- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് മര്‍ദ്ദനം അടക്കം നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിക്കാന്‍ വിഷയങ്ങള്‍ നിരവധി; രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയാല്‍ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ചുറ്റിത്തിരിയും; പാലക്കാട് എംഎല്‍എ നിയമസഭയില്‍ എത്തേണ്ടെന്ന തീരുമാനം മാറ്റാതെ സതീശന്‍; സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാതെ നേതാക്കളും
പോലീസ് മര്‍ദ്ദനം അടക്കം നിയമസഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിക്കാന്‍ വിഷയങ്ങള്‍ നിരവധി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ വിവാദമായി ആടിപ്പടരുന്നു. കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും നിന്നും നീക്കാനും തീരുമാനിച്ചത് പാര്‍ട്ടിയാണ്. ഈ തീരുമാനത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്. വിഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ അനുയായികളാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തതും കോണ്‍ഗ്രസില്‍ ഉള്‍പോര് കടുക്കുന്നതിന്റെ ലക്ഷണമായി വിലയിരുത്തുന്നു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കണോ എന്ന ചര്‍ച്ചകളിലേക്കും പാര്‍ട്ടി കടന്നിട്ടുണ്ട്. എന്നാല്‍. ഒരുകാരണവശാലും പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉറച്ചുനില്‍ക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെയും തര്‍ക്കാലം വകവെക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കണോയെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം എംഎല്‍എയെന്ന നിലയില്‍ രാഹുലിനുണ്ടെന്ന വാദം ഒരുവിഭാഗം ഉന്നയിക്കുന്നു. രാഹുല്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം യോഗം ചേരും.
പങ്കെടുക്കേണ്ടെന്നാണു തീരുമാനമെങ്കില്‍ അക്കാര്യം രാഹുലിനെ ഞായറാഴ്ച അറിയിക്കും. രാഹുല്‍ സഭയിലെത്തിയാല്‍ സമ്മേളനത്തിന്റെ ശ്രദ്ധ അദ്ദേഹത്തിലേക്കു തിരിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ഭരണപക്ഷം മുന്നിട്ടിറങ്ങുമെന്ന ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പോലീസ് മര്‍ദനമടക്കം സര്‍ക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളുള്ളപ്പോള്‍ ചര്‍ച്ചകള്‍ രാഹുലില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നാണു വിലയിരുത്തല്‍. ഇത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
ലൈംഗിക ആരോപണം നേരിടുന്ന ഭരണപക്ഷ എംഎല്‍എമാരെ ഉന്നമിട്ട് രാഹുലിനു പ്രതിരോധം തീര്‍ക്കുന്ന പ്രതീതി സൃഷ്ടിക്കേണ്ടതില്ലെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ പോലും ഇതുവരെ പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തില്‍, അദ്ദേഹത്തെ പാര്‍ട്ടി തഴയുന്നതു ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. ഇക്കാര്യത്തില്‍ സതീശന്‍ അനാവശ്യ കടുംപിടിത്തം കാട്ടുകയാണെന്നാണ് ഇവരുടെ പരാതി. എന്നാല്‍, രാഹുലിനെതിരെ ഇതുവരെ പുറത്തുവന്നതിനെക്കാള്‍ ഗുരുതരമായ പരാതികള്‍ നേതൃത്വത്തിനു മുന്നിലുണ്ടെന്നു പറയുന്നവരുണ്ട്. മാത്രമല്ല, രാഹുലിനെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചവരെ നിയമപരമായി നേരിടാന്‍ പോലും രാഹുല്‍ തയ്യാറല്ല.
കേസില്‍ നിയമപരമായി മുന്നോട്ടുപോകാനോ വെളിപ്പെടുത്തലുകള്‍ നടത്താനോ താല്‍പര്യമില്ലെന്നറിയിച്ച് നേതൃത്വത്തിനു മുന്നില്‍ പരാതിയറിയിച്ചവരുണ്ടെന്നാണ് നേതൃത്വത്തിലുള്ള ചിലര്‍ സ്വകാര്യമായി പറയുന്നത്. പരാതികള്‍ വ്യാജമായിരുന്നെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് അവയൊന്നും ഇതുവരെ നിഷേധിച്ചില്ലെന്നും ഇവര്‍ ചോദിക്കുന്നു. രാഹുലിനെതിരായ പരാതികളില്‍ ഉചിതമായ നടപടിയെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അതിനു പിന്നാലെ, സതീശനെ ഉന്നമിട്ട് സൈബര്‍ ആക്രമണം ആരംഭിച്ചതു കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായി. എത്ര ആക്രമിച്ചാലും രാഹുലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണു സതീശന്‍. സൈബര്‍ ആക്രമണം ഷാഫി പറമ്പിലടക്കം ചില നേതാക്കളുടെ അറിവോടെയാണെന്ന് വിചാരിക്കുന്നവരുമുണ്ട്. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നിന്നു സതീശന്‍ ഇടപെട്ട് മുന്‍പ് പുറത്താക്കിയ ചിലര്‍ക്ക് ഇത്തരം പ്രചാരണങ്ങളില്‍ പങ്കുണ്ടെന്നും ഷാഫിയും സതീശനും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം അതിനു പിന്നിലുണ്ടെന്നും നേതൃത്വം കരുതുന്നു.
അതിനിടെ, രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഡിജിപിക്കു പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ക്രൈംബ്രാഞ്ചിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തന്നെ മൊഴി നല്‍കി. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് രാഹുലിനെതിരെ ഗൂഢാലോചന നടത്തുന്നതെന്നും അവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നുമാണ് വനിതാ നേതാവിന്റെ മൊഴി. ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇവര്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് ജവഹര്‍ നഗരിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തുറന്നേക്കും.
രാഹുല്‍ വിഷയം കോണ്‍ഗ്രസില്‍ തന്നെ വലിയ പടലപ്പിണക്കങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനിടെ യുവനടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോ എന്നു നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു വ്യക്തമാക്കിയ നടി ചാറ്റ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു നല്‍കി. എന്നാല്‍ കൂടുതല്‍ നിയമനടപടികള്‍ക്ക് ഇല്ലെന്ന നിലപാടാണ് നടി. വെളിപ്പെടുത്തല്‍ നടത്തിയ ആരും കേസുമായി മുന്നോട്ടുപോകാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നടിയെ പരാതിക്കാരിയായി പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്.