടിയെന്നാണ് സൂചന.

മാനദണ്ഡം ഭൂരിപക്ഷമെങ്കില്‍ അത് എല്ലായിടത്തും വേണമെന്ന് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്തു വന്നു. മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാതിരുന്നതിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. പാര്‍ട്ടിയിലിരിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവമാണ് ദീപ്തിക്കുണ്ടായതെന്ന് സിമി റോസ്ബെല്‍ ജോണും പ്രതികരിച്ചു. കൊച്ചിയിലെ സംഭവങ്ങളെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഗൗരവത്തില്‍ കാണുന്നുണ്ട്. ദീപ്തിയെ വെട്ടിയ കൊച്ചിയിലെ പിന്നണിക്കാര്‍ക്ക് വലിയ തിരിച്ചടിയാകും ഭാവിയില്‍ കോണ്‍ഗ്രസിലുണ്ടാകുക.