തൃക്കാക്കര: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ രമേഷ് പിഷാരടിയോട് ദേഷ്യം തോന്നാനുള്ള കാരണം വെളിപ്പെടുത്തി, തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബിയില്‍ നടന്ന ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് തങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് കാരണമെന്ന് അഖില്‍ മാരാര്‍ ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തി.

നടന്‍ ജോജു ജോര്‍ജിന് അബുദാബിയില്‍ ഒരു പരിപാടിക്കിടെ നേരിടേണ്ടി വന്ന ദുരനുഭവമാണ് പിഷാരടിയോടുള്ള തന്റെ ദേഷ്യത്തിന് പിന്നിലെന്ന് അഖില്‍ മാരാര്‍ പറയുന്നു. മുഖ്യമന്ത്രിയും മമ്മൂട്ടിയും ക്ഷണിച്ചിട്ടും ജോജുവിന് വേദിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പോയ സംഭവം ചൂണ്ടിക്കാട്ടിയ അഖില്‍, 'വൃത്തികെട്ട മനസ്സോടെ രമേഷ് പിഷാരടി അവിടെ കളിച്ചു. ജോജുവിനെ പരിപാടിയില്‍ കയറ്റാതിരിക്കാന്‍ ചില കളികള്‍ കളിച്ചതില്‍ പ്രധാനി പിഷാരടി ആയിരുന്നു,' എന്ന് ആരോപിച്ചു.

'പിഷാരടി എന്ന വ്യക്തിയെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ട്വന്റി 20 രാഷ്ട്രീയ പാര്‍ട്ടിയില്‍ വന്നത് ചിലര്‍ പരിഹസിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഒരു പൊതു ചോദ്യം ചോദിച്ചതാണ്. ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കാകട്ടെ എന്ന്. പാലക്കാട് ചെന്ന് തോല്‍ക്കാന്‍ പോകുന്ന അയാളെ ഞാന്‍ എന്തിനാണ് പരിഹസിക്കുന്നത്. പിഷാരടിയോട് വ്യക്തിപരമായ ദേഷ്യം തോന്നാന്‍ ഇടയായ ഒരു സംഭവമുണ്ട്.

അബുദബിയില്‍ മമ്മൂക്കയും മോഹന്‍ലാലും മുഖ്യമന്ത്രിയും ഉള്‍പ്പടെയുള്ള ഒരു പരിപാടി നടക്കുമ്പോള്‍ വേദിയില്‍ നിന്നും ജോജു ജോര്‍ജ് ഇറങ്ങി പോയത് എന്താണെന്ന് ചോദിക്കണം. ഇതിന് വൃത്തികെട്ട മനസോടെയാണ് രമേഷ് പിഷാരടി അവിടെ കളിച്ചത്. ആ ദേഷ്യമുണ്ട് എനിക്ക്. ജോജുവിന് വേദിയില്‍ കയറാന്‍ പറ്റിയില്ല. മുഖ്യമന്ത്രിയും മമ്മൂട്ടിയും വിളിച്ചതിന് പിന്നാലെയാണ് അന്ന് ജോജു ആ പരിപാടിയില്‍ പങ്കെടുത്തത്. പക്ഷേ ജോജുവിനെ ആ പരിപാടിയില്‍ കയറ്റാതിരിക്കാനായി ചില കളികള്‍ കളിച്ചതില്‍ പ്രധാനി ഈ പിഷാരടി ആയിരുന്നു.'' അഖില്‍ മാരാര്‍ പറഞ്ഞത്.

രമേഷ് പിഷാരടി ഇത്രയും കാലം ലാഭം മാത്രം നോക്കി ജീവിച്ച വ്യക്തിയാണെന്നും, ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നത് വീണ്ടും ലാഭം കൊയ്യാനാണെന്നുമാണ് അഖില്‍ നേരത്തെ ആരോപിച്ചത്. അഖില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന നിലപാടാണ് പിഷാരടി സ്വീകരിച്ചത്. അഖില്‍ പറഞ്ഞത് മാറ്റിക്കൊണ്ടിരിക്കുന്ന ആളാണെന്നും, അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ച് രണ്ട് വര്‍ഷത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ പ്രതികരിക്കൂ എന്നും പിഷാരടി പരിഹസിച്ചു.

ജയിക്കുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് അഖില്‍ മാരാര്‍. 'ഞാന്‍ ജയിക്കുമെന്നു എനിക്ക് പ്രതീക്ഷയുണ്ട്. രാഷ്ട്രീയം റിയാലിറ്റി ഷോയേക്കാള്‍ എളുപ്പമാണ്,' എന്ന് ബിഗ് ബോസ് ജേതാവ് കൂടിയായ അഖില്‍ മാരാര്‍ വ്യക്തമാക്കി. ബിഗ് ബോസ് താരമായ റോബിന്‍ രാധാകൃഷ്ണനുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും, ബിഗ് ബോസിലെ കാര്യങ്ങള്‍ അവിടെ അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രവേശനം വെറുമൊരു കരിയര്‍ മാറ്റമല്ലെന്ന് വ്യക്തമാക്കിയ അഖില്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. രാഷ്ട്രീയത്തിലേക്ക് എത്താനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരുന്നു തനിക്ക് സിനിമ. തിരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ ഇനി സിനിമയിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ രാഷ്ട്രീയ ആശയങ്ങള്‍ പറയേണ്ട ഒരു സാഹചര്യം വന്നാല്‍ മാത്രമേ ഇനി സിനിമയെക്കുറിച്ച് ആലോചിക്കൂ. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പി.ആര്‍ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്ന് അഖില്‍ പറഞ്ഞു. പലരും തന്നെ സമീപിച്ചിരുന്നുവെങ്കിലും ജനങ്ങളുടെ രാഷ്ട്രീയ ബോധ്യത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.