ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാകുക കെസി വേണുഗോപാലോ? ഈ സംശയം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ സജീവമാക്കുന്നതാണ് ഡല്‍ഹി ചര്‍ച്ചകള്‍. മുഖ്യമന്ത്രിയായി ആരേയും ഉയര്‍ത്തിക്കാട്ടില്ലെന്ന് ഹൈക്കമാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരെ വെട്ടി മുകളില്‍ നിന്നും ആളെ കൊണ്ടു വരാനുള്ള നീക്കമാണെന്നാണ് സജീവം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ നില്‍ക്കെ, കോണ്‍ഗ്രസില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ കോര്‍ കമ്മിറ്റിയും വരുന്നുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ യോഗത്തിലാണു തീരുമാനം. ഇന്നലെ നടന്ന ഹൈക്കമാന്‍ഡിന്റെ അടിയന്തര യോഗത്തിലേക്കു ക്ഷണം കിട്ടിയവരെല്ലാം കോര്‍ കമ്മിറ്റിയുടെ ഭാഗമാകും. കെപിസിസിയില്‍ ജംബോ കമ്മിറ്റിയ്ക്ക് നയരൂപീകരണ തീരുമാനം എടുക്കാന്‍ കഴിയില്ല. അതിനിടെ കേരളത്തില്‍ ഗ്രൂപ്പിന് അതീതനായി വളരാന്‍ കെസിയും ഇനി ശ്രമിച്ചേക്കും. പാര്‍ട്ടിയിലെ ഗ്രൂപ്പിസം കുറയ്ക്കാനാണ് കോര്‍ കമ്മറ്റിയെന്ന ആശയം കൊണ്ടു വരാന്‍.

പ്രസിഡന്റിനും 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയില്‍ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറല്‍ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു. തിരഞ്ഞെടുപ്പുഘട്ടത്തില്‍ തീരുമാനമെടുക്കാന്‍ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണു കോര്‍ കമ്മിറ്റിയെ ഏകോപനച്ചുമതല ഏല്‍പിക്കുന്നത്. കേരളത്തില്‍നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, യുഡിഎഫ് കണ്‍വീനര്‍, പിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍, കെപിസിസി മുന്‍ അധ്യക്ഷര്‍ എന്നിവര്‍ കോര്‍ കമ്മിറ്റിയില്‍ അംഗങ്ങളാകും. താല്‍ക്കാലിക സ്വഭാവമാണു സമിതിക്ക് നല്‍കുക. എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ സമതിയുണ്ടാകും. കെപിസിസി സെക്രട്ടറിമാരെ ഉടന്‍ പ്രഖ്യാപിക്കും. ഹൈക്കമാണ്ട് യോഗത്തില്‍ ശശി തരൂരും പങ്കെടുത്തിരുന്നു. ഇതും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകുമെന്നതിന്റെ സൂചനയാണ്.

പാര്‍ട്ടി ജയിക്കും മുന്‍പേ മുഖ്യമന്ത്രിയാകാന്‍ ചിലര്‍ മത്സരിക്കുന്നുവെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുന്നില്‍ പരാതി ഉയര്‍ന്നു. ഏതാനും മുതിര്‍ന്ന നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ തുടരുന്ന അനൈക്യം ഹൈക്കമാന്‍ഡിനു മുന്നില്‍ അവതരിപ്പിച്ചത്. പരാതികള്‍ പരിഗണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും നേതാക്കള്‍ ഐക്യത്തോടെ പോകണമെന്നും സംസ്ഥാനത്തു ജയം ഉറപ്പാക്കണമെന്നും വൈകിട്ടു നടന്ന സംയുക്ത യോഗത്തില്‍ നിര്‍ദേശിച്ചു. പാര്‍ട്ടിയിലെ അനൈക്യം അവസാനിപ്പിച്ചാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും ഇല്ലെങ്കില്‍ വെള്ളത്തിലാകുമെന്നും നേതൃത്വത്തോടു പറഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍, മാധ്യമങ്ങള്‍ക്കു മുന്നിലും ഇതാവര്‍ത്തിച്ചു. ഖര്‍ഗെയും രാഹുലും നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റയ്ക്കു നടത്തിയ ചര്‍ച്ചയില്‍നിന്നു സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ്മുന്‍ഷിയും പങ്കെടുത്തില്ല. ഇവരുടെ സാന്നിധ്യത്തില്‍ ആരും വസ്തുത പറയില്ലെന്ന തിരിച്ചറിവാണ് ഇത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ അധ്യക്ഷരായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, എം.എം. ഹസന്‍, ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, പിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും പങ്കെടുത്തു. കേരളത്തിലെ സംഘടനാ കാര്യത്തില്‍ തരൂരിനും ക്ാര്യമായ റോള്‍ നല്‍കിയേക്കും. പുനഃസംഘടനയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പരിഹരിക്കാനാണ് കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കം മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയിലേക്ക് ചൊവ്വാഴ്ച അടിയന്തരമായി വിളിപ്പിച്ചത്. കോണ്‍ഗ്രസില്‍ അനൈക്യമുണ്ടാക്കുന്നത് നേതാക്കളാണെന്ന് കെ. സുധാകരന്‍ തുറന്നടിച്ചു. പുനഃസംഘടനയിലെ അതൃപ്തി ഹൈകമാന്‍ഡിന്റെ മുഖത്ത് നോക്കി പറഞ്ഞുവെന്ന് കെ. സുധാകരന്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അനൈക്യം തടയാനുള്ള നടപടി ഹൈകമാന്‍ഡിനെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നും വിവിധ വിഷയങ്ങളിലുണ്ടാകുന്ന ഭിന്നാഭിപ്രായങ്ങളെല്ലാം തര്‍ക്കങ്ങളായി കൂട്ടരുതെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ അതൃപ്തി അറിയിച്ചത് ശരിവെച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാക്കാര്യവും മാധ്യമങ്ങളോട് പറയാനാകില്ലെന്ന് പ്രതികരിച്ചു. കേരളത്തില്‍ 100 ശതമാനവും വിജയിക്കുമെന്ന് അവകാശപ്പെട്ട ഖാര്‍ഗെ, കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ ആരെയെങ്കിലും നിര്‍ദേശിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്ന് പരിഹസിച്ചു. സുധാകരന്റെ വിമര്‍ശനം കേരള ചുമതലയുള്ള ദീപദാസ് മുന്‍ഷിയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഒരുമിച്ച് തള്ളി. പാര്‍ട്ടിയില്‍ ഐക്യമില്ലാതെ എല്ലാവരെയുമെങ്ങനെ ഒരുമിച്ച് കാണുമെന്ന് ദീപദാസ് ചോദിച്ചു.

സുധാകരന്‍ നടത്തിയത് ഒരു പൊതുപ്രസ്താവനയാണെന്നും പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ അനൈക്യമില്ലെന്ന് അവകാശപ്പെട്ട സണ്ണി ജോസഫ് സുധാകരന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെ പോയാല്‍ തന്നെ ജയിക്കുമെന്നാണ് പ്രതികരിച്ചത്.