- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്തവരുടെ വിശ്വാസത്തിന് എതിരാകും; ആര്‍ ശങ്കര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതിന് ഒരു രീതിയുണ്ട്; ആ രീതി തന്നെ ഇത്തവണയും തുടരും; നിലപാട് വ്യക്തമാക്കി എ പി അനില്‍കുമാര്‍
ഇപ്പോള്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്തവരുടെ വിശ്വാസത്തിന് എതിരാകും

കോഴിക്കോട്: കേരളത്തില്‍ ഫലം വരുന്നതിന് മുമ്പ് നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍. ഹൈക്കമാന്‍ഡ് തീരുമാനം എടുക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്ത ആളുകളുടെ വിശ്വാസത്തിന് എതിരായിട്ട് വരുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. സമയം ആകുമ്പോള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അതായിരിക്കും അവസാന വാക്കെന്നും എ പി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം ആരായും. മറ്റു ചര്‍ച്ചകള്‍ക്ക് ഒരു പ്രസക്തിയുമില്ല. ഏത് ഭാഗത്തു നിന്നാണെങ്കിലും അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഹൈക്കമാന്‍ഡ് പറയുമെന്നാണ് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന് ഒരു രീതിയുണ്ട്, ആ രീതിക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകും.
ആര്‍ ശങ്കര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തതിന് ഒരു രീതി ഉണ്ട്. ഹൈക്കമാന്‍ഡ് ഇടപെടുന്ന രീതിയുണ്ട്. ആ രീതിക്ക് അനുസരിച്ചു തന്നെയാകും അടുത്ത മുഖ്യമന്ത്രിയെയും തിരഞ്ഞെടുക്കുക. കോണ്‍ഗ്രസിനാണ് മുഖ്യമന്ത്രി എന്നത് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു കാര്യം,' എ പി അനില്‍കുമാര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത് പൂര്‍ണമായും ഹൈക്കമാന്‍ഡ് ആണെന്നും എ പി അനില്‍കുമാര്‍ പറഞ്ഞു. 'കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് പാര്‍ട്ടിയെ സജ്ജമാക്കിയത് ഹൈക്കമാന്‍ഡ് ആണ്. തെരെഞ്ഞെടുപ്പ് രംഗത്ത് കെപിസിസിയെയും ടീം യുഡിഎഫിനെയും മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ പിന്തുണയും ഹൈക്കമാന്‍ഡ് നല്‍കി. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോയത്. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് യുഡിഎഫും പോയിട്ട് ഉള്ളത്.
എഐസിസി നേതൃത്വം ഇതുപോലെ സഹായിച്ച ഒരു തെരഞ്ഞെടുപ്പ് മുന്‍പ് ഉണ്ടായിട്ടില്ല. താഴെ തട്ടില്‍ നിരീക്ഷകരെ വെച്ച് നിയോജക മണ്ഡലങ്ങളെ ക്കുറിച്ച് പഠിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ഒരുപാട് കാര്യങ്ങള്‍ എഐസിസി നിര്‍വഹിച്ചു. ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്ലാ പിന്തുണയും തന്നു. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അനുസരിക്കും,' എ പി അനില്‍ കുമാര്‍ പറഞ്ഞു.


