- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിന് ശേഷമുള്ള പ്രധാന ലക്ഷ്യം ഗംഗയൊഴുകിയെത്തുന്ന ബംഗാള്‍; ഇതിനൊപ്പം കേരളത്തിലും തമിഴ്നാട്ടിലും വേരുറപ്പിക്കണം; മമതയെ നേരിടാന്‍ പുണ്യനദിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് ഭാഷ; ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി; അമിത് ഷാ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍
ന്യൂഡല്‍ഹി: ബീഹാര്‍ കീഴടക്കി. ഇനി ലക്ഷ്യം ഗംഗ ഒഴുകിയെത്തുന്ന ബംഗാള്‍.... ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ബംഗാളിനൊപ്പം കേരളവും തമിഴ്‌നാടും തിരഞ്ഞെടുപ്പിലേക്ക് പോകും. ബിജെപി രാഷ്ട്രീയം വേരു പിടിക്കാത്ത സ്ഥലങ്ങള്‍. ദ്രാവിഡ പാര്‍ട്ടികളാണ് തമിഴ്‌നാട് ഭരിക്കുന്നത്. ഇവിടെ തമിഴ് വികാരമാണ് ജനവിധിയെ സ്വാധീനിക്കുക. ബിജെപിയെ ഹിന്ദി പാര്‍ട്ടിയായി അകറ്റുകയാണ് തമിഴ്‌നാട്ടിലെ ഡിഎംകെ. ഇതിനെ മറികടക്കണം. ഇതിനൊപ്പം കേരളത്തിലും ജയിക്കുന്നില്ലെന്ന പേരു ദോഷം മാറ്റണം. ഇതിന് ബിജെപി നീക്കം തുടങ്ങുകയാണ്. ബംഗാളിന് ഗംഗയെങ്കില്‍ തമിഴ്‌നാടിലും കേരളത്തിനും 'ഭാഷ'യാണ് ബിജെപിയുടെ തന്ത്രം.
പ്രാദേശികഭാഷയ്ക്കായുള്ള ദക്ഷിണേന്ത്യന്‍ എംപിമാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തര്‍ക്കത്തില്‍ വഴിത്തിരിവ് വരികയാണ്. ജോണ്‍ ബ്രിട്ടാസ് എംപിക്ക് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു. മോദിസര്‍ക്കാരില്‍ പല മന്ത്രിമാരും ഹിന്ദിയില്‍മാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇംഗ്ലീഷില്‍ മറുപടി നല്‍കുന്നതായിരുന്നു കീഴ് വഴക്കം. എന്നാല്‍, ചില മന്ത്രിമാര്‍ ഹിന്ദിയില്‍മാത്രം മറുപടി നല്‍കുകയായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്ന ആരോപണവും ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ഈ വിവാദം കത്തി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ മലയാളത്തിലുള്ള മറുപടി ചര്‍ച്ച ചെയ്യുന്നത്.
ഇതുവരെ എംപിമാരുടെ കത്തിന് ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നല്‍കുന്ന രീതിയാണ് അമിത് ഷാ പിന്തുടര്‍ന്നത്. ഇനി മറ്റുള്ള മന്ത്രിമാരും തമിഴിലും മലയാളത്തിലും തെലുങ്കിലും കന്നഡയിലും മറുപടി നല്‍കും. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) രജിസ്ട്രേഷന്‍ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 22-ന് ബ്രിട്ടാസ് അയച്ച കത്തിന് മറുപടിയായാണ് നവംബര്‍ 14-ന് അമിത് ഷാ ബ്രിട്ടാസിന് കത്തയച്ചത്. ജോണ്‍ ബ്രിട്ടാസ് അയച്ച കത്തുകിട്ടി എന്ന് അമിത് ഷാ കത്തില്‍ വക്തമാക്കുന്നു നന്ദിയോടെ താങ്കളുടെ അമിത് ഷാ എന്നെഴുതി ഒപ്പിട്ടാണ് മറുപടി. നേരത്തേ കേന്ദ്ര റെയില്‍വേ സഹമന്ത്രി രവനീത് സിങ് ബിട്ടു ഹിന്ദിയില്‍ നല്‍കിയ കത്തിന് മലയാളത്തില്‍ മറുപടിയയച്ച് ജോണ്‍ ബ്രിട്ടാസ് പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
1990-ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ് ഹിന്ദിയില്‍ അയച്ച കത്തിന് കേരളമുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ മലയാളത്തില്‍ മറുപടി അയച്ച സംഭവവുമുണ്ടായിരുന്നു. ഇതേ രീതിയില്‍ കേന്ദ്ര മന്ത്രിമാരും പ്രാദേശിക ഭാഷകളില്‍ മറുപടി നല്‍കും. തമിഴില്‍ കൂടുതലായി മറുപടി എത്തും. ഇതിലൂടെ തമിഴ് വികാരത്തെ ബിജെപിക്ക് അനുകൂലമായി മാറും എന്നാണ് അവരുടെ വിലയിരുത്തല്‍. സമീപകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം മിക്കതും ബിജെപിക്കായിരുന്നു. ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവയ്ക്ക് ശേഷം തമിഴ്നാടും പശ്ചിമ ബംഗാളും പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. രണ്ട് സംസ്ഥാനത്തും അടുത്ത വര്‍ഷം ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ മധുരയില്‍ പ്രഖ്യാപിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി തമിഴ്നാട്ടിലെത്തിയപ്പോഴായിരുന്നു ഇത്. അടുത്ത വര്‍ഷം തമിഴ്നാട്ടിലും ബംഗാളിലും ബിജെപി അധികാരം പിടിക്കും. ജനവികാരം മനസിലാക്കാന്‍ തനിക്ക് സാധിക്കും. തമിഴ് ജനത ഡിഎംകെ സര്‍ക്കാരിലെ അടുത്ത തിരഞ്ഞെടുപ്പില്‍ തൂത്തെറിയും. പ്രകടന പത്രികയില്‍ പറഞ്ഞ 60 ശതമാനം വാഗ്ദാനങ്ങളും സ്റ്റാലിന്‍ സര്‍ക്കാര്‍ പാലിച്ചില്ല. എത്ര പാലിച്ചുവെന്ന് ജനങ്ങളോട് പറയാന്‍ സ്റ്റാലിന് ധൈര്യമുണ്ടോ എന്നും അമിത് ഷാ വെല്ലുവിളിച്ചു. തനിക്ക് തമിഴില്‍ സംസാരിക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഭാഷയാണ് തമിഴ് എന്നും അമിത് ഷാ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞിരുന്നു.
തമിഴ്നാട്ടില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പല നയങ്ങളും തമിഴ്നാട്ടുകാര്‍ക്ക് എതിരാണ് എന്നാണ് ഡിഎംകെയുടെ പ്രചാരണം. ബിജെപിക്ക് വേരോട്ടം വളരെ കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണിത്. എഐഎഡിഎംകെയെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനാണ് ബിജെപി തന്ത്രം.




