ആലപ്പുഴ: പാര്‍ട്ടി വിട്ട് ജനകീയ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ പരിഹസിച്ച് സിപിഎം പി ബി അംഗം എ. വിജയരാഘവന്‍. മരിക്കുംവരെ എംഎല്‍എ ആകണമെന്ന ആഗ്രഹം നടക്കാത്തതുകൊണ്ടാണ് ജി. സുധാകരന്‍ പാര്‍ട്ടിവിട്ടതെന്ന് എ വിജയരാഘവന്‍ ആരോപിച്ചു. മരിക്കും വരെ എം.എല്‍.എ ആകണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ട് പാര്‍ട്ടി വിട്ട ഏക ആളാണ് ജി. സുധാകരന്‍. അതിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അര്‍ഹിക്കുന്നില്ല. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന്‍ ചെയ്തതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

ജനകീയ സ്വതന്ത്രന്‍ എന്ന പേരിട്ടു, ജനങ്ങള്‍ക്ക് മനസ്സിലാകില്ല എന്നാണ് കരുതുന്നത് എങ്കില്‍ വോട്ടെണ്ണുമ്പോള്‍ അത് മനസ്സിലാകും. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാള്‍ വലതു പക്ഷത്തേക്ക് പോകുന്നത്. ജി സുധാകരന്‍ തെറ്റായ വഴിക്കുപോകുന്നു എന്ന് തോന്നിപ്പോള്‍ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചുവെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

സുധാകരന്‍ വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയും ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ എടുക്കാതിരുന്നത്. ആരോടും വിരോധം പുലര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തിക്കാറില്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തിക്ക് ഒപ്പം നിന്ന് ഹീന പ്രവര്‍ത്തനം നടത്തിയ അനുഭവമാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

സിപിഎം മുന്‍ നേതാവ് ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. വലിയ വഞ്ചനയാണ് സുധാകരന്‍ കാണിച്ചതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു

അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരനും. തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി.സുധാകരന്‍ കരുതുന്നത്. പാര്‍ട്ടിക്ക് എല്ലാവരും സമന്‍മാരാണ്. പാര്‍ട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എടുത്ത നിലപാടിനെ മുഖ്യമന്ത്രി പ്രശംസിച്ചു. പാര്‍ട്ടി എന്ന നിലയ്ക്ക് കെ.സുധാകരന്‍ എടുത്ത നിലപാടാണ് നല്ലത്. കെ.സുധാകരന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് പാര്‍ട്ടിയെടുത്തത്. അതിന്റെ അവസാനത്തില്‍ പല അഭ്യൂഹങ്ങളും പ്രചരിച്ചു. എങ്കിലും അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി നിന്നു. അത് നല്ല കാര്യമാണ്. അങ്ങനെയാണ് ഒരു പാര്‍ട്ടിക്കാരന്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെ നോക്കിയാല്‍ ജി.സുധാകരന്‍ എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. വഞ്ചനയ്ക്ക് ഇതില്‍പരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരന്‍ കാണിച്ചത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചു. ഗൂഢാലോചന നടത്തി കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിയെന്നാല്‍ എത്ര വലിയ പാതകമാണത്.

പാര്‍ട്ടി വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെട്ടു. സഖാക്കളില്‍ പാര്‍ട്ടിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. ഉറച്ച പാര്‍ട്ടിക്കാരനായിരുന്നു ജി.സുധാകരന്‍. മറ്റൊരു തരത്തില്‍ കാര്യങ്ങള്‍ വളരുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചില്ല. സാധാരണ രീതിയില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലല്ലോ? പക്ഷേ മുന്‍പേ ഇതിനുവേണ്ടി കളമൊരുക്കുകയായിരുന്നു. അതാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിക്കുന്നതല്ലല്ലോ? സുധാകരനെ അനുനയിപ്പിക്കാന്‍ താന്‍ വിളിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.