തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായി അന്വേഷണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയതാണ് പുതിയ സമ്മേളന കാലയളവിലെ ശ്രദ്ധേയമായ ആദ്യ സംഭവം. രാഹുലിന്റെ വരവോടെ ആശ്വാസത്തിലായത് ഭരണപക്ഷമാണ്. കസ്റ്റഡി മര്‍ദ്ദന വിവാദങ്ങളില്‍ മുഖംപോയിരിക്കുന്ന സര്‍ക്കാറിന് പിടിവള്ളിയായി രാഹുലിന്റെ സഭയിലേക്കുള്ള എന്‍ട്രി. അതുകൊണ്ട് തന്നെ ആദ്യദിനത്തില്‍ രാഹുലിനെതിരെ സഭയ്ക്കുള്ളില്‍ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.

പ്രതിഷേധിക്കാതെ 'നാളെയും വരണേ' എന്ന കരുതലെടുക്കല്‍ സമീപനമായിരുന്നു രാഹുലിനോട് ഇന്ന് ഭരണപക്ഷത്തിന്. രാഹുല്‍ സഭയില്‍ ഹാജറുണ്ടെങ്കില്‍ സര്‍ക്കാറിനെതിരായ മറ്റു വിഷയങ്ങളെ സമര്‍ഥമായി അട്ടിമറിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍, രാഹുല്‍ സഭയില്‍ ഹാജറായതോടെ വെട്ടിലായത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. പ്രതിപക്ഷ നേതാവിനെ ധിക്കരിച്ചാണ് രാഹുല്‍ സഭയില്‍ എത്തിയതെന്ന പൊതുവികാരം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സമ്മേളന കാലത്ത് പ്രതിപക്ഷ അംഗങ്ങള്‍ക്ക് വിശ്വാസമില്ലാത്ത പ്രതിപക്ഷ നേതാവെന്ന കാര്യം പറഞ്ഞ് മുതലെടുക്കാനാകും സര്‍ക്കാര്‍ ശ്രമം. വരും ദിവസങ്ങളില്‍ രാഹുല്‍ വിഷയം എങ്ങനെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുമെന്നത് ആകാംക്ഷയുണ്ടാക്കുന്ന കാര്യമാണ്.

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്ന സമയത്താണ്, ആകാംക്ഷ അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയിലേക്ക് എത്തുന്നത്. രാഹുല്‍ സഭയിലേക്ക് എത്തിയപ്പോള്‍ ആരും പ്രതികരിച്ചില്ല. ഭരണപക്ഷത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്.

സിപിഎം ബന്ധം അവസാനിപ്പിച്ചതിനു ശേഷം പി വി അന്‍വറിന് നല്‍കിയ സീറ്റാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സ്പീക്കര്‍ അനുവദിച്ചത്. പതിവായി വിമതന്‍മാര്‍ക്കുള്ള സീറ്റിലേക്കാണ് രാഹുല്‍വിമത പരിവേഷത്തില്‍ എത്തിയത്. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാല്‍ രാഹുല്‍ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്. സഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാന്‍ അനുവാദം ലഭിച്ചില്ല. പ്രതിപക്ഷ നിരയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു.

നിയമസഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ കെ എം അഷ്‌റഫും സംസാരിച്ചു. യു എ ലത്തീഫ്, ടി വി ഇബ്രാഹിം എന്നിവരും രാഹുലിനോട് സംസാരിച്ചു. കോണ്‍ഗ്രസ് അംഗങ്ങളൊന്നും ്‌രാഹുലിനെ വകവെച്ചില്ല. അടൂരിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും അടൂരിലെ വിശ്വസ്തനുമായ റെനോ പി രാജന്‍, തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ , എംഎല്‍എയുടെ സഹായി ഫസല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിയമസഭയില്‍ സ്ഥിരമായി ഹാജരാകാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തീരുമാനം. ശനിയാഴ്ച രാഹുല്‍ പാലക്കാട് മണ്ഡലത്തിലുമെത്തും.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനില്ല. കോണ്‍ഗ്രസിന്റെ എംഎല്‍എ ആയിരുന്നുവെങ്കില്‍ അഭിപ്രായം പറയാമായിരുന്നു. ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഇല്ല. കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തിയതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലപാടാണ് താന്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസിന്റെ കാര്യം അവരുടെ ഭാരവാഹികളാണ് പറയേണ്ടതെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചര്‍ച്ച ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാഹുല്‍ നിയമസഭയില്‍ എത്തിയാല്‍ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളുടെ വീര്യം കുറയ്ക്കുമെന്നതുകൊണ്ടാണ് വിഡി സതീശന്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചിരുന്നത്. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍, അതിന്മേല്‍ മുഖ്യമന്ത്രി തുടരുന്ന മൗനം, തൃശൂരിലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ഡിവൈഎഫ്ഐ നേതാവിന്റെ ഫോണ്‍ സംഭാഷണം തുടങ്ങിയവ ഉന്നയിച്ച് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എന്നാല്‍ ഭരണപക്ഷത്തിന്റെ കയ്യില്‍ അടിക്കാനുള്ള വടിയാണ് രാഹുല്‍ സഭയില്‍ എത്തിയതോടെ നല്‍കിയത്.

രാഹുലിനെ സഭയില്‍ എത്തിക്കുമെന്ന വാശിയിലായിരുന്നു പിസി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള പഴയ എ പക്ഷം. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്, ഷാഫിപറമ്പില്‍ എംപി, പിസി വിഷ്ണുനാഥ് എംഎല്‍എ എന്നിവരും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസനും രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിന്റെ കാര്യങ്ങള്‍ പാര്‍ട്ടി നോക്കേണ്ടതില്ലെന്നും സഭയില്‍ എത്തേണ്ട കാര്യം രാഹുലാണ് തീരുമാനിക്കേണ്ടതെന്നും മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ഇതിനനുസരിച്ച് രാഹുല്‍ സഭയില്‍ എത്തിയതോടെ വിഡി സതീശന്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.രാഹുലിനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് നടപടി സ്വീകരിക്കാന്‍ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു. ആ നേതാക്കള്‍ എല്ലാം നിലപാട് മയപ്പെടുത്തിയെങ്കിലും വിഡി സതീശന്‍ പിന്നോട്ടുപോയില്ല. രാഹുല്‍ തങ്ങളുടെ ഭാഗമല്ലെന്നാണ് സതീശന്‍ പറഞ്ഞത്. തങ്ങളുടെ ബോദ്ധ്യത്തില്‍ നിന്നാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും പൊതുസമൂഹത്തിന് മുന്നില്‍ വലിയ മാതൃകയാണ് കോണ്‍ഗ്രസ് കാട്ടിയതെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ഈ നിലപാട് പാര്‍ട്ടിയിലെ എല്ലാ നേതാക്കളും പിന്തുടര്‍ന്നിരുന്നെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നേട്ടം ലഭിച്ചേനെ. ഭരണപക്ഷത്ത് ലൈംഗിക ആരോപണം നേരിടുന്നവര്‍ ഒരു കൂസലും ഇല്ലാതെ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായ നടപടി സ്വീകരിച്ചെന്ന വാദം പാര്‍ട്ടിക്ക് ഉയര്‍ത്താമായിരുന്നു. എന്നാല്‍ ഇന്ന് രാഹുല്‍ സഭയില്‍ എത്തിയതോടെ ഈ നേട്ടങ്ങള്‍ എല്ലാം കാറ്റില്‍പറക്കാന്‍ ഒരു കാരണമാകും.നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നില്ല.

സ്വന്തം ഇഷ്ടപ്രകാരമാണ് സഭയില്‍ എത്തിയത്. നിയമപരമായി സഭയില്‍ പങ്കെടുക്കുന്നതിനും തടസമില്ല. ആരോപണങ്ങള്‍ക്ക് ശേഷം അടൂരിലെ വീട്ടിലുണ്ടായിരുന്ന രാഹുല്‍ ഇതുവരെ പൊതുപരിപാടികളില്‍ ഒന്നിലും പങ്കെടുത്തിരുന്നില്ല. നിയമസഭയില്‍ എല്ലാ ദിവസവും പങ്കെടുക്കാനാണ് തീരുമാനം. ശേഷം മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം. വിവാദങ്ങള്‍ക്ക് ശേഷം രാഹുല്‍ ഇതുവരെ പാലക്കാട് പോയിട്ടില്ല. അതേസമയം, ചില നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് രാഹുല്‍ നിയമസഭയില്‍ എത്തിയതെന്നാണ് വിവരം.