- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐക്ക് പുല്ലുവില കല്പ്പിച്ചു കൊണ്ടുള്ള നടപടി; പരസ്യപ്രതികരണം ഉയര്‍ത്തിയ ബിനോയ് വിശ്വം അടക്കം ഇളിഭ്യനായി; മുന്നണി മര്യാദയുടെ കടുത്ത ലംഘനമെന്ന് വാദം; തെരഞ്ഞെടുപ്പ് അടുക്കവേ പിണറായി - മോദി അന്തര്‍ധാരയെന്ന ആരോപണം ശക്തമാക്കാന്‍ യുഡിഎഫ്; പിഎം ശ്രീ കരാറിലെ ഒപ്പിടല്‍ ഇടതുമുന്നണിയില്‍ തീര്‍ക്കുന്നത് വന്‍ രാഷ്ട്രീയ പ്രതിസന്ധി
സിപിഐക്ക് പുല്ലുവില കല്പ്പിച്ചു കൊണ്ടുള്ള നടപടി
തിരുവനന്തപുരം: തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കവെ ഇടതു മുന്നണിയില്‍ വലിയ രാഷ്ട്രീയ കോളിളക്കമാണ് പിഎം ശ്രീ പദ്ധതി വരുത്തിവെച്ചിരിക്കുന്നത്. മുന്നണിയുടെയും സിപിഐയുടെ എതിര്‍പ്പ് മറികടന്നാണ് പദ്ധതിയില്‍ കേരളം ഒപ്പുവെച്ചിരിക്കുന്നത്. ഇത് എതിര്‍പ്പുയര്‍ത്തിയ സിപിഐയെ കടുത്ത പ്രതിരോധത്തിലാക്കി. വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മര്‍ദം കടുപ്പിച്ചും നിലപാടില്‍ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയില്‍ സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്.
സി.പി.ഐ ഉന്നയിച്ച രാഷ്ട്രീയ വിയോജിപ്പ് മുഖവിലക്കെടുക്കാതെയുള്ള സി.പി.എം നീക്കം മുന്നണിയില്‍ പൊട്ടിത്തെറിക്ക് കാരണമാക്കും. പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് കരാറില്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്നത്.
വിഷയം മുന്നണിക്കുള്ളില്‍ ചര്‍ച്ചചെയ്യുമെന്നാണ് സി.പി.ഐ കരുതിയിരുന്നത്. മന്ത്രിസഭ യോഗത്തിന് പിന്നാലെ മുന്നണിയിലും കടുത്ത വിയോജിപ്പുയര്‍ത്താനായിരുന്നു സി.പി.ഐ നീക്കം. രണ്ട് ദിവസങ്ങളിലായി നടന്ന സി.പി.ഐ നേതൃയോഗങ്ങളില്‍ ഇതിനുള്ള തയാറെടുപ്പും നടത്തിയിരുന്നു. വിഷയത്തില്‍ സി.പി.ഐ പുലര്‍ത്തുന്ന കാര്‍ക്കശ്യം സി.പി.എമ്മിനെ ബോധ്യപ്പെടുത്താനായെന്നും പി.എം ശ്രീ ഏകപക്ഷീയമായി സി.പി.എമ്മിന് നടപ്പാക്കാനാവില്ലെന്നും ബിനോയ് വിശ്വം കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
നേതൃത്വത്തിന്റെ നിലപാടിന് പൂര്‍ണ പിന്തുണയാണ് യോഗത്തിലുണ്ടായത്. വിഷയത്തില്‍ പാര്‍ട്ടി നിലപാട് മാറ്റുന്നെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത ശേഷം മാത്രമേ പാടുള്ളൂവെന്ന അംഗങ്ങളുടെ നിര്‍ദേശവും സെക്രട്ടറി അംഗീകരിച്ചു. ഇത്തരത്തില്‍ പി.എം ശ്രീക്കെതിരെ അരയും തലയും മുറുക്കി സി.പി.ഐ പ്രതിരോധത്തിന് സജ്ജമായപ്പോഴാണ് സര്‍ക്കാറിന്റെ അപ്രതീക്ഷിത നീക്കം.
തങ്ങളുടെ വിയോജിപ്പ് മുഖവിലക്കെടുക്കാത്ത സി.പി.എം നിലപാടില്‍ കടുത്ത അമര്‍ഷമാണ് സി.പി.ഐ നേതൃത്വത്തിനുള്ളത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സി.പി.ഐയുടെ എതിര്‍പ്പിനെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പരിഹസിച്ചതും അതൃപ്തിക്ക് ഇടയാക്കിയിരുന്നു. എലപ്പുള്ളി ബ്രൂവറി വിഷയത്തിലും സി.പി.ഐ ഉയര്‍ത്തിയ വിയോജിപ്പുകള്‍ അവഗണിച്ച് സി.പി.എം ഏകപക്ഷീയമായി നിലപാടെടുത്തിരുന്നു.
അതേസമയം മുന്നണി മര്യാദയുടെ ലംഘനമാണ് ഇപ്പോല്‍ ഉണ്ടായിരിക്കുന്നതെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രിതികരണം. പിഎം ശ്രീ മുന്നണി നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും ഒരു കാരണ വശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എ.ഐ.വൈ.എഫും പ്രതികരിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എ.ഐ.വൈ.എഫ് അടിയന്തരമായി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു.
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പു വെച്ചതായുള്ള വാര്‍ത്ത ആശങ്കയുളവാക്കുന്നതാണെന്നും ഇടത് മുന്നണിയുടെ നയങ്ങളില്‍ നിന്നുള്ള വ്യതിചലനം ഒരു കാരണ വശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. പി എം ശ്രീ നടപ്പായാല്‍ കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഉടലെടുക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് കേരള ജനതയോട് പി എം ശ്രീ വിരുദ്ധ നിലപാട് ഇടത് പക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്. ഇപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങിയുള്ള നടപടി പ്രതിപക്ഷത്തിനും രാഷ്ട്രീയ ആയുധമായിരിക്കയാണ്. പിണറായി -മോദി അന്തര്‍ധാരയാണെന്ന ആരോപണം സജീവമാക്കുകയാണ് യുഡിഎഫും.
മൂന്നുതവണ മന്ത്രിസഭ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പദ്ധതിയില്‍ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജന്‍ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഡല്‍ഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.




