- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിയുടെ 'മലപ്പുറം' പ്രയോഗത്തില്‍ മൗനം പാലിച്ച സിപിഎം തുടര്‍ വിവാദങ്ങളിലും തന്ത്രപരമായ മൗനത്തില്‍; നടേശന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസിന്റേത് വിവേക ശൂന്യത; വെള്ളാപ്പള്ളിയുടെ കെണിയില്‍ വീണ് കോണ്‍ഗ്രസ്; മുതലെടുപ്പിന് ബിജെപിയും; പിണറായി ഒരുക്കിയ ചതുരംഗക്കളത്തില്‍ യുഡിഎഫിന് കാലിടറുമോ?
വെള്ളാപ്പള്ളിയുടെ 'മലപ്പുറം' പ്രയോഗത്തില്‍ മൗനം പാലിച്ച സിപിഎം തുടര്‍ വിവാദങ്ങളിലും തന്ത്രപരമായ മൗനത്തില്‍;
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം ഒരു ജീവന്‍മരണ പോരാട്ടമാണ്. ബിഹാറിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ വലിയ തിരിച്ചടി നേരിടുന്ന കോണ്‍ഗ്രസിന് കേരളത്തില്‍ അധികാരം പിടിച്ചു ദേശീയ തലത്തിലേക്ക് വലിയൊരു തിരിച്ചുവരവ് നടത്തേണ്ടത് അനിവാര്യമാണ്. മറുവശത്ത് സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായതിനാല്‍ ഭരണം നിലനിര്‍ത്തുക പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനും അനിവാര്യമാകുന്ന കാര്യമാണ്. ഇരുവര്‍ക്കും ഇടയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ വേണ്ടിയാണ് ബിജെപി കളത്തിലുള്ളത്.
ഇതിനിടയാണ് കേരളം രാഷ്ട്രീയം വെള്ളാപ്പള്ളിയെ ചുറ്റിത്തിരിയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഞെട്ടലില്‍ നിന്നും സിപിഎമ്മിനെ കരകയറ്റാന്‍ പിണറായി പലവഴികളും തേടുന്നുണ്ട്. തന്ത്രങ്ങള്‍ മെനയുന്നതില്‍ പിണറായി വിജയനോളം മിടുക്കനായ മറ്റൊരു രാഷ്ട്രീയക്കാരന്‍ ഇന്നത്തെ കേരളത്തിലില്ല. പിണറായി പറയുന്ന ഓരോ വാക്കിനും ചെയ്യുന്ന ഓരോ പ്രവര്‍ത്തിക്കും കൃത്യമായ ലക്ഷ്യമുണ്ട്. ഇപ്പോള്‍ വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി പിണറായി വിജയന്‍ കളിക്കുന്ന കളിയില്‍ കോണ്‍ഗ്രസ് കെണിയില്‍ വീണുവെന്ന വിശ്വസിക്കുന്നവരുമുണ്ട്.
വെള്ളാപ്പള്ളി നടേശന്‍ കുറച്ചു ദിവസങ്ങളായി നടത്തുന്ന മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ വലിയ ചര്‍ച്ചയാവുകയാണ്. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും തുടങ്ങാന്‍ മുസ്ലിം ലീഗ് സമ്മതിക്കുന്നില്ലെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. വാസ്തവത്തില്‍ കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. അനുമതി നല്‍കേണ്ടത് ഈ സര്‍ക്കാരാണ്. എന്നിട്ടും വെള്ളാപ്പള്ളി പിണറായിയെ കുറ്റപ്പെടുത്തുന്നില്ല, പകരം ലീഗിനെ കടന്നാക്രമിക്കുന്നു.
ഇവിടെയാണ് പിണറായിയുടെ തന്ത്രം. വെള്ളാപ്പള്ളിയെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറല്ല. വെള്ളാപ്പള്ളി മതേതരത്വത്തിന്റെ വക്താവാണെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിശേഷിപ്പിക്കുന്നത്. ഹിന്ദു വോട്ടുകള്‍ ധ്രുവീകരിച്ച് യുഡിഎഫില്‍ നിന്ന് അകറ്റുക എന്ന അജണ്ട വെള്ളാപ്പള്ളിയെക്കൊണ്ട് പിണറായി ഭംഗിയായി നടപ്പിലാക്കുന്നു.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്നു വിളിച്ചതില്‍ പ്രതിഷേധം ആളിക്കുന്നുണ്ട്. ഇതിനിടെയാണ് യൂത്തി കോണ്‍ഗ്രസ് പരിധിവിട്ട പ്രസ്താവനകളുമായി രംഗത്തുവന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളില്‍ പ്രകോപിതനായി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുത്തൂര്‍ നടത്തിയ പ്രസ്താനവയാണ ്‌വിവാദത്തിലായത്. 'വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരിയോയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും.' ഇതൊരു ആത്മഹത്യാപരമായ നിലപാടാണെന്ന വിലയിരുത്തല്‍ ഉയരുന്നുണ്ട്.
വെള്ളാപ്പള്ളി നടേശന്‍ എന്ന വ്യക്തിയെ വിമര്‍ശിക്കാം, അദ്ദേഹം അഴിമതിക്കാരനാണെന്ന് ആരോപിക്കാം. പക്ഷേ, അദ്ദേഹം എസ്എന്‍ഡിപി യോഗം എന്ന വലിയൊരു പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. ഒരു സമുദായ നേതാവിനെതിരെ ഇത്തരമൊരു 'കരിയോയില്‍' പ്രയോഗം നടത്തുന്നത് ആ സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ്. പാണക്കാട് തങ്ങള്‍ക്കെതിരെയോ, സുകുമാരന്‍ നായര്‍ക്കെതിരെയോ, ഏതെങ്കിലും മെത്രാപ്പോലീത്തയ്ക്കെതിരെയോ കോണ്‍ഗ്രസ് ഇത്തരമൊരു ആഹ്വാനം നടത്തുമോ? എന്ന ചോദ്യവും പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. ഹാരിസ് മുത്തൂര്‍ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവാദമാകുന്ന പ്രസ്താവന നടത്തുമ്പോള്‍ ബിജെപിയും വിഷയം അവസരമാക്കുന്നു. ഫലത്തില്‍ പിണറായിക്കും ബിജെപിക്കും ഒരേപോലെ ആയുധമാകുന്നു.
ഇത് ജിഹാദി നിലപാടാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കം ആരോപിച്ചു കഴിഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്തുവന്നു. എത്ര മതേതര മുഖം മൂടി അണിഞ്ഞാലും ഉള്ളില്‍ ഉള്ള ജിഹാദിത്തരം അറിയാതെ പുറത്തേക്ക് വരുന്നതിന്റെ തെളിവാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണ എന്നാണ് ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
അമ്പലം കൊള്ളക്കാരായ കമ്മ്യൂണിസ്റ്റുകളെക്കാള്‍ 100 ഇരട്ടി വീര്യമുള്ള ഉഗ്ര വിഷം ആണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പിന്തുണയോടെ അധികാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന യുഡിഫ് എന്ന വര്‍ഗീയ മുന്നണിയെന്നും ബി ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ ഏതാണ്ട് 23 ശതമാനം വരുന്ന പ്രധാനപെട്ട വിഭാഗം ആണ് ഈഴവ/തിയ്യ വിഭാഗം. ആ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന എസ്എന്‍ഡിപിയുടെ അനിഷേധ്യനായ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍. അതുകൊണ്ട് വിരട്ടല്‍ ഭീഷണി ഒന്നും ഇങ്ങോട്ട് ഇറക്കരുതെന്നും ബിജെപി നേതാവ് പറയുന്നു. കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം എന്നതിന്റെ ഉത്തരമാണ് ഇത്തരം പ്രതികരണങ്ങളെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു.
അവസരം മുതലെടുത്ത് ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. രാഷ്ട്രീയത്തില്‍ വികാരമല്ല, വിവേകമാണ് വേണ്ടത്. പിണറായി വിജയന്‍ വിരിച്ച വലയില്‍ ആവേശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ചെന്ന് ചാടുകയാണ്. വെള്ളാപ്പള്ളിയെ ആക്രമിക്കുന്നതിലൂടെ ഈഴവ വോട്ടുകള്‍ മൊത്തമായി എല്‍ഡിഎഫിലേക്കും ബിജെപിയിലേക്കും തള്ളുകയാണ് യുഡിഎഫ് ചെയ്യുന്നതെന്ന വിമര്‍ശനവും ശക്തമാണ്.




