- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു; ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്ക് പോകുന്നു; മുൻ സർക്കാരിൽ കെ.ബാബുവും ഈ സംശയം ഉന്നയിച്ചെന്ന് മുഖ്യമന്ത്രി; സമരക്കാരുമായി ചർച്ച നടത്തുന്നതിൽ അലംഭാവം കാട്ടിയെന്ന പ്രതിപക്ഷ ആരോപണവും തള്ളി; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. പ്രശ്‌നപരിഹാരത്തിനായി ചർച്ച നടത്താൻ സർക്കാർ ഒരു അലംഭാവവും കാണിച്ചില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ ചർച്ചയ്ക്കു മറുപടിയായി പറഞ്ഞു.
സർക്കാരിനുവേണ്ടിയാണ് ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയത്. ഓഗസ്റ്റ് 16നാണ് തുറമുഖ കവാടത്തിൽ സമരം ആരംഭിക്കുന്നത്. മന്ത്രിസഭാ ഉപസമിതി 19ന് ചർച്ച നടത്തി. 24ന് വീണ്ടും ചർച്ച നടത്തി. സെപ്റ്റംബർ 5നും 23നും ചർച്ചകൾ നടന്നു. അനൗദ്യോഗിക ചർച്ചകൾ അല്ലാതെയും ഉണ്ടായി. 7 ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടു വച്ചത്. 5 ആവശ്യങ്ങൾ മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയിൽ പരിഹരിക്കപ്പെട്ടു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു. തീരശോഷണത്തെക്കുറിച്ച് പഠനം വേണമെന്നായിരുന്നു സമരസമിതിയുടെ മറ്റൊരാവശ്യം. സർക്കാർ അത് അംഗീകരിച്ചു.
ചർച്ച തീരുമാനത്തിലേക്ക് എത്തുന്ന ഘട്ടമെത്തുമ്പോൾ വീണ്ടും കടുപ്പത്തിലേക്കു പോകുന്ന സ്ഥിതിയുണ്ടായി. നല്ല രീതിയിൽ ചർച്ച നടത്തിയിട്ടും പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ ആരോ ചിലർ സമരസമിതിയെ നിന്ത്രിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ടായി. വിഴിഞ്ഞം തുറമുഖത്തിനെതിരായി പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നാണ് 2014ൽ മന്ത്രിയായിരുന്ന കെ.ബാബു നിയമസഭയിൽ മറുപടി പറഞ്ഞത്. അന്നു മുതൽ തന്നെ സർക്കാരിന് ഈ സംശയം ഉണ്ടായിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്ന് കെ.ബാബു മറുപടി പറഞ്ഞു. താനും മത്സ്യത്തൊഴിലാളികളെ അല്ല ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു.
മുഖ്യമന്ത്രിയുടെ മറുപടി
കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബൃഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. അതിന്റെ പ്രവർത്തനങ്ങൾ ഏതാണ്ട് 80 ശതമാനം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ ഘട്ടത്തിൽ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതുതന്നെ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് തന്നെ വിഘാതമായി വരുന്നതാണ്.
നോട്ടീസിൽ പറയുന്നത് പദ്ധതിയുടെ ഭാഗമായുണ്ടായ തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങൾ ഇപ്പോഴും സിമന്റ് ഗോഡൗണിലാണ് എന്നതാണ്. പദ്ധതിയുടെ ഭാഗമായി തീരശോഷണമുണ്ടായിട്ടുണ്ടോ, ഉണ്ടാകുമോ എന്ന കാര്യം പദ്ധതി ആരംഭിക്കുന്നതിനു മുമ്പുതന്നെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാനുമതി കേന്ദ്രസർക്കാർ ലഭ്യമാക്കിയത്. ഇതിനു പുറമെയാണ് പാരിസ്ഥിതികാനുമതിക്കെതിരായ പരാതികൾ പരിഗണിച്ചപ്പോൾ ദേശീയ ഹരിത ട്രിബ്യൂണൽ (എൻ.ജി.ടി) തുടർപഠനങ്ങൾ നടത്തണമെന്ന് നിർദ്ദേശിച്ചത്. ഇതുപ്രകാരം തുടർപഠനങ്ങൾ ആറു മാസത്തിലൊരിക്കൽ നടന്നുവരികയാണ്. ഈ പഠനങ്ങളിലൊന്നും തന്നെ പദ്ധതി കാരണം തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ല.
പദ്ധതി ആരംഭിക്കുമ്പോൾ നടത്തിയ കാര്യങ്ങളെക്കുറിച്ച് 14.07.2015 ന് ചട്ടം 300 പ്രകാരം നിയമസഭയിൽ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയുടെ പ്രസക്തഭാഗം ഇവിടെ ഉദ്ധരിക്കുകയാണ്. 'പദ്ധതിയുടെ ബാഹ്യാടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കും പാരിസ്ഥിതിക അനുമതിക്കായുള്ള പ്രവർത്തനങ്ങൾക്കും ഈ സർക്കാർ ആക്കം കൂട്ടി. 2011 ജൂൺ/ജൂലൈ മാസങ്ങളിൽ പരിസ്ഥിതി പഠനത്തിനുള്ള ToR അംഗീകരിച്ചു. ഏതാണ്ട് രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന ചിട്ടയായ പ്രവർത്തനത്തിന്റെയും പരിസ്ഥിതി പഠനത്തിന്റെയും പബ്ലിക് ഹിയറിംഗിന്റെയും ഒടുവിൽ 2014 ജനുവരി 3 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചു''.
പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെല്ലാം തുറമുഖം നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം സാധാരണ തുറമുഖമേഖലകളിൽ കാണുന്ന തീരശോഷണം പോലും ഇവിടെ ഉണ്ടാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പുനരധിവാസം
പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രശ്നത്തിന്റെ കാര്യത്തിൽ തികച്ചും അനുഭാവപൂർണ്ണമായ സമീപനമാണ് സർക്കാരിനുള്ളത്. മാറിത്താമസിക്കേണ്ട കുടുംബങ്ങൾക്ക് പുനരധിവാസം പൂർത്തിയാകുന്നതുവരെ പ്രതിമാസ വാടക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതിൽ 24.09 ലക്ഷം രൂപ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
475 കോടി രൂപയുടെ പുനരധിവാസ പദ്ധതി
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 'അംഗീകാരം നൽകിയ' 475 കോടി രൂപയുടെ പുനരധിവാസ പദ്ധതി ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ലായെന്നാണ് പ്രമേയാവതാരകൻ പറയുന്നത്. ഇങ്ങനെയൊരു പദ്ധതി അംഗീകരിച്ച് തുക അനുവദിച്ചിട്ടില്ലായെന്നതാണ് വസ്തുത. വിഴിഞ്ഞം തുറമുഖ പദ്ധതിയിലോ ബജറ്റിലോ ഒരു തുകയും അനുവദിക്കാതെ ഒരു സർക്കാർ ഉത്തരവ് മാത്രം ഇറങ്ങിയിട്ടുണ്ട്. ഇതിനെ ഒരു പാക്കേജായി പ്രമേയാവതാരകന് എങ്ങനെ പറയാൻ കഴിയുമെന്ന് മനസ്സിലാകുന്നില്ല. ഇതിനെ വിഴിഞ്ഞം പദ്ധതിക്കായുള്ള പുനരധിവാസ പാക്കേജായി പറയാനാവുമോ? എന്തായാലും തുക അനുവദിക്കാത്ത പാക്കേജാണെന്ന് വ്യക്തം.
ബജറ്റിൽ തുക വകയിരുത്താതെയോ പ്രോജക്ടിൽ ഉൾക്കൊള്ളിക്കാതെയോ സർക്കാർ ഉത്തരവിറക്കിയാൽ അത് ഒരു പുനരധിവാസ പാക്കേജായി എങ്ങനെ കാണാൻ കഴിയും എന്നത് എത്ര ആലോചിച്ചാലും മനസ്സിലാകുന്നില്ല.
പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. പ്രമേയാവതാരകൻ വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതിലേക്കു വരുന്നതിനു മുമ്പ് സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങളും അവയിൽ സർക്കാർ എടുത്ത നടപടികളും വിശദമാക്കാം.
സമരം നടത്തുന്നവർ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായി ഈ ഏഴ് ആവശ്യങ്ങളുടെ മേലിലും സർക്കാർ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കാം:
1) വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസം:
കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ മേഖലയുടെ 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി നടപ്പാക്കിവരികയാണ്. 2,450 കോടി രൂപ അടങ്കലുള്ള പദ്ധതിയാണ് പുനർഗേഹം. തീരദേശത്തെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി പ്രകാരം 276 ഭവനസമുച്ചയങ്ങൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹിൽ, മലപ്പുറം ജില്ലയിലെ പൊന്നാനി, നിറമരുത്തൂർ, കാസർഗോഡ് ജില്ലയിലെ കോയിപ്പാടി എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങൾ നിർമ്മിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിൽ 340 കുടുംബങ്ങൾക്ക് ഫ്ളാറ്റുകളും 475 കുടുംബങ്ങൾക്ക് വീടുകളും തിരുവനന്തപുരം ജില്ലയിൽ മാത്രം നിർമ്മിച്ചു നൽകിയിട്ടുണ്ട്. 971 കുടുംബങ്ങൾ ഭവന നിർമ്മാണത്തിനായി ഭൂമി രജിസ്റ്റർ ചെയ്ത് നിർമ്മാണ പ്രവർത്തനം വിവിധ ഘട്ടങ്ങളിലാണ്. അവശേഷിക്കുന്ന ഭവനരഹിതരായ പ്രദേശവാസികൾക്ക് ഫ്ളാറ്റ് നിർമ്മിക്കാനായി മുട്ടത്തറയിൽ ക്ഷീരവികസന വകുപ്പിന്റെ 8 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. ഇത് പരമാവധി ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
2) മണ്ണെണ്ണ സബ്സിഡി:
മണ്ണെണ്ണ വിലവർദ്ധനയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ നൽകിവരുന്ന ലിറ്ററിന് 25 രൂപ എന്ന സബ്സിഡി തുടർന്നും അനുവദിക്കുന്നുണ്ട്. പാരമ്പര്യേതര ഇന്ധനങ്ങളിലേക്ക് മാറുവാനുള്ള പ്രേരണയും അതിനായുള്ള ഒറ്റത്തവണ സബ്സിഡിയും മത്സ്യത്തൊഴിലാളികൾക്ക് നൽകണമെന്നതാണ് സർക്കാരിന്റെ നയം. മണ്ണെണ്ണ സബ്സിഡിയിനത്തിൽ 2016 മുതൽ ഇതുവരെ 252.68 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.
3) കാലാവസ്ഥാ മുന്നറയിപ്പ് വേളകളിൽ നൽകുന്ന സമാശ്വാസം:
കാലാവസ്ഥാ മുന്നറിയിപ്പു കാരണം കടലിൽ പോകാൻ കഴിയാതെവരുമ്പോൾ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം സർക്കാർ ചെയ്യുന്നുണ്ട്. ടൗട്ടേ ചുഴലിക്കാറ്റിനെത്തുടർന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ ഒരു കുടുംബത്തിന് 1,200 രൂപ വീതം ആകെ 18.36 കോടി രൂപ അനുവദിച്ചു. 2021 സെപ്റ്റംബറിൽ കാലാവസ്ഥാ മുന്നറിയിപ്പു കാരണം തൊഴിലിനു പോകാൻ കഴിയാതെ വന്നപ്പോൾ സഹായമായി 47.84 കോടി രൂപ അനുവദിച്ചു. കാലാവസ്ഥാ മുന്നറിയിപ്പു കാരണം മത്സ്യബന്ധന തൊഴിലിന് ഏർപ്പെടാൻ കഴിയാതെ വരുമ്പോൾ കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ സ്വമേധയാ തന്നെ ഉറപ്പുവരുത്തുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം തൊഴിൽ ചെയ്യാൻ സാഹചര്യമില്ലാതാകുന്നവർക്ക് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലൂടെയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയും തൊഴിൽ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നു.
4) മുതലപ്പൊഴി പ്രശ്നം:
മുതലപ്പൊഴി ഫിഷിങ് ഹാർബർ നിർമ്മാണത്തെപ്പറ്റി ഉയർന്ന ആശങ്കകൾ സർക്കാർ ഗൗരവമായി കണ്ട് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൂണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ഇക്കാര്യത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭ്യമായാൽ തുടർനടപടികൾ സമയബന്ധിതമായി സ്വീകരിക്കും. ഇത് സമരസമിതിയെ അറിയിച്ചിട്ടുമുണ്ട്.
5) തീരശോഷണം സംബന്ധിച്ച പഠനം :
പാരിസ്ഥിതികാനുമതി ലഭിച്ച ഘട്ടത്തിലും, എൻ ജി ടിയുടെ നിർദ്ദേശപ്രകാരമുള്ള പഠനങ്ങൾക്കു പുറമെ പ്രദേശവാസികളുടെ ആവശ്യമുയർന്നപ്പോൾ സംസ്ഥാന സർക്കാർ ഒരു പുതിയ വിദഗ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ സമിതി പ്രദേശവാസികളുമായി ആശയവിനിമയം നടത്തി ശാസ്ത്രീയമായ അപഗ്രഥനം നടത്തി റിപ്പോർട്ട് സമയബന്ധിതമായി സമർപ്പിക്കുന്നതാണ്. സമിതിയുടെ കണ്ടെത്തലുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നതാണ്.
6) ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീടുകൾക്കുള്ള മാസവാടക :
ക്യാമ്പിൽ കഴിയുന്ന 102 കുടുംബങ്ങളും ബന്ധുവീട്ടിലും വാടകവീട്ടിലും കഴിയുന്ന 182 കുടുംബങ്ങളും ഉൾപ്പെടെ 284 കുടുംബങ്ങൾക്ക് വാടകയിനത്തിൽ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
പദ്ധതിബാധിത പ്രദേശമായ കോട്ടപ്പുറത്ത് നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.
നിലവിലെ വിഴിഞ്ഞം സി.എച്ച്.സിയെ 80 കിടക്കകളുള്ള ഒരു താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയർത്തുന്നതിനായുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു. കൂടാതെ കോട്ടപ്പുറം വാർഡിൽ 10 കിടക്കകളുള്ള ഒരു ആശുപത്രി സ്ഥാപിക്കുന്നതാണ്. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കോട്ടപ്പുറത്ത് ഒരു പകൽവീട് സ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണം കോട്ടപ്പുറത്ത് വി.ഐ.എസ്.എൽ ലഭ്യമാക്കിയ സ്ഥലത്ത് പൂർത്തീകരിച്ചു കഴിഞ്ഞു. ഇവിടെ പ്രദേശവാസികൾക്കായി തുറമുഖാനുബന്ധ കോഴ്സുകൾ ഉൾപ്പെടെയുള്ളവയിൽ പരിശീലനം നൽകുന്നതാണ്. തുറമുഖ പദ്ധതിയോടനുബന്ധിച്ച് 3.3 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിച്ച് നൽകുന്ന പദ്ധതിയിലൂടെ പ്രദേശത്ത് ജലം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ, കോട്ടപ്പുറം പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പ്രദേശത്തെ 1,000ൽപ്പരം വീടുകളിലും ജലവിതരണ കണക്ഷൻ നൽകിക്കഴിഞ്ഞു. നിലവിലെ മത്സ്യബന്ധന തുറമുഖ പ്രദേശത്ത് അജൈവ ഖരമാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പരമാവധി പ്രയോജനവും തൊഴിലും ലഭ്യമാകുന്ന രീതിയിൽ കോട്ടപ്പുറത്ത് ഒരു സീഫുഡ് പാർക്ക് സ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇവയ്ക്കെല്ലാം പുറമെ ചേർന്ന് പദ്ധതിപ്രദേശങ്ങളിൽ ഒട്ടനവധി സാമൂഹിക ക്ഷേമപ്രവർത്തനങ്ങളും സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. ഇവയെല്ലാം പദ്ധതിബാധിത പ്രദേശത്തുള്ളവർക്ക് നൽകിയ ജീവനോപാധി നഷ്ടപരിഹാരത്തിനു പുറമെയാണ്.
ഇത്രയും കാര്യങ്ങൾ നടന്നുകഴിഞ്ഞ ശേഷം ഈ പദ്ധതി ഉപേക്ഷിക്കണം എന്നൊക്കെ പറയാൻ എങ്ങനെയാണ് കഴിയുന്നത്. അത്തരമൊരു വിനാശകാരിയായ തീരുമാനത്തിലേക്കെത്താൻ സംസ്ഥാന സർക്കാരിനു കഴിയുമോ? ആർക്കെങ്കിലും കഴിയുമോ?
പ്രമേയവതാരകൻ പറയുന്ന മറ്റൊരു കാര്യം അവിടെ നടക്കുന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളെപ്പറ്റിയാണ്. എത്ര കുഴപ്പമുണ്ടാക്കണമെന്ന് ചിലർ ആഗ്രഹിച്ചാലും സംയമനത്തിന്റെ അതിരു വിട്ട് സർക്കാർ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല. അക്രമസംഭവങ്ങളുണ്ടായാൽ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുന്നത് ഈ നാട്ടിൽ ഇദംപ്രഥമമായിട്ടില്ലല്ലോ. ആരെ കേസിൽ ഉൾപ്പെടുത്തണമെന്നും ഉൾപ്പെടുത്തണ്ടായെന്നും തീരുമാനിക്കുന്നത് സർക്കാരല്ല. ബഹു. കേരള ഹൈക്കോടതി ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല ഉത്തരവുകൾ പ്രമേയാവതാരകന്റെ ശ്രദ്ധയിൽപ്പെടാത്തതാണോ?
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ആരോപണം പറയുന്നത് കേന്ദ്രസേനയെ കൊണ്ടുവരുന്നുവെന്നാണ്. സംസ്ഥാന ക്രമസമാധാനപാലനം സംസ്ഥാന പൊലീസ് നല്ല രീതിയിൽ കൈകാര്യം ചെയ്തുവരികയാണ്. തുറമുഖം പോലുള്ള ഒരു തന്ത്രപ്രധാനമായ സ്ഥലത്ത് കേന്ദ്രസേനയുടെ സുരക്ഷ ആവശ്യമാണെന്ന് അതിന്റെ നിർമ്മാതാക്കൾ ഹൈക്കോടതിയിൽ ആവശ്യപ്പെടുമ്പോൾ സർക്കാർ അതിനെ എതിർത്തില്ല എന്ന കാരണം പറഞ്ഞ് സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേന വരുന്നു എന്ന വ്യാജ പ്രചരണം നടത്തുകയാണ്. സംസ്ഥാനത്തെ എയർപോർട്ടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ സംരക്ഷണമുണ്ടല്ലോ? തുറമുഖ നിർമ്മാണ കരാർ പ്രകാരം തുറമുഖ നിർമ്മാണത്തിന് കരാർ കമ്പനി ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷ ഒരുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഈ കരാർ ഒപ്പുവച്ചത് 2015 ലാണ്. ഈ സമയത്ത് കേരളത്തിൽ അധികാരത്തിലിരുന്നത് ആരാണെന്ന് പ്രമേയാവതാരകന് ഓർത്തെടുക്കേണ്ടി വരില്ല.
സമരം ഒത്തുതീർപ്പിലെത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചില്ലായെന്നു പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. ഇതിനായി പ്രത്യേകം മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 19 ന് ആദ്യ യോഗം ചേർന്നതു മുതൽ ഈ സമിതി സജീവമായ നിലയിൽ പ്രവർത്തിച്ചുവരികയാണ്. ഇതിനകം ഓഗസ്റ്റ് 19, ഓഗസ്റ്റ് 24, സെപ്റ്റംബർ 5, സെപ്റ്റംബർ 23 എന്നീ തീയതികളിൽ മന്ത്രിസഭാ ഉപസമിതി ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ അനൗപചാരിക ചർച്ചകളും നടത്തിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിതലത്തിലും ഒന്നലധികംവട്ടം ചർച്ചകൾ നടത്തിയിട്ടുണ്ട്. പ്രതിഷേധം നടത്തുന്നവരുമായി ചർച്ചയ്ക്കും ആശയവിനിമയത്തിനുമായുള്ള എല്ലാ വാതിലുകളും തുറന്നുവയ്ക്കുന്ന സമീപനമാണ് സർക്കാരിന്റേത്. അവരുടെ ആശങ്കകൾ ദൂരികരിക്കാന്നുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.
കേരളത്തിന്റെ സുപ്രധാന പശ്ചാത്തലസൗകര്യ പദ്ധതിയായ, ഇതിനകം 80 ശതമാനത്തോളം പൂർത്തിയായിട്ടുള്ള വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന യുക്തിരഹിതമായ ആവശ്യം അംഗീകരിക്കാൻ ഒരു കാരണവശാലും സാധ്യമല്ല. അതിൽ പ്രതിപക്ഷത്തിന്റെ നിലപാട് എന്താണെന്ന് അറിയാനുള്ള താത്പര്യവും ഇവിടെ സാന്ദർഭികമായി പ്രകടിപ്പിക്കുകയാണ്.
ക്രമസമാധാന പ്രശ്നം
തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് സമരസമിതി ലംഘിച്ചതിനാൽ കേസ് എടുക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. കോടതിയലക്ഷ്യ കേസിന്റെ ഭാഗമായാണ് ഏതാനും വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ സഭാ നേതാക്കൾ എതിർ കക്ഷികളാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തില്ലെന്ന് കോടതിയിൽ നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്.
ഹർജിയിലെ റെസ്പോൺഡന്റ് നമ്പർ 9 മുതൽ താഴോട്ടുള്ളവരെയാണ് പൊലീസ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. സമരാഹ്വാനം ചെയ്തവരിൽ ചിലരെ മാത്രം കേസിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുകയില്ലല്ലോ. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവർത്തിക്കുന്നത്.
ക്രമസമാധാനപാലനം പൊലീസിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. നിയമം കയ്യിലെടുക്കുന്നവരെ പൊലീസിന് നിയന്ത്രിച്ചേ മതിയാകൂ. പ്രകോപന പ്രസംഗങ്ങൾ മുതൽ കടലിൽ ബോട്ട് കത്തിക്കുന്നതുവരെയുള്ള പ്രതിഷേധ രീതി നമ്മൾ കണ്ടു. പരീക്ഷ എഴുതാൻ പോയ വിദ്യാർത്ഥികളെയും ആംബുലൻസിൽ പോയിരുന്നവരെയും തിരുവനന്തപുരം നഗരത്തിൽ തടയുന്ന സ്ഥിതിയുണ്ടായി. ഗർഭിണികളെ വരെ തടഞ്ഞുവച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാർച്ച് നടത്തി ബോട്ട് കത്തിക്കാനാണ് ഒരു ഘട്ടത്തിൽ ഒരുങ്ങിയത്. അത് നടക്കാതെ വന്നപ്പോൾ കടലിലിട്ട് ബോട്ട് കത്തിച്ചു.
ലത്തീൻ സഭ പൊതുവെ നമ്മുടെ സംസ്ഥാനത്തിന്റെ വികസന കാര്യത്തിലും മറ്റ് സാമൂഹ്യ വിഷയങ്ങളിലും വളരെ അനുഭാവ പൂർവ്വമായ നിലപാട് സ്വീകരിക്കുന്ന സഭയാണ്. സർക്കാരുമായും ഊഷ്മളമായ ബന്ധമാണ് സഭയ്ക്കുള്ളത്. എല്ലാ പുരോഹിത ശ്രേഷ്ഠന്മാരുമായും സർക്കാർ പല ഘട്ടങ്ങളിൽ സൗഹാർദ്ദപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ലത്തീൻ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സമര നേതൃത്വത്തിലുള്ള ചിലരെ നയിക്കുന്നത് ഏതെങ്കിലും ബാഹ്യ ശക്തികളാണോ എന്ന് സംശയിക്കേണ്ടിവരും. സഭയുടെ പൊതുനിലപാടിന് വിരുദ്ധമായി പോകുന്ന ഇത്തരം ആളുകൾ ആരുടെ നാവായാണ് പ്രവർത്തിക്കുന്നത് എന്ന് സ്വാഭാവികമായും ജനങ്ങൾക്ക് സംശയം തോന്നും.
പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതി പൊതുമേഖലയിൽ ആരംഭിക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അന്നത്തെ സർക്കാർ അത് അംഗീകരിച്ചില്ല. തുടർന്ന് എൽഡിഎഫ് സർക്കാർ വരുമ്പോൾ പദ്ധതി പ്രവർത്തനം ആരംഭിച്ചിരുന്നു. അത് തുടരട്ടെ എന്ന നിലപാട് സംസ്ഥാന താത്പര്യം മുൻനിർത്തി എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. സർക്കാരുകൾ മാറി വരുമ്പോൾ ഇതുപോലുള്ള പ്രധാന പദ്ധതികളിൽ വിരുദ്ധ തീരുമാനമുണ്ടാകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല. നമ്മുടെ നാടിന്റെ വിശ്വാസ്യതയെത്തന്നെ അത് ബാധിക്കും. നിക്ഷേപകരെ പിന്തിരിപ്പിക്കും. അതുകൊണ്ടാണ് നിഷേധാത്മക സമീപനം വേണ്ട എന്ന് തീരുമാനിച്ചത്. ഇപ്പോൾ 6 വർഷം പിന്നിട്ടു. നല്ല പുരോഗതി പദ്ധതി നിർവ്വഹണത്തിൽ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കുന്നത് അസാദ്ധ്യമാണ്.
ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും സധൈര്യം നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. തീരമേഖലയിലെ പ്രശ്നങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽ കിവരുന്നത്.
സമരം ചെയ്യുന്നവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കിൽ അവയും പരിഗണിക്കും.
മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ സംയമനത്തോടെയാണ് സർക്കാരും പൊലീസും കൈകാര്യം ചെയ്യുന്നത്. ഒരുതരത്തിലും മത്സ്യത്തൊഴിലാളി മേഖലയിൽ സംഘർഷമുണ്ടാകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. എന്നാൽ ഏതുവിധേനയും സംഘർഷമുണ്ടാക്കണമെന്ന രീതിയിൽ നടന്ന പ്രവർത്തനങ്ങളെ കാണാതിരിക്കാനാവില്ല. ചിലരുടെ പ്രവർത്തനം സദുദ്ദേശത്തോടെയല്ലായെന്നും ചിലർക്കെങ്കിലും സങ്കുചിത രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നതും കാണേണ്ടതുണ്ട്.
ഇത് നാടിനെയും ഇവിടത്തെ ജനങ്ങളെയാകെയും ബാധിക്കുന്ന ഒരു വിഷയമാണ്. കഴിഞ്ഞ ദിവസം പൊലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃക തന്നെയാണ്. നാടിനെ സ്നേഹിക്കുന്ന എല്ലാവരും ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിനു പുരോഗതി അന്യമായിക്കൂടാ. സമാധാനത്തിനു ഭംഗവും വന്നുകൂടാ. ഈ രണ്ടു ലക്ഷ്യങ്ങളും ഒരേ സമയം നേടണമെങ്കിൽ സമചിത്തതയോടെയുള്ള നിലപാട് എല്ലാവരും എടുക്കേണ്ടതുണ്ട്.
പൊലീസ് സ്റ്റേഷൻ ആക്രമണം
ഈ ഓഗസ്റ്റ് 16 മുതലാണ് തുറമുഖനിർമ്മാണത്തിനെതിരെ അതിന്റെ കവാടത്തിൽ ഉപരോധ സമരം നടന്നുവരുന്നത്. സമരത്തെ തുടർന്ന് തടസ്സപ്പെട്ട നിർമ്മാണം പുനരാരംഭിക്കുന്നതിന് തടസ്സമില്ല എന്ന് സമര സമിതി നേതാക്കൾ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ ഉറപ്പു നൽകിയിട്ടുണ്ട്. നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ കരാർ പ്രകാരം സർക്കാരും ബാധ്യസ്ഥമാണ്. നവംബർ 26 ന് രാവിലെ 11 മണിയോടെ നിർമ്മാണത്തിനാവശ്യമായ പാറയുമായി വന്ന ലോറികൾ സമരാനുകൂലികൾ തടഞ്ഞു. കോടതിയിൽ നൽകിയ ഉറപ്പിനും കോടതി നിർദ്ദേശത്തിനും വിരുദ്ധമായ നടപടിയായിരുന്നു ഇത്. അവിടെ സമരസമിതി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
തുറമുഖ വിരുദ്ധർ തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന ജനകീയ മുന്നണിയുടെ സമരപ്പന്തലിലേയ്ക്ക് മാർച്ച് നടത്തി. അതിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ സമരപ്പന്തൽ പൊളിച്ചു. ആ സംഭവത്തിൽ സമാധാനത്തിനായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സമീപ വീടുകളിലെ ജനാലകൾ തുറമുഖ വിരുദ്ധർ കല്ലെറിഞ്ഞ് നശിപ്പിച്ചു.
മുല്ലൂർ പനവിള ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കമ്പ്യൂട്ടർ, മിൽക്ക് ടെസ്റ്റിങ്ങ് യന്ത്രം, ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തുറമുഖ വിരുദ്ധ സമരസമിതി പ്രവർത്തകർക്കെതിരെ 8 കേസുകളും, ജനകീയ മുന്നണി പ്രവർത്തകർക്കെതിരെ 1 കേസും ഉൾപ്പെടെ ആകെ 9 കേസുകൾ അന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു.
കേസുകളിൽ ഒന്നിൽ പ്രതിയായ ചരുവിള കോളനി സ്വദേശിയെ അടുത്ത ദിവസം ഉച്ചയ്ക്കും മറ്റൊന്നിൽ പ്രതികളായ നാലുപേരെ വൈകീട്ടും സിറ്റി ഷാഡോ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ 5 പ്രതികളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സന്ധ്യയോടെ സ്ത്രീകൾ ഉൾപ്പെടെ ആദ്യം 100 പേരും തുടർന്ന് ജനക്കൂട്ടവും വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞു. 3 പൊലീസ് ജീപ്പുകൾ, 2 ബസ് എന്നിവ ഉൾപ്പെടെ 5 പൊലീസ് വാഹനങ്ങളും, 2 കെഎസ്ആർടിസി ബസ്സുകളും, കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ഒരു കാറും, നിരവധി ബൈക്കുകളും നശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി സ്റ്റേഷനിലെ സാധനങ്ങളും കേസ് രേഖകളും നശിപ്പിച്ചു. ആക്രമണത്തിൽ കോവളം പൊലീസ് സ്റ്റേഷൻ പ്രൊബേഷണറി ഇൻസ്പെക്ടർ ലിജോ പി. മണിയുടെ വലത് കാലിന് പൊട്ടലുണ്ടായി. കെ എ പി സി പി ഓ പ്രവീണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി കൊണ്ടു പോകുന്നത് തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ പുറത്തിറങ്ങാൻ അനുവദിക്കാതെ അക്ഷരാർത്ഥത്തിൽ ബന്ദികളാക്കി. സംഭവമറിഞ്ഞ് എത്തിയ സിറ്റി ഡിസിപി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. തടിച്ചുകൂടിയ അക്രമിസംഘം അവിടെ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. പൊലീസ് അസാമാന്യമായ ആത്മ നിയന്ത്രണവും ക്ഷമയും കാണിച്ചത് മൂലമാണ് അവിടെ വലിയ തോതിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.
സംഭവത്തിൽ 54 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ആകെ പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം പ്രൊബേഷണറി എസ് ഐ യെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കി.
സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ മുൻകൂട്ടി തകർക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തെളിവുകൾ നശിപ്പിക്കാനാണ് സിസിടിവി ക്യാമറ ആസൂത്രിതമായി നശിപ്പിച്ചത്.
കോടതി വിധി ധിക്കരിച്ചു അക്രമസമരം നടത്തുക, വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം നടത്തുക, പൊലീസ് സ്റ്റേഷൻ ആക്രമിച്ചു നശിപ്പിക്കുക, ക്രമസമാധാനം പാലിക്കാൻ എത്തിയ പൊലീസുദ്യോഗസ്ഥരെ മാരകമായ രീതിയിൽ ആക്രമിക്കുക, പൊലീസ് വാഹനങ്ങൾ തകർക്കുക, മണിക്കൂറുകളോളം തെരുവിൽ അഴിഞ്ഞാടുക ഇതാണ് സമരത്തിന്റെ പേരിൽ അവിടെ ഉണ്ടായത്.
പൊലീസ് സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ല. ജൂലായിൽ സമരം ആരംഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 8 ന് കാൽനട യാത്രക്കാരെയും വാഹനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് സമരം മാറിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയുണ്ടായി. ഓഗസ്റ്റ് 20 ന് പൊലീസിന്റെ ബാരിക്കേഡുകളും ഫൈബർ ലാത്തികളും ഹെൽമെറ്റുകളും നശിപ്പിക്കുന്ന അനുഭവമുണ്ടായി. ഓഗസ്റ്റ് 22 ന് തുറമുഖ നിർമ്മാണ സ്ഥലത്തേക്കുള്ള പൂട്ട് ബലമായി പൊട്ടിച്ച് പോർട്ടിനകത്തെ ടവറിൽ അതിക്രമിച്ചു കയറി. തൊട്ടടുത്ത ദിവസം വീണ്ടും പോർട്ടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയും കസേരകളും ഹാലജൻ ലൈറ്റുകളും നിശിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് 31 ന് അവിടെയുണ്ടായിരുന്ന ലോറിയുടെ ഗ്ലാസ് തകർത്തു. സെപ്റ്റംബർ 1 ന് പൊലീസിന്റെ ഡ്രോൺ തകർത്തു. ഒരു പൊലീസുകാരന് പരിക്കേൽപ്പിച്ചു. ബാരിക്കേഡുകൾ അടക്കമുള്ള പൊതുമുതൽ നശീകരണം ഒരു പതിവാക്കി മാറ്റുകയായിരുന്നു. സെപ്റ്റംബർ 9 ന് വനിതാ പൊലീസുകാരെ ആക്രമിക്കുകയും പ്രധാന റോഡിൽ ഷെഡ് കെട്ടി പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്തു. ഒക്ടോബർ 10 ന് പൊലീസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ ആക്രമിച്ചു. ഇതിനെല്ലാം പുറമെയാണ് സെക്രട്ടേറിയറ്റ് മാർച്ചും ബോട്ടുകത്തിക്കൽ അടക്കമുള്ള പദ്ധതിയും അരങ്ങേറിയത്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേത് തുടർച്ചയായ ആക്രമണ പരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു എന്നതാണ് ഇതിനർത്ഥം. ഒരു നാടിനെയും ജനങ്ങളെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ സ്ഥിതിയാണിത്. ഇത്തരം അക്രമങ്ങൾ ഒരു ജനാധിപത്യ സംവിധാനത്തിലും അനുവദിക്കപ്പെട്ടുകൂടാ. ഇപ്പോൾ ഏകപക്ഷീയമായ ആക്രമണങ്ങളാണുണ്ടായത്. പൊലീസിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് അത് ഏറ്റുമുട്ടലിലേക്ക് പോകാതിരുന്നത്.
തുറമുഖ പദ്ധതിക്കെതിരായ സമരത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും അണിചേർന്നിട്ടില്ല എന്നത് ശ്രദ്ധിക്കണം. മാധ്യമങ്ങളും പദ്ധതിയെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നവരല്ല. സമരവുമായി ബന്ധപ്പെട്ട് അക്രമണങ്ങൾ ഉണ്ടാകില്ലായെന്ന് സമരസമിതി മന്ത്രിസഭാ ഉപസമിതിക്കു മുമ്പാകെ ഉറപ്പുനൽകിയിട്ടുണ്ട്.
നിലവിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ രമ്യമായും നിയമത്തിന്റെ ചട്ടക്കൂടിനകത്തും പരിഹരിക്കണം എന്നാണ് സർക്കാരിന്റെ നിലപാട്. ആ പ്രക്രിയയിൽ പങ്കാളികളാകാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സമൂഹത്തിൽ അസ്വസ്ഥതെയുടെയും വിദ്വേഷത്തിന്റെയും തീപ്പൊരികൾ വീഴാനിടയുള്ള പ്രകോപനങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് തുറമുഖ വിരുദ്ധ സമരക്കാരോട് അഭ്യർത്ഥിക്കുന്നു.
പദ്ധതിയുടെ പ്രാധാന്യം
കേരളത്തിന്റെ സമ്പദ്ഘടന സ്ഥായിയായ വളർച്ചയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങണമെന്ന വീക്ഷണത്തോടെയാണ് 2016 ൽ അധികാരത്തിൽ വന്നശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടുപോകുന്നത്.
മുൻ ഇടതുപക്ഷ സർക്കാരുകൾ ഇക്കാര്യത്തിൽ നടത്തിയ ഉദ്യമങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭൗതിക - സാമൂഹിക പശ്ചാത്തലസൗകര്യ മേഖലകളിൽ വലിയ മുന്നേറ്റം നടത്താനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇക്കാര്യത്തിൽ ഉണ്ടായ പുരോഗതി നമ്മുടെ പൊതുസമൂഹം കാണുന്നുണ്ട്. ഗെയിൽ പൈപ്പ്ലൈൻ, ദേശീയപാതാ വികസനം, കൊച്ചി - ഇടമൺ പവർഹൈവേ, പുഗലൂർ - മാടക്കത്തറ വൈദ്യുതിലൈൻ, എന്നിവ ഇതിന്റെ ചില ഉദാഹരണങ്ങൾ മാത്രം. നമ്മുടെ സർക്കാർ ആശൂപത്രികൾ, വിദ്യാലയങ്ങൾ എന്നിവയിലുണ്ടായ ഗുണപരമായ മാറ്റങ്ങൾ ഇവിടെ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല.
നമ്മുടെ നാടിന്റെ വികസനം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളർച്ച ഒരു നീണ്ട മുരടിപ്പിനു ശേഷം 1990കൾ മുതൽ ഉയർന്ന വളർച്ചാനിരക്ക് രേഖപ്പെടുത്തി. എന്നാൽ, ഈ വളർച്ചാ നിരക്കിന്റെ അടിസ്ഥാനം എത്ര ഭദ്രമാണെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ ആശങ്കകളുണ്ട്. പുറംവരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉയർന്ന ഉപഭോഗമാണ് സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമെന്ന കണ്ടെത്തലുകളുണ്ട്.
നമ്മുടെ സമ്പദ്ഘടനയ്ക്ക് സുദൃഢമായ ഒരു അടിസ്ഥാനമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മൂലധനനിക്ഷേപത്തിലും പശ്ചാത്തലസൗകര്യ വികസനത്തിലും സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത്. ദീർഘകാല പരിപ്രേഷ്യത്തോടെയുള്ള ഈ വികസന സമീപനത്തെ എല്ലാത്തരം മുടന്തൻന്യായങ്ങളും പറഞ്ഞ് എതിർക്കുന്ന സമീപനം ഈ നാടിന്റെ പൊതുനന്മയ്ക്ക് എതിരാണ്. ഈ തെറ്റായ സമീപനത്തിന്റെ ഭാഗമാണ് വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും നിങ്ങൾ സ്വീകരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതി പൊതുമേഖലയിൽ ആയിരിക്കണമെന്ന കാര്യത്തിൽ 2006 - 11 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനമെടുത്തതാണ്. അതിൽ നിന്നും വ്യതിചലിച്ച് ഇതിനെ സ്വകാര്യമേഖലയിലാക്കിയത് 2015 ൽ അധികാരത്തിലിരുന്ന യു ഡി എഫ് സർക്കാരാണ്. 2016 ൽ എൽ ഡി എഫ് അധികാരത്തിൽ വന്നപ്പോൾ സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിച്ചത്.
മൂലധനനിക്ഷേപവും പശ്ചാത്തല സൗകര്യവികസനവും കേരളത്തിൽ എങ്ങനെ എത്താതിരിക്കാമെന്നാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരുടെ ചില സംസ്ഥാന നേതാക്കൾ ആചോലിക്കുന്നത്. ഇവർക്ക് ശക്തിപകരാൻ കോൺഗ്രസും യുഡിഎഫും ഇതുവരെ സ്വീകരിച്ച സമീപനത്തിൽ നിന്നും ഇനിയെങ്കിലും പിന്തിരിയണം. നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ