- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാര്‍ട്ടറും സെമി ഫൈനലും ജയിച്ച് ഫൈനല്‍ പോരാട്ടത്തിന് യുഡിഎഫ്; ഹാട്രിക് തികച്ച് ചരിത്രം കുറിക്കാന്‍ എല്‍ഡിഎഫ്; ഇരുമുന്നണികളെയും വിറപ്പിച്ച് കറുത്ത കുതിരയാകാന്‍ എന്‍ഡിഎ; തിരഞ്ഞെടുപ്പ് യുദ്ധത്തിന്റെ തീയതി കുറിച്ചു; രാഷ്ട്രീയ കേരളത്തിന്റെ ജനവിധി എന്താകും? കലാശപ്പോരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി!

തിരുവനന്തപുരം: കേരളം വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന വോട്ടെടുപ്പ് വെറുമൊരു അധികാരക്കൈമാറ്റത്തിനുള്ള വഴിയല്ല, മറിച്ച് കേരള രാഷ്ട്രീയത്തിന്റെ ഭാവി സമവാക്യങ്ങള്‍ മാറ്റിയെഴുതുന്ന നിര്‍ണ്ണായകമായ ഒരു പരീക്ഷണം കൂടിയാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടര്‍ച്ചയുടെ കരുത്തില്‍ മൂന്നാം തവണയും അധികാരം പിടിച്ചെടുത്ത് ചരിത്രം കുറിക്കാന്‍ ഇടതുമുന്നണി ലക്ഷ്യമിടുമ്പോള്‍, ഇത് തങ്ങളുടെ അസ്തിത്വത്തിനായുള്ള പോരാട്ടമാണെന്ന് യുഡിഎഫ് തിരിച്ചറിയുന്നു. വോട്ടുവിഹിതത്തിലെ വര്‍ദ്ധനവും തൃശൂരിലെ ലോക്‌സഭാ വിജയവും നല്‍കുന്ന ആത്മവിശ്വാസത്തില്‍ എന്‍ഡിഎ കൂടി കളം നിറയുന്നതോടെ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
2021-ല്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേടിയ തുടര്‍ച്ചയായ രണ്ടാം വിജയം കേരളത്തിലെ പതിവ് രാഷ്ട്രീയ കീഴ്വഴക്കങ്ങളെ തകര്‍ക്കുന്നതായിരുന്നു. 91-ല്‍ നിന്ന് 99 സീറ്റുകളിലേക്ക് ഇടതുപക്ഷം വളര്‍ന്നപ്പോള്‍, കോവിഡ് പ്രതിരോധത്തിലും പ്രളയകാലത്തും സര്‍ക്കാര്‍ കാട്ടിയ മികവിനുള്ള അംഗീകാരമായിരുന്നു അത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലം വിവാദങ്ങളുടെയും വെല്ലുവിളികളുടെയും കുത്തൊഴുക്കായിരുന്നു. പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ ചുമതലയേറ്റതോടെ യുഡിഎഫിന്റെ പോരാട്ടവീര്യം വര്‍ദ്ധിക്കുകയും സര്‍ക്കാരിനെതിരെയുള്ള ഓരോ ആരോപണങ്ങളും കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു.
ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് ആദ്യമായി തെളിയിക്കപ്പെട്ടത് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്. വടകരയിലും കണ്ണൂരിലും കാസര്‍കോട്ടുമായി കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കിയെങ്കിലും ആലത്തൂര്‍ ഒഴികെ ഒരിടത്തും എല്‍ഡിഎഫിന് ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും, വിലക്കയറ്റവും, സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരെ എല്‍ഡിഎഫില്‍ നിന്ന് അകറ്റി. പൗരത്വ നിയമമടക്കമുള്ള വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടും ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനൊപ്പം ഉറച്ചുനിന്നു. സുരേഷ് ഗോപിയിലൂടെ തൃശൂരില്‍ ബിജെപി അക്കൗണ്ട് തുറന്നത് കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു.
തുടര്‍ന്ന് വന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് കനത്ത പ്രഹരമായി മാറി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തില്‍, യുഡിഎഫ് പത്ത് വര്‍ഷത്തിന് ശേഷം തദ്ദേശതലത്തില്‍ മേല്‍ക്കൈ നേടി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊല്ലം കോര്‍പ്പറേഷന്‍ പോലും യുഡിഎഫ് അട്ടിമറിയിലൂടെ പിടിച്ചെടുത്തു. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പോലുള്ള വിവാദങ്ങളും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെ അറസ്റ്റും ഹിന്ദു വോട്ടുകള്‍ക്കിടയില്‍ ഇടതുപക്ഷത്തിനുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. മറുവശത്ത്, കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കിയെങ്കിലും അത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
വിവാദങ്ങളുടെ കരിനിഴലിലും വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്. അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനവും, ക്ഷേമപെന്‍ഷന്‍ വര്‍ദ്ധനവും, വയനാട് ടൗണ്‍ഷിപ്പ് പോലുള്ള വമ്പന്‍ പദ്ധതികളും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. പരീക്ഷിച്ചു വിജയിച്ച ജനക്ഷേമ പദ്ധതികളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കാമെന്നാണ് പിണറായി വിജയന്റെ പ്രതീക്ഷ. എന്നാല്‍ മാസപ്പടി വിവാദം, ആഗോള അയ്യപ്പസംഗമത്തിലെ ക്രമക്കേടുകള്‍, ആരോഗ്യവകുപ്പിനെതിരെയുള്ള ചികിത്സാപ്പിഴവ് ആരോപണങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാരിനെ വേട്ടയാടുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയം മാത്രമല്ല, ഒപ്പം ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ ജയവും യുഡിഎഫിന്റെ പ്രതീക്ഷ കൂട്ടുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജയം മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാനുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പിലും തദ്ദേശത്തിലും പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അതല്ല സ്ഥിതി. ചേലക്കര ഒഴികെ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം വിജയം നേടി. ചേലക്കരയിലെ തോല്‍വി പോലും കടുത്ത പ്രഹരമേല്‍പ്പിക്കുന്നതായിരുന്നില്ല. നിലമ്പൂര്‍ പിടിച്ചെടുത്തതോടെ സിറ്റിങ് സീറ്റുകള്‍ കൈവിടാറില്ലെന്ന എല്‍ഡിഎഫിന്റെ വാദവും മറികടക്കാനായി. അങ്ങനെ വിവാദങ്ങള്‍ക്കും ഭരണവിരുദ്ധവികാരത്തിനും പുറമേ കണക്കുകളിലും മുന്നിലെത്തിയാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കടക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. വിവാദങ്ങള്‍ പ്രതിപക്ഷത്തിന് നേരെയും ഉയര്‍ന്നെങ്കിലും ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന നേതാവിനെയാണ് സതീശനില്‍ കാണാനായത്. ഉറച്ച തീരുമാനമാണെങ്കില്‍ ഉറപ്പായും ജനങ്ങള്‍ കൂടെനില്‍ക്കുമെന്ന് പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളെ ബോധ്യപ്പെടുത്താനുള്ള പരിശ്രമമാണ് ഇതിനായി സതീശന് ആദ്യം വേണ്ടിവന്നത്. അതില്‍ പലപ്പോഴും കാലിടറിയെങ്കിലും പാര്‍ട്ടിയിലുള്ള സ്വാധീനത്തിന്റെ ബലത്തില്‍ തീരുമാനം നടപ്പാക്കാന്‍ അദ്ദേഹം കാണിച്ച മിടുക്കാണ് യുഡിഎഫിന്റെ തലവരമാറ്റിത്തുടങ്ങിയത്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷ തകര്‍ത്ത് തദ്ദേശതലത്തില്‍ യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്തിയപ്പോള്‍ സതീശന്റെ നിലപാടിനുള്ള അംഗീകാരംകൂടിയായിമാറി അത്. സ്ഥാനാര്‍ഥിനിര്‍ണയംമുതല്‍ പ്രചാരണരീതിവരെ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചതാണ് യുഡിഎഫ് രാഷ്ട്രീയത്തില്‍ സതീശനുണ്ടാക്കിയ മാറ്റം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിയുയര്‍ന്നപ്പോള്‍ത്തന്നെ സംരക്ഷിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അത്തരത്തില്‍ സതീശനെടുത്ത നിലപാടുകള്‍ കൂടെയാണ് പിന്നീട് കോണ്‍ഗ്രസിനെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെട്ട തദ്ദേശത്തില്‍ യുഡിഎഫ് ആഞ്ഞടിച്ചു. ഇടതുപക്ഷത്തിന് കനത്ത പ്രഹരമേറ്റു. ഭരണവിരുദ്ധ തരംഗത്തില്‍ യുഡിഎഫ് ഉജ്ജ്വല തിരിച്ചുവരവ് അറിയിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍പ്പോലും തിരിച്ചടിയേറ്റു. പാര്‍ട്ടികോട്ടകള്‍ ആടിയുലഞ്ഞു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് സമഗ്രാധിപത്യത്തോടെ മുന്നേറി. 2010-നുശേഷം ആദ്യമായി തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കൈ നേടി. ഭരിച്ചിരുന്ന കോര്‍പ്പറേഷനുകളില്‍ അഞ്ചില്‍ നാലും എല്‍ഡിഎഫിന് നഷ്ടമായി. തിരുവനന്തപുരം ബിജെപി പിടിച്ചെടുത്തപ്പോള്‍ കൊല്ലത്തും തൃശ്ശൂരും എറണാകുളത്തും യുഡിഎഫ് അട്ടിമറി വിജയം നേടി. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്ത്, 2000-ത്തില്‍ കോര്‍പ്പറേഷന്‍ രൂപവത്കൃതമായശേഷം, ആദ്യമായാണ് യുഡിഎഫ് ജയിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനും യുഡിഎഫ് നിലനിര്‍ത്തി. കോഴിക്കോടുമാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്.
മൂന്നാമതും പ്രതിപക്ഷത്തിരുന്നാല്‍ പിന്നെ തിരിച്ചുവരവുണ്ടാകില്ലെന്ന ഉറച്ച ബോധ്യത്തിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് യുദ്ധത്തിനിറങ്ങിയത്. സെമി ജയിച്ച് ഫൈനലിന് സജ്ജമാകുകയെന്ന തന്ത്രം. കോണ്‍ഗ്രസ് തീരേ ദുര്‍ബലമാകുമെന്ന ബോധ്യം പാര്‍ട്ടിയില്‍ ശക്തമായതോടെ പടലപ്പിണക്കങ്ങള്‍ ഏറെയുണ്ടെങ്കിലും പൊതുധാരണയില്‍ ഒന്നിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നേരത്തേ തുടങ്ങിയതും സ്ഥാനാര്‍ഥികളെ താഴെത്തട്ടില്‍ത്തന്നെ തീരുമാനിച്ചതും അപസ്വരങ്ങള്‍ കഴിയുന്നത്ര ഇല്ലാതാക്കി. ശബരിമല പോലുള്ള വിശ്വാസകാര്യങ്ങള്‍ ആഴത്തില്‍ ജനങ്ങളെ സ്പര്‍ശിക്കുമെന്ന് കണ്ടുള്ള പ്രചാരണമാണ് നടത്തിയത്. ആശാസമരം, ശബരിമല സ്വര്‍ണക്കൊള്ള, മാസപ്പടി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ആയുധങ്ങളാക്കി. തൃശ്ശൂരിലെ ബിജെപി വിജയമടക്കം സിപിഎം-ബിജെപി ഒത്തുകളിയെന്ന വ്യാഖ്യാനം ശക്തമാക്കുകയും പിഎംശ്രീ പദ്ധതിയില്‍ രഹസ്യമായി സര്‍ക്കാര്‍ ഒപ്പിട്ടത് ഈ ബന്ധത്തില്‍ ജനിച്ച കുഞ്ഞാണെന്ന പ്രചാരണവും നടത്തി. അത് ജനവിധിയില്‍ ഫലിച്ചെന്നുവേണം കരുതാന്‍. മുസ്ലിം ന്യൂനപക്ഷപ്രീണനം വിട്ട് സിപിഎം ഭൂരിപക്ഷ മൃദുസമീപനത്തിലേക്ക് മാറിയപ്പോള്‍ ആരെയും പിണക്കാതെയും എന്നാല്‍, സാമുദായികനേതൃത്വത്തോട് ബഹുമാനം കളയാതെ ദൂരം പാലിച്ചതും പൊതു അംഗീകാരം നേടിയെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലും സെമി ഫൈനലും വിജയിച്ച് ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങുന്ന ടീമിനെ പോലെയാണ് യുഡിഎഫ്. ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റത്താണ് മുന്നണിയുള്ളത്. നേതാക്കളുടെ മുഖത്ത് അത് പ്രകടവുമാണ്. തദ്ദേശപ്പോരാട്ടത്തില്‍ സാധാരണ ഇടതുപക്ഷം നേടാറുള്ള മേല്‍ക്കൈയില്ലാത്തത് ഭരണമാറ്റത്തിന്റെ സൂചനയായി നേതൃത്വം വിലയിരുത്തുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള വലിയ വേദിയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനും തൃശൂര്‍ ലോക്‌സഭാ സീറ്റും നല്‍കുന്ന ആവേശത്തില്‍, നിയമസഭയില്‍ 25 സീറ്റെങ്കിലും ലക്ഷ്യം വെച്ചാണ് എന്‍ഡിഎയുടെ പടയോട്ടം. കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം, ഇരുമുന്നണികളുടെയും 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം' തുറന്നുകാട്ടാനും അവര്‍ ശ്രമിക്കുന്നു. മറുവശത്ത് ബിജെപി, സംസ്ഥാന സര്‍ക്കാരിനെതിരേയും യുഡിഎഫിനെതിരെയും ശബ്ദമുയര്‍ത്തിയാണ് പിടിച്ചുനിന്നത്. വോട്ടുവിഹിതം വര്‍ധിപ്പിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടി നിര്‍ണായകസ്വാധീനമാകുക എന്നതുമായിരുന്നു പ്രധാനലക്ഷ്യം. അതിന് ബിജെപിക്ക് ആത്മവിശ്വാസം നല്‍കിയതാകട്ടെ തിരഞ്ഞെടുപ്പ് കണക്കുകള്‍ തന്നെയായിരുന്നു.
2024 ല്‍ ചരിത്രത്തിലാദ്യമായി കേരളത്തില്‍ നിന്ന് ലോക്‌സഭാ വിജയം നേടി. അത് ഇരുമുന്നണികള്‍ക്കും ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് സുരേഷ് ഗോപി കേന്ദ്രമന്ത്രിയുമായി. ആ ജയത്തിന്റെ ബലത്തിലാണ് കേരളം പിടിച്ചെടുക്കുകയെന്ന വലിയ ലക്ഷ്യം എന്‍ഡിഎ മുന്നോട്ടുവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപി പിടിച്ചെടുത്തു. 26 ഗ്രാമപ്പഞ്ചായത്തും രണ്ട് നഗരസഭയിലും ബിജെപി വേരാഴ്ത്തി നിന്നു. ബിജെപിക്ക് വോട്ടുകിട്ടുമ്പോള്‍ യുഡിഎഫ് വോട്ടാണ് കുറയുകയെന്ന നിരീക്ഷണം പഴങ്കഥയാകുന്ന കാഴ്ചയാണ് പ്രകടമായത്. ബിജെപി പെട്ടിയില്‍ എല്‍ഡിഎഫ്, യുഡിഎഫ് വോട്ടുകള്‍ നിസ്സംശയം വീഴുമെന്നും തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടു. ഏതുവിധേനയും പരമാവധി സീറ്റുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്.
കേരളം ഇന്നുവരെ കണ്ട രാഷ്ട്രീയ സമവാക്യങ്ങളെയെല്ലാം തിരുത്തിയാണ് ഇടതുമുന്നണി 2021 ല്‍ അധികാരത്തിലേറിയത്. ഭരണകാലാവധി തികഞ്ഞശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അതേ സര്‍ക്കാര്‍ തിരിച്ചെത്തുന്നത് കേരളചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. അതും ചെറിയ വിജയമായിരുന്നില്ല. 2016 ല്‍ 91 സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചതെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അത് 99 ആയി വര്‍ധിച്ചു. യുഡിഎഫാകട്ടെ ദയനീയമായി തോറ്റു. 41 സീറ്റിലൊതുങ്ങി. ബിജെപിക്ക് സീറ്റിങ് സീറ്റ് നിലനിര്‍ത്താനുമായില്ല. അഞ്ച് വര്‍ഷം ഭരിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളൊന്നും ഏശിയില്ലെന്നു മാത്രമല്ല, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രളയ ദുരിതാശ്വാസത്തിലും കോവിഡ് പ്രതിരോധത്തിലും സര്‍ക്കാര്‍ കാട്ടിയ മികവിനും ജനം കൈകൊടുത്തു.
അതോടെ ചരിത്രം കുറിച്ച് ഇടതുമുന്നണി തുടര്‍ഭരണത്തിലേറി. വിവാദശരങ്ങളില്‍ ഭരണപക്ഷ-പ്രതിപക്ഷ മുന്നണികള്‍ പോര്‍മുഖം തുറന്ന അഞ്ച് വര്‍ഷങ്ങള്‍ക്കാണ് പിന്നീട് കേരളം സാക്ഷിയായത്. പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ യുഡിഎഫിനെ നയിച്ചപ്പോള്‍ ക്യാപ്റ്റന്‍ താന്‍ തന്നെയെന്ന് പ്രഖ്യാപിച്ചാണ് ഒരര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുപോയത്. വിവാദങ്ങളുടെ കുത്തൊഴുക്കുകളെ വികസനം കൊണ്ട് തടഞ്ഞുനിര്‍ത്താനും പ്രതിരോധിച്ച് മറികടക്കാനും ഇടതുമുന്നണി ആവുന്നത്ര മുന്നിട്ടിറങ്ങി. ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പയറ്റി യുഡിഎഫും വിട്ടുകൊടുക്കാതെ ബിജെപിയും സാന്നിധ്യമുറപ്പിച്ചു. അതോടെ കഴിഞ്ഞ അഞ്ചാണ്ട് രാഷ്ട്രീയ കേരളം തിളച്ചുമറിഞ്ഞു. തിരഞ്ഞെടുപ്പ് തീയതി കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ മുന്നണികളുടെ നെഞ്ചിടിപ്പേറുകയാണ്. മൂന്നാം തവണയും ഭരണത്തിലേറി പിണറായി വിജയന്‍ ചരിത്രം ആവര്‍ത്തിക്കുമോ, അതോ വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമോ എന്ന ചോദ്യം ഇന്ന് ഓരോ മലയാളിയിലുമുണ്ട്. ബിജെപി പിടിക്കുന്ന വോട്ടുകള്‍ ആരുടെ സാധ്യതകളെയാണ് ഇല്ലാതാക്കുക എന്നതും നിര്‍ണ്ണായകമാണ്. വിവാദങ്ങളുടെ പുകമറകള്‍ക്കിടയില്‍ വികസനവും രാഷ്ട്രീയ തന്ത്രങ്ങളും ഒരുപോലെ ഏറ്റുമുട്ടുമ്പോള്‍, ഏപ്രില്‍ ഒന്‍പതിലെ ജനവിധി കേരള രാഷ്ട്രീയത്തിന്റെ പുതിയ വഴിത്തിരിവാകും.


