- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കം മുറുകി; ഗോദായില്‍ 890 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരയ്ക്കുന്നത് കൊടുവള്ളിയില്‍; മഞ്ചേശ്വരത്തും പേരാവൂരിലും തിരുവനന്തപുരം സെന്‍ട്രലിലും 11 വീതം; പ്രതീക്ഷിച്ച ചിഹ്നം മാറിപ്പോയ അങ്കലാപ്പില്‍ മുന്നണികള്‍; അന്തിമ വോട്ടര്‍പട്ടിക റെഡി
അങ്കം മുറുകി; ഗോദായില്‍ 890 സ്ഥാനാര്‍ഥികള്‍;

തിരുവനന്തപുരം: 2026ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയും പിന്‍വലിക്കാനുള്ള സമയപരിധിയും അവസാനിച്ചതോടെ, 890 സ്ഥാനാര്‍ത്ഥികളാണ് അന്തിമമായി മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നത് കൊടുവള്ളി മണ്ഡലത്തിലാണ്.
കൊടുവള്ളിയില്‍ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ 957 സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ 890 പേര്‍ അങ്കത്തിനിറങ്ങുന്നത്. മഞ്ചേശ്വരം, പേരാവൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളില്‍ 11 സ്ഥാനാര്‍ത്ഥികള്‍ വീതമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ആറു സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചിരുന്നത്.
മത്സരചിത്രം വ്യക്തമാകുമ്പോള്‍, സ്ഥാനാര്‍ത്ഥികളുടെ പേരും പാര്‍ട്ടിയും ചിഹ്നങ്ങളും ശ്രദ്ധേയമായി. പല പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കും അവര്‍ പ്രതീക്ഷിച്ച ചിഹ്നങ്ങള്‍ ലഭിക്കാതെ വന്നത് തിരിച്ചടിയായി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രമയ്ക്ക് പ്രതീക്ഷിച്ച ഫുട്‌ബോള്‍ ചിഹ്നം ലഭിച്ചില്ല. ഗോവയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാലാണിത്. പകരം ടെലിവിഷനാണ് രമയ്ക്ക് അനുവദിച്ചത്. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന് തെങ്ങിന്‍ തോപ്പ് ചിഹ്നമായി ലഭിച്ചപ്പോള്‍, പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്രന്‍ എന്‍.എം.ആര്‍. റസാഖിന് കുടം ചിഹ്നം അനുവദിച്ചു.
കോഴിക്കോട് സൗത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവില്‍ ഗ്ലാസ് ചിഹ്നത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ബക്കറ്റ് ചിഹ്നമാണ് ലഭിച്ചത്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിന് ഗ്യാസ് സിലിണ്ടര്‍ ചിഹ്നമായി ലഭിച്ചു. എലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രന് തിരിച്ചടിയായത്, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരിച്ച ക്ലോക്ക് ചിഹ്നം ഇത്തവണ അജിത് പവര്‍ വിഭാഗം സ്ഥാനാര്‍ത്ഥി പി.കെ. ശശീന്ദ്രന് ലഭിച്ചതാണ്. തിരുവനന്തപുരം സെന്‍ട്രലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.പി. ജോണിന് കപ്പലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ കരമനയ്ക്ക് ക്യാമറയും ചിഹ്നമായി ലഭിച്ചു. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോസ്റ്റും തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന് ഗ്യാസ് സിലിണ്ടറുമാണ് ചിഹ്നങ്ങളായി അനുവദിച്ചത്.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.


