- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂഡയെ അമിതമായി ആശ്രയിച്ചത് വിനയായി; ജാട്ട് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുന്നത് അറിഞ്ഞില്ല; ഫോഗട്ട് എത്തിയപ്പോള്‍ എല്ലാം ഒകെയായെന്ന് മതിമറന്നു; ഷെല്‍ജയുടെ മോഹവും ബിജെപി ആയുധമാക്കി; ഹരിയാനയില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നത് ആംആദ്മിയുടെ 1.79ശതമാനം വോട്ടില്‍
ഹരിയാനയില്‍ ഏഴു വാഗ്ദാനങ്ങളില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. 2019-ലെ പൂജ്യത്തില്‍നിന്നാണ് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് മുന്നേറിയത്. 2019-ല്‍ 28.5 ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതമെങ്കില്‍ 2024-ല്‍ അത് 43.67 ശതമാനമായി കൂടി. ഇതിനൊപ്പം ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിര പോരാളിയില്‍ നിന്നും വര്‍ത്തമാന രാഷ്ട്രീയത്തിലേക്കുള്ള വിനേഷ് ഫോഗട്ടിന്റെ ചുവടുവെപ്പ് കൂടുതല്‍ ഗുണകരമാകുമെന്നും കരുതി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഹരിയാനയില്‍ ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തി. എന്നാല്‍ എല്ലാം വെറുതെയായി.
പാരീസ് ഒളിമ്പിക്സില്‍ ഭാരവിഷയത്തില്‍ മെഡല്‍ നഷ്ടമായ ശേഷം തിരിച്ചെത്തിയ വിനേഷ് ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് വലിയ നോവായിരുന്നു. ഹരിയാനയില്‍ വിനേഷ് തരംഗമാകുമെന്ന് കോണ്‍ഗ്രസ് കരുതി. ജൂലാനയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച് തിരഞ്ഞെടുപ്പ് ഗോദയിലും താരമാവാന്‍ ഫോഗട്ടിന് കഴിഞ്ഞു. 1967 മുതല്‍ കോണ്‍ഗ്രസും ലോക്ദളുമെല്ലാം മാറിമാറി ജയിച്ചുവന്നിരുന്ന ജുലാന 2019 മുതലാണ് കോണ്‍ഗ്രസിനെ കൈവിട്ടത്. ലോക്ദളിനെ പിളര്‍ത്തി ജെ.ജെ.പിയുടെ അമര്‍ജീത് ദണ്ഡ വിജയിച്ച മണ്ഡലം ഫോഗട്ടിലൂടെ ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. പക്ഷേ ഫോഗട്ടിന്റെ നേട്ടം ഹരിയാനയില്‍ കോണ്‍ഗ്രസിനുണ്ടായില്ല. അവര്‍ തകര്‍ന്നു.
സഖ്യത്തോടും ഒപ്പം നില്‍ക്കുന്ന കക്ഷികളോടും കോണ്‍ഗ്രസ് വിട്ടുവീഴ്ച കാട്ടിയില്ല. ദശീയതലത്തില്‍ സഖ്യം രൂപീകരിക്കുകയും സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയോടുതന്നെ മത്സരിക്കുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒപ്പംനിന്ന ആം ആദ്മി പാര്‍ട്ടിയോടൊപ്പം തന്നെ കോണ്‍ഗ്രസ് തുടരുമെന്നായിരുന്നു മുന്‍ധാരണ. എന്നാല്‍, കാര്യങ്ങള്‍ സീറ്റ് ചര്‍ച്ചയിലേക്ക് കടന്നതോടെ സഖ്യം രണ്ടുവഴിക്കായി. പഞ്ചാബ്, ഡല്‍ഹി അതിര്‍ത്തിമേഖലകളില്‍ പത്ത് സീറ്റ് വേണമെന്ന ആം ആദ്മി പാര്‍ട്ടി ആവശ്യമുന്നയിച്ചതോടെ കോണ്‍ഗ്രസ് തെറ്റി പിണങ്ങി. 90 സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആംആദ്മി ഒരു ശതമാനത്തില്‍ അധികം വോട്ട് നേടി. ബിജെപിയും കോണ്‍ഗ്രസും തമ്മിലെ 0.80 ശതമാനായിരുന്നു വോട്ട് വ്യത്യാസം. ആംആദ്മി പിടിച്ചത് 1.79 ശതമാനം വോട്ടും. കോണ്‍ഗ്രസ് വേണ്ടെന്ന് വച്ച ആംആദ്മി വോട്ടാണ് ബിജെപിക്ക് വിജയം നല്‍കിയതെന്ന് സാരം.
ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സംഘവും സിര്‍സ എം.പി. കുമാരി ഷെല്‍ജ നേതൃത്വംനല്‍കുന്ന ഗ്രൂപ്പും തമ്മിലുള്ള ഉള്‍പാര്‍ട്ടി പോര് കോണ്‍ഗ്രസിന് തിരിച്ചടിയായി. ഷെല്‍ജയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ഖട്ടര്‍ രംഗത്തെത്തിയതോടെ വിഷയം ആളിക്കത്തി. ഇതിനെതിരേ രൂക്ഷമായി പ്രതികരിച്ച് ഷെല്‍ജ രംഗത്തെത്തിയെങ്കിലും അതൃപ്തി പുറത്തറിഞ്ഞു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയിലായിരുന്നു കോണ്‍ഗ്രസിന്റെ ഇത്തവണത്തെ പ്രധാന ആശ്രയം. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകള്‍ ഒരുമിച്ച് നേടിയാല്‍ സംസ്ഥാനത്ത് വിജയം ഉറപ്പാക്കുമെന്ന് ഹൂഡയും കോണ്‍ഗ്രസും വിശ്വസിച്ചു. ഇത് വെറുതെയായി. ജാട്ട് വോട്ടുകള്‍ ചിന്നിചിതറി. എന്നാല്‍ ജാട്ട് ഇതര വോട്ടുകള്‍ ബിജെപിയിലേക്കും കേന്ദ്രീകരിച്ചു.
ജാട്ട്, മുസ്ലിം ഇതര വോട്ടുകള്‍ക്കിടയില്‍ ബി.ജെ.പിക്ക് തങ്ങളുടെ വോട്ടുകള്‍ മികച്ച രീതിയില്‍ ഏകീകരിക്കാനായതാണ് വിലയിരുത്തപ്പെടുന്നത്. ജാട്ട് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ബിജെപിക്ക് പ്രത്യേക പദ്ധതിയും ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ ചേരിപ്പോരും അധികാരത്തിനായി ഉന്നത നേതാക്കളുടെ കലഹവും കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ പ്രധാന ഘടകമായി. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാര വോട്ടുകള്‍ പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ഥികളിലേക്കും സ്വന്ത്രര്‍ക്കും വിഭജിച്ചതാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയ മറ്റൊരു ഘടകം. ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
ഹരിയാനയില്‍ ഏഴു വാഗ്ദാനങ്ങളില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. 10 വര്‍ഷക്കാലത്തെ ബിജെപിയുടെ അഴിമതിയായിരുന്നു സ്ഥാനാര്‍ഥികളുടെ പ്രചാരണ വിഷയങ്ങള്‍. ഇതൊന്നും ഫലം കണ്ടില്ല.