- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ ആദ്യം ചര്‍ച്ചയായത് ആദ്യ പകുതിയിലെ ലാഗിങും ലാലിസത്തിന്റെ അഭാവവും; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പരിഹസിച്ചുള്ള ബിനീഷ് കോടിയേരിയുടെ പോസ്റ്റില്‍ രാഷ്ട്രീയമെത്തി; ഹിന്ദു വിരുദ്ധമെന്ന് ആര്‍എസ്എസ്; ലാലിന് ഒന്നുമറിയില്ലെന്ന മേജറുടെ വെളിപ്പെടുത്തല്‍; ഒടുവില്‍ ലാലിന്റെ ഖേദപ്രകടനം; എമ്പുരാനില്‍ നിറയുന്നത് 'ചതിയും രാഷ്ട്രീയവും'
തിരുവനന്തപുരം: എമ്പുരാനില്‍ തെറ്റുപറ്റിയെന്ന് മോഹന്‍ലാല്‍ സമ്മതിക്കുകയാണ്. തന്റെ പ്രിയപ്പെട്ട അരാധകരുടെ വികാരം ലാല്‍ തിരിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും എമ്പുരാനെ പിന്തുണച്ച് എത്തുമ്പോഴാണ് തെറ്റു പറ്റിയെന്ന വിമര്‍ശനം മോഹന്‍ലാല്‍ നടത്തുന്നത്. ഗുജറാത്തും ഗോദ്രയുമെല്ലാം സിനിമയിലെത്തിയത് മോഹന്‍ലാല്‍ അറിയാതെയാണെന്ന് മേജര്‍ രവി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ആര്‍ എസ് എസ് പ്രചാരകനായ എ ജയകുമാറും മോഹന്‍ലാലിനെ ചിലര്‍ വഞ്ചിച്ചെന്ന കുറിപ്പിട്ടു. സിനിമയുടെ റിലീസ് ദിവസം ആദ്യ ഷോ കഴിഞ്ഞപ്പോള്‍ സിനിമയിലെ രാഷ്ട്രീയം ചര്‍ച്ചയായിരുന്നില്ല. സിനിമയുടെ ലാഗും മോഹന്‍ലാലിന്റെ സാന്നിധ്യക്കുറവുമാണ് ആരാധകരെ അപ്പോള്‍ ചിന്തിപ്പിച്ചത്. സിനിമ കളക്ഷന്‍ പിടിക്കുമോ എന്നതും ചോദ്യമായി ഉയര്‍ന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പോസ്റ്റ് എത്തിയത്. ഇത് ഇടതുപക്ഷം ഏറ്റെടുത്തു. പൃഥ്വിരാജിനെ ധീരതയുടെ പ്രതീകമാക്കി. മോഹന്‍ലാലിനോ തിരക്കഥാകൃത്ത് മുരളീ ഗോപിക്കോ അവര്‍ ആ പരിവേഷം നല്‍കിയില്ല. ഇതോടെ പരിവാറുകാര്‍ കാമ്പയിനുമായി എത്തി. ബിനീഷിന്റെ രാഷ്ട്രീയ പോസ്റ്റില്ലായിരുന്നുവെങ്കില്‍ എമ്പുരാനിലെ രാഷ്ട്രീയം ആര്‍ക്കും വിഷയം പോലും ആകില്ലായിരുന്നുവെന്ന വിലയിരുത്തലുണ്ട്. ചിത്രം ഹിന്ദു വിരുദ്ധമെന്ന ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ലേഖനം കാര്യത്തിന്റെ ഗൗരവം കൂട്ടി. മുതിര്‍ന്ന പ്രചാരകനായ ജെ നന്ദകുമാര്‍ ഇട്ട എമ്പുരാന്‍ വിരുദ്ധ പോസ്റ്റിന് അങ്ങനെ സംഘടനയുടെ അംഗീകാരവും കിട്ടി. ഈ വിമര്‍ശനം കേന്ദ്ര സര്‍ക്കാരിനും ഉണ്ടെന്ന സൂചന മോഹന്‍ലാലിനും കിട്ടി. ഇതോടെയാണ് ഖേദ പ്രകടനം എത്തിയത്.
സിനിമ സംവിധായകന്റെ കലയാണെന്നാണ് വയ്പ്പ്. ഈ വിഷയത്തില്‍ ഇനിയും പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. കടുത്ത അതൃപ്തിയിലാണ് പൃഥ്വി എന്നും സൂചനയുണ്ട്. ആശിര്‍വാദ് സിനിമാസും ഗോകുലം മൂവീസുമാണ് നിര്‍മ്മതാക്കള്‍. ഇതില്‍ ആശിര്‍വാദ് സിനിമാസ് മോഹന്‍ലാലിന്റെ അതിവിശ്വസ്തന്‍ ആന്റണി പെരുമ്പാവൂരിന്റെതാണ്. ഗോകുലം ഗോപാലനാണ് മറ്റൊരു നിര്‍മ്മാതാവ്. അതുകൊണ്ട് തന്നെ മോഹന്‍ലാലും ഗോകുലവും ചേര്‍ന്നാണ് സിനിമയിലെ വിവാദങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ഇത് പൃഥ്വി രാജിനും അംഗീകരിക്കേണ്ടി വന്നു. നിര്‍മ്മതാവ് മുരളീ ഗോപിക്കും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 250 കോടിയെന്ന മുടക്കമുതല്‍ തിരിച്ചു പിടിക്കാന്‍ ഉത്തരേന്ത്യയിലെ കളക്ഷന്‍ അനിവാര്യതയാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് മോഹന്‍ലാലും ഗോകുലവും ചേര്‍ന്ന് തീരുമാനം എടുത്തത്. രണ്ടു പേരും തിയേറ്ററില്‍ എത്തും മുമ്പ് സിനിമ കണ്ടിരുന്നില്ല. ഇക്കാര്യം നേരത്തെ ഗോകുലവും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്തായ ജി സുരേഷ് കുമാറിന്റെ ഇടപെടലുകളിലാണ് വിവാദങ്ങള്‍ ഇടപെടാനുള്ള ധാരണകളിലേക്ക് മോഹന്‍ലാലിനെ എത്തിച്ചത്. റീ സെന്‍സര്‍ അടക്കം സുരേഷ് കുമാറാണ് ഉറപ്പാക്കിയത്. മോഹന്‍ലാലിനെ ചിലര്‍ 'ചതിച്ചു' എന്ന പ്രചരണം ഇപ്പോഴും പരിവാര്‍ ക്യാമ്പുകളില്‍ നിറയുന്നുണ്ട്.
ഒരു സിനിമയുടെ കഥ കേട്ടുകഴിഞ്ഞാല്‍ പിന്നെ മോഹന്‍ലാല്‍ കഥയില്‍ ഇടപെടില്ലെന്നും സിനിമ റിലീസിന് മുന്‍പ് കാണാറില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളില്‍ മോഹന്‍ലാലിന് വിഷമമുണ്ടെന്നും അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുമെന്നും മേജര്‍ രവി പറയുന്നു. മോഹന്‍ലാല്‍ മാപ്പ് എഴുതിവച്ചിട്ടുണ്ടെന്ന് തനിക്കറിയാം അത് അദ്ദേഹം താമസിയാതെ തന്നെ പോസ്റ്റ് ചെയ്യുമെന്നായിരുന്നു വെളിപ്പെടുത്തല്‍. സൈനിക വേഷം ധരിച്ച് മോഹന്‍ലാല്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നതൊന്നും സിനിമയില്‍ കാണിച്ചിട്ടില്ലെന്നും സിനിമയുടെ പേരില്‍ മോഹന്‍ലാലിന്റെ സൈനിക പദവി എടുത്തുകളയണം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മേജര്‍ രവി തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ലൈവ് വിഡിയോയില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് വളരെയധികം മാനസികമായിട്ട് വിഷമമുണ്ട്. ഫസ്റ്റ് ഷോ കണ്ടത് ഞങ്ങളൊക്കെ ഒരുമിച്ചിരുന്നിട്ടാണ്. പിന്നെ ഇത്രയധികം പ്രശ്‌നം ഉണ്ടാക്കാനുള്ള കാരണങ്ങള്‍ സിനിമാക്കകത്തുള്ളത് കട്ട് ചെയ്തു കളയാന്‍ വേണ്ടി അദ്ദേഹം ഓള്‍റെഡി ഇന്‍സ്ട്രക്ഷന്‍ കൊടുത്തുകഴിഞ്ഞു. ഇന്ന് ആറു മണിക്ക് ശേഷം 26ഓളം മിനിറ്റിന്റെ കട്ടിങ് ആ സിനിമയ്ക്കകത്ത് വരുന്നുണ്ട് എന്നുള്ളതാണ് ഞാന്‍ കേട്ടത്. അത് മോഹന്‍ലാല്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം അവിടെയാണ് ജസ്റ്റിഫിക്കേഷന്‍ ചെയ്തിരിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. അപ്പോഴും മോഹന്‍ലാല്‍ പരസ്യമായി പ്രതികരിക്കുമെന്ന് ആരും കരുതിയില്ല. പിണറായി വിജയനും വിഡി സതീശനും ഡിവൈഎഫ് ഐയുമെല്ലാം പിന്തുണയുമായി എത്തുന്ന സാഹചര്യവും ഉണ്ടായി. ഇതിനിടെയിലും സിനിമയില്‍ തെറ്റുണ്ടെന്ന് സമ്മതിക്കുകയാണ് മോഹന്‍ലാല്‍. ഇതോടെ സംഘപരിവാര്‍ അണികള്‍ എമ്പുരാനോടും മോഹന്‍ലാലിനോടും ക്ഷമിക്കുമെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.
എമ്പുരാന്‍ വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനേയും നിര്‍മാതാവ് ഗോകുലം ഗോപാലനേയും സംരക്ഷിച്ച് ആര്‍എസ്എസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ആര്‍എസ്എസ് വിശേഷ സമ്പര്‍ക്കപ്രമുഖ് എ. ജയകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് എത്തിയത്. 'എമ്പുരാന്‍ മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന', എന്ന തലക്കെട്ടിലാണ് കുറിപ്പ്. 'എമ്പുരാന്‍ സിനിമയുടെ കഥയും ആവിഷ്‌കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്. എന്‍ഐഎ പോലുള്ള ദേശീയ ഏജന്‍സികളെ ജനലക്ഷങ്ങളുടെ മുമ്പില്‍ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആര്‍ക്ക് വേണ്ടിയായിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ബോംബിട്ട് തകര്‍ത്തു കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിച്ചത് നിര്‍ദോഷമായ കലയല്ല, കുത്സിത പ്രവര്‍ത്തനം ആണ്. അതിന് ഗുജറാത്ത് കലാപവുമായി ഒരു ബന്ധുവുമില്ല എന്ന് മാത്രമല്ല അങ്ങനെയൊരു ആഖ്യായികയോട് ഒരു തരത്തിലും ബന്ധപ്പെടുത്തുവാന്‍ കഴിയുന്ന കാര്യവുമല്ല. തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരങ്ങത്തെയും ഗൂഢാലോചകരുടെ ലക്ഷ്യമാണ് അത്തരം ഒരു ഭീഷണിയിലൂടെ പുറത്തുവരുന്നത്', കുറിപ്പില്‍ പറയുന്നു.
'സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല. തെറ്റിദ്ധരിപ്പിക്കപ്പെടുകയും പ്രിവ്യൂ ഇല്ലാതിരിക്കുകയും കഥയുടെ പൂര്‍ണരൂപം മനസ്സിലാക്കിക്കാതെയുമാണ് സിനിമ തീയേറ്ററില്‍ ഗോപാലേട്ടനും ലാലേട്ടനും എത്തുന്നത്. സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാര്‍ത്ഥത്തില്‍ കൊലക്കുകൊടുക്കുകയാണ് ചിലര്‍ ചെയ്തത്. പൃഥ്വിരാജും സഹായികളും ചെയ്തത് രാജ്യദ്രോഹകുറ്റമാണ്. ഈ നാട്ടിലെ ജനകോടികള്‍ ഇതിനു വിധി എഴുതട്ടെ. സിനിമയില്‍ രാഷ്ട്രീയവും മതവും കലര്‍ത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാമെന്ന് ധരിക്കുന്നവരെ സിനിമാലോകം ചവറ്റു കൊട്ടയിലെറിയും. ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാന്‍ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ്. കളം വിട്ടു കളിച്ചാല്‍ കാണികള്‍ ഉണ്ടാവില്ല എന്ന് മാത്രമല്ല, എന്നെന്നേക്കുമായി കളി അവസാനിപ്പിക്കുകയും ചെയ്യും', ജയകുമാര്‍ കുറിച്ചു. ഇതില്‍ സെന്‍സര്‍ ബോര്‍ഡിന് കാണാനാകാത്തത് ജനം കണ്ടുവെന്ന ജയകുമാറിന്റെ വിലയിരുത്തല്‍ മോഹന്‍ലാല്‍ അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് ഖേദ പ്രകടനമെന്ന വാദം പരിവാറുകാര്‍ സജീവമാക്കും. സിനിമയെ പിന്തുണയ്ക്കാന്‍ എത്തിയവര്‍ ലാലിന്റെ ഖേദ പ്രകടനത്തെ എങ്ങനെ കാണുമെന്ന് ആര്‍ക്കും പിടിത്തമില്ല. ഏതായാലും സൂപ്പര്‍താരം ഇത്തരമൊരു വിവാദത്തില്‍ മാപ്പു പറയുന്നത് കേരളത്തിലെ ആദ്യ സംഭവമാണ്. ഇന്ത്യന്‍ സിനിമയിലും ഇത് സംഭവിച്ചിട്ടില്ല. രണ്ടു ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ സിനിമ കയറിയെന്ന് പറഞ്ഞ അതേ മോഹന്‍ലാലാണ് ഫെയ്‌സ് ബുക്കിലൂടെ മാപ്പു പറയുന്നത്. പരിവാറുകാരുമായി തെറ്റാന്‍ താനില്ലെന്ന സന്ദേശമാണ് ഇതിലൂടെ ലാല്‍ നല്‍കുന്നത്.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു...
സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍