- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനോട് നോ പറഞ്ഞ ഉറച്ച നിലപാട്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ 'എന്റെ ബോധ്യങ്ങളില്‍ അണുവിട മാറില്ല' എന്ന് തുറന്നുപറച്ചില്‍; ത്രിതലത്തില്‍ വോട്ടിടും മുമ്പ് പറഞ്ഞത് നാല് കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന്; യുഡിഎഫിന്റെ 'ഇലക്ഷന് എഞ്ചിനീയര്‍ക്ക്' ഒന്നും പിഴച്ചില്ല; തദ്ദേശത്തിലെ യുഡിഎഫിന്റെ വമ്പന്‍ വിജയം വി ഡി സതീശന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം
യുഡിഎഫിന്റെ 'ഇലക്ഷന് എഞ്ചിനീയര്‍ക്ക്' ഒന്നും പിഴച്ചില്ല
തിരുവനന്തപുരം: വിഷയങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നേതാവിന് കേരള ജനത ചേര്‍ത്തു പിടിക്കുന്ന കാഴ്ച്ചയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും കേരളം കണ്ടത്. വി ഡി സതീശനായിരുന്നു യുഡിഎഫിന്റെ നായകന്‍. തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ കണക്കുകൂട്ടലുകളോടെ മുന്നോട്ടു പോകുക എന്നതാണ് അദ്ദേഹം സ്വീകരിച്ചു വന്ന ശൈലി. ആ ശൈലിക്കുണ്ടായ വിജയമാണ് യുഡിഎഫിന് വലിയ വിജയവും. സതീശന്‍ പ്രതിപക്ഷ നേതാവായതിന് ശേഷം യുഡിഎഫ് നേരിട്ട തിരഞ്ഞെടുപ്പുകളില്‍ ചേലക്കരയില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. നാല് ഉപതിരഞ്ഞെടുപ്പികളില്‍ വിജയിച്ചു. പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയം നേടി. വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലും വിജയം കണ്ടു. സതീശന്റെ നിലപാടിനും നേതൃത്വത്തിനും ജനം നല്‍കിയ അംഗീകാരമായി യുഡിഎഫിന്റെ തദ്ദേശ വിജയത്തെ ആളുകള്‍ വിലയിരുത്തുന്നുണ്ട്.
പെണ്‍വിഷയവും വര്‍ഗീയതയും അടക്കം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറുവശത്ത് ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക എന്നതായിരുന്നു വി ഡി സതീശന്റെ നിലപാട്. തദ്ദേശത്തില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് ആവര്‍ത്തിച്ച അദ്ദേഹം വോട്ടിടും മുമ്പ് നാല് കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പറഞ്ഞതു പോലെ യുഡിഎഫ് നാല് കോര്‍പ്പറേഷനുകളില്‍ വിജയിച്ചു. മറ്റിടങ്ങളില്‍ മികച്ച പോരാട്ടം കാഴ്ച്ചവെച്ചു. ജില്ലാ പഞ്ചായത്തുകളില്‍ മികച്ച വിജയം നേടുമെന്ന് പറഞ്ഞതും അച്ചട്ടായി.
ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫ് വിജയിച്ചു. 86 മുനിസിപ്പാലിറ്റികളില്‍ 54 എണ്ണവും 152 ബ്ലോക്ക് പഞ്ചായത്തില്‍ 82 ഇടങ്ങളിലും യുഡിഎഫ് വിജയിച്ചു. 941 ഗ്രാമ പഞ്ചായത്തുകളില്‍ 438 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 7 ജില്ലകളില്‍ യുഡിഎഫ് വിജയം നേടുകയും ചെയ്തു. കോര്‍പ്പറേഷനുകളില്‍ കൊല്ലം, കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചു. കോഴിക്കോട് മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്. ഇവിടെയും ഗണ്യമായ തോതില്‍ സീറ്റുകള്‍ നഷ്ടമായി.
മുനിസിപ്പാലിറ്റികളില്‍ 2020-ല്‍ നഷ്ടപ്പെട്ടവയില്‍ ഭൂരിപക്ഷവും യുഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം, ഗ്രമ പഞ്ചായത്തുകളില്‍ യുഡിഎഫ് വന്‍മുന്നേറ്റമാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിന് മേല്‍ക്കൈ നിലനിര്‍ത്താനായി. പാലക്കാട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. പാലക്കാട് നഗരസഭയില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി ഭരണം നേടിയ ബിജെപി ഇത്തവണ പിറകിലായി. നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. 35 വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം നേടി. യുഡിഎഫിന്റെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളും പ്രചരണം അജണ്ടയും വിജയിപ്പിക്കാന്‍ സാധിച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയികുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സ്വന്തം അണികളില്‍ നിന്നും സൈബര്‍ ആക്രമണം ഉണ്ടായപ്പോഴും അതിനെ സധൈര്യമാണ് വി ഡി സതീശന്‍ നേരിട്ടത്. രാഹുല്‍ വിഷയത്തില്‍ 'എന്റെ ബോധ്യങ്ങളില്‍ അണുവിട മാറില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ നിലപാടുകള്‍ തന്നെയാണ് സതീശനിലെ ലീഡറുടെ സവിശേഷതയും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും ഈ നിലപാടിന്‍രെ കാര്‍ക്കശ്യം കേരളം കണ്ടു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചപപോല്‍ അത് സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സതീശനിസത്തിന്റെ വിജയമായി തന്നെ അത് അടയാളപ്പെടുത്തിയിരുന്നു. പി.വി. അന്‍വറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ യുഡിഎഫിന്റെ പടിക്കു പുറത്തുനിര്‍ത്തിയിരുന്നു അദ്ദേഹം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയപ്പോഴും അതിനെ എല്‍ഡിഎഫ് കടന്നാക്രമിച്ചു. എന്നാല്‍, നിലപാടില്‍ മാറ്റമില്ലാതെ തിരിച്ചു ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്തത്. സിപിഎമ്മിന്റെ ഇരട്ടത്താപ്പുകള്‍ കൃത്യമായി തുറന്നുകാട്ടുകയും ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ വീഴ്ച്ചകല്‍ തുറന്നു കാട്ടിയും അദ്ദേഹം രംഗത്തുവന്നു.
നിയമസഭാ തെരഞ്ഞടുപ്പാണ് തന്റെ അടുത്ത ദൗത്യമെന്ന് സതീശന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. വിജയത്തിന്റെ ക്രെഡിറ്റ് സ്വന്തം എടുക്കാതെ അത് ടീ യുഡിഎഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദിയെന്നും സതീശന്‍ പ്രതികരിച്ചു.
'യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. അവര്‍ കാണിച്ച വര്‍ഗീയത തോല്‍വിക്ക് കാരണമായി.' സതീശന്‍ പറഞ്ഞു. 'പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വര്‍ഗീയതയും ശേഷം ഭൂരിപക്ഷ വര്‍ഗീയതയുമാണ് അവര്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപി എന്തെങ്കിലും നേട്ടം കൊയ്തിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ സിപിഎമ്മിന്റെ പ്രീണനനീക്കമാണ്.'
'ജനവിധിയെ സിപിഎം വളരെ മോശമായിട്ടാണ് ആക്ഷേപിച്ചിരിക്കുന്നത്. ഭംഗിയായി ശാപ്പാട് കഴിച്ച് ഞങ്ങള്‍ക്കിട്ട് തിരിഞ്ഞുകൊത്തിയെന്നാണ് എം. എം മണി പറഞ്ഞത്. ജനങ്ങളെ പൂര്‍ണമായും അധിക്ഷേപിക്കുകയാണ് ഇവര്‍. സാമ്പത്തികമായി കേരളത്തിന്റെ ഗജനാവിനെ ഊറ്റിയെടുത്ത സര്‍ക്കാരാണ്. ഇവരുടെ ആരുടെയും വീട്ടില്‍ നിന്ന് കൊടുത്ത ഔദാര്യമായിരുന്നില്ലല്ലോ ഒന്നും. ക്ഷേമപരിപാടികള്‍ ആദ്യമായി കൊണ്ടുവന്ന സര്‍ക്കാരല്ല ഇടതുപക്ഷ സര്‍ക്കാര്‍. ക്ഷേമപദ്ധതികളെ അട്ടിമറിച്ച സര്‍ക്കാരാണ് ഇവര്‍. എന്നിട്ടും അവര്‍ക്കെങ്ങനെ ജനഹിതത്തെ നിസ്സാരമായി അപമാനിക്കാന്‍ കഴിയും. ഇത് എം.എം മണിയുടെ മാത്രം അഭിപ്രായമല്ല. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ ഉള്ളിലിരിപ്പും ഇത് തന്നെയാണ്. ' സതീശന്‍ വ്യക്തമാക്കി.
'ജനകീയ പ്രശ്‌നങ്ങളില്‍ ടീം യുഡിഎഫ് ജനങ്ങളോടൊപ്പം തന്നെയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പെന്ന മഹാ പോരാട്ടത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ ജനങ്ങള്‍ നല്‍കിയ ഈ പിന്തുണ ഞങ്ങളുടെ ഉള്ളിലുണ്ടാകും. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശക്തിയാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതന്നത്.' ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി പെരുമാറുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.




