- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി 12 ന് വാക്കുമാറ്റിയ സര്‍ക്കാരിന് ഗവര്‍ണര്‍ പണികൊടുത്തു! സഭയില്‍ നാടകീയ രംഗങ്ങള്‍; 'അര്‍ധസത്യങ്ങളും അസത്യങ്ങളും' തിരുത്തിയെന്ന വിശദീകരണവുമായി ലോക്ഭവന്‍; ഗവര്‍ണറും പിണറായിയും കളിക്കുന്നത് ഒത്തുകളി നാടകമെന്ന് സതീശന്‍; വിശ്വസിക്കാന്‍ കൊള്ളാത്ത രേഖയെന്ന് പ്രതിപക്ഷ നേതാവ്
രാത്രി 12 ന് വാക്കുമാറ്റിയ സര്‍ക്കാരിന് ഗവര്‍ണര്‍ പണികൊടുത്തു!

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തെച്ചൊല്ലി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും പിണറായി സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. സര്‍ക്കാരിന്റെ കരട് പ്രസംഗത്തില്‍ 'അര്‍ധസത്യങ്ങളും' 'അസത്യങ്ങളും' നിറഞ്ഞതിനാലാണ് ചില ഭാഗങ്ങള്‍ തിരുത്തേണ്ടി വന്നതെന്ന വിശദീകരണവുമായി ലോക്ഭവന്‍ രംഗത്തെത്തി. ഭേദഗതികള്‍ അംഗീകരിക്കാമെന്ന് ആദ്യം സമ്മതിച്ച സര്‍ക്കാര്‍, അതുചെയ്തില്ലെന്നും ലോക്ഭവന്‍ ഇറക്കിയ വിശദീകരണത്തില്‍ പറയുന്നു. വിവാദം അനാവശ്യമെന്നാണ് ഗവര്‍ണറുടെ വാദം.
'അര്‍ധ അസത്യങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ലോക്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. അതിനനുസൃതമായി ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു സര്‍ക്കാരില്‍ നിന്നുണ്ടായ പ്രതികരണം. മാത്രമല്ല, ലോക്ഭവന്‍ നിര്‍ദ്ദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചു തരാമെന്ന സൂചനയും നല്കിയിരുന്നു. എന്നാല്‍, ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതികള്‍ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്. യാത്ര കഴിഞ്ഞ് കോഴിക്കോട് നിന്നും വൈകി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ താന്‍ നിര്‍ദ്ദേശിച്ചതും, സര്‍ക്കാര്‍ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് രാവിലെ സഭയില്‍ വായിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചുവെന്നും പരമോന്നതകോടതി അത് ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടില്‍ പറഞ്ഞിരുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിന് വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ കരടിലെ പ്രസ്തുത പരാമര്‍ശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്.
കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നവയാണ് എന്ന പരാമര്‍ശവും കരടില്‍ നിന്ന് ഒഴിവാക്കണം എന്ന് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നു. പകരം മുന്‍കൂര്‍ തുകകള്‍ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവന്‍ നിര്‍ദ്ദേശിച്ചിരുന്നതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.
നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയിരുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 12, 15 ഖണ്ഡികകളിലെ ഓരോ വാചകങ്ങളാണ് ഒഴിവാക്കിയത്.ഖണ്ഡിക 16 ലെ വാചകത്തില്‍ 'എന്റെ സര്‍ക്കാര്‍ കരുതുന്നു' എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
നിയമസഭയിലെ നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചിരുന്നു. കേന്ദ്ര വിഹിതം 60 ശതമാനമായി കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അതേ രീതിയില്‍ തുടരണം. കേന്ദ്ര വിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു. ന്യായീകരണമില്ലാത്ത വെട്ടികുറയ്ക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നയപ്രഖ്യാപനത്തില്‍ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം ജനങ്ങളെ കബളിപ്പിക്കാന്‍: വി.ഡി. സതീശന്‍
സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് പ്രസംഗിപ്പിച്ച നയപ്രഖ്യാപന പ്രസംഗം തെറ്റായ അവകാശവാദങ്ങളും അര്‍ധസത്യങ്ങളും കുത്തിനിറച്ച വിശ്വാസ്യതയില്ലാത്ത രേഖയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമമാണ് ഈ പ്രസംഗമെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ വരികള്‍ക്കിടയിലൂടെ മുഴച്ചുനില്‍ക്കുന്നുണ്ടെന്നും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ ഇതിലൂടെ തുറന്നു സമ്മതിക്കുകയാണെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ നിന്ന് 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് മുന്‍പ് പ്രചരിപ്പിച്ചിരുന്ന സര്‍ക്കാര്‍, അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തില്‍ പരാമര്‍ശിക്കുന്നില്ല. സുപ്രീംകോടതിയില്‍ നല്‍കിയ കേസിലും രാഷ്ട്രീയ പ്രചാരണത്തിലും പറഞ്ഞിരുന്നതില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവര്‍ണര്‍ വായിക്കേണ്ടത്. അതില്‍ ബോധപൂര്‍വം കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ നടത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അത് തെറ്റാണെന്നും സതീശന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്നുണ്ടെങ്കിലും, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ തന്നെ തെറ്റായ അവകാശവാദങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ക്കെതിരായ ഇപ്പോഴത്തെ നിലപാടുകള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്നും സതീശന്‍ ആരോപിച്ചു.
സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഗവര്‍ണറുമായി ഏറ്റുമുട്ടലുണ്ടാകുമെന്നും, പ്രതിസന്ധി മാറുമ്പോള്‍ ഒത്തുതീര്‍പ്പിലെത്തുമെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ സര്‍വകലാശാലകള്‍ സംഘര്‍ഷഭരിതമായ ശേഷം ഒരു രാത്രികൊണ്ട് കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയും വൈസ് ചാന്‍സലര്‍മാരെ വീതംവെച്ചെടുക്കുകയും ചെയ്തത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനായിരുന്നോ എന്നും സതീശന്‍ ചോദിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ചിരിച്ചുതുടങ്ങിയെന്നും, പത്തുവര്‍ഷമായി ചെയ്യാതിരുന്ന കാര്യങ്ങള്‍ ഇനി ചെയ്യുമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വിശ്വാസ്യതയില്ലാത്ത ഒരു രേഖയായി മാറിയെന്നും, ഗവര്‍ണറുമായുള്ള പ്രശ്‌നങ്ങള്‍ കെട്ടിച്ചമച്ച നാടകങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉറപ്പിച്ചുപറഞ്ഞു.


