തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയെന്ന ഏക ലക്ഷ്യത്തിലേക്ക് സിപിഎം കണ്ണുവെച്ചപ്പോള്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവരക്തങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും കടുത്ത നിരാശ. ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിക്ക് വേണ്ടി തൊണ്ടകീറി വാദിക്കുന്നവരും എകെജി സെന്ററിലെ വിശ്വസ്തരുമായ പല പ്രമുഖ യുവനേതാക്കളും ഇക്കുറി പുറത്താണ്. എം. സ്വരാജ്, പി.എം. ആര്‍ഷോ, ചിന്താ ജെറോം തുടങ്ങിയ പ്രമുഖര്‍ പട്ടികയില്‍ ഇടംപിടിക്കാത്തത് സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനം വിട്ട് രാഷ്ട്രീയത്തിലിറങ്ങിയ എം.വി. നികേഷ് കുമാറിനും ഇത്തവണ സിപിഎം സീറ്റ് നല്‍കിയില്ല.

ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ മുഖമായി നിന്ന് എതിരാളികളെ നേരിടുന്ന പലരും പട്ടികയില്‍ വെട്ടിനിരത്തപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, എസ്എഫ്ഐ നേതാക്കളായ പി.എം. ആര്‍ഷോ, എം. ശിവപ്രസാദ്, മുന്‍ വനിതാ കമ്മീഷന്‍ അംഗം ചിന്താ ജെറോം എന്നിവര്‍ക്കൊന്നും സീറ്റ് ലഭിച്ചില്ല. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി എത്താറുള്ള കെ.എസ്. അരുണ്‍കുമാര്‍, ജെയ്ക് സി. തോമസ് എന്നിവരെയും ഇക്കുറി പരിഗണിച്ചില്ല. ചാനലുകളില്‍ പോയി പാര്‍ട്ടിക്ക് വേണ്ടി വാദിക്കുകയും പലപ്പോഴും പ്രതിരോധത്തിലാവുകയും ചെയ്യുന്നവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരം ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കുണ്ട്.

ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ പയറ്റിത്തെളിഞ്ഞ പഴയ മുഖങ്ങളെ തന്നെ കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. 75 സ്ഥാനാര്‍ത്ഥികളില്‍ വെറും 13 പേര്‍ മാത്രമാണ് പുതുമുഖങ്ങള്‍. സിറ്റിംഗ് എംഎല്‍എമാരില്‍ ഭൂരിഭാഗത്തെയും നിലനിര്‍ത്തിയത് യുവനേതാക്കളുടെ മോഹങ്ങള്‍ക്ക് പാരയായി. മട്ടന്നൂരില്‍ വി.കെ. സനോജ് മാത്രമാണ് യുവപ്രാതിനിധ്യമായി എടുത്തുപറയാവുന്ന പുതുമുഖം. തലശേരിയില്‍ എം.എന്‍. ഷംസീറിന് പകരം കാരായി രാജനും തളിപ്പറമ്പില്‍ പി.കെ. ശ്യാമളയുമാണ് മത്സരരംഗത്തുള്ളത്.

വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും കാര്യമായ വര്‍ദ്ധനവില്ല. 10 വനിതകളാണ് പട്ടികയിലുള്ളത്. മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍. ബിന്ദു എന്നിവര്‍ക്കൊപ്പം കെ.കെ. ശൈലജയും വീണ്ടും ജനവിധി തേടുന്നു. പാര്‍ട്ടിക്ക് വേണ്ടി ഊര്‍ജ്ജസ്വലരായി നിന്ന യുവനേതാക്കളെ വെട്ടിനിരത്തിയെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എന്നാല്‍, വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും ഭരണത്തുടര്‍ച്ചയാണ് ലക്ഷ്യമെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. തിരുവനന്തപുരം മേയറായിരുന്ന ആര്യാ രാജേന്ദ്രന് സീറ്റ് നല്‍കുമെന്ന് ഏവരും കരുതി. എന്നാല്‍ അതും സംഭവിച്ചില്ല.

സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ തെറ്റില്ലാത്ത പ്രാതിനിധ്യം നല്കിയിരുന്ന സിപിഎം പക്ഷേ ഇത്തവണത്തെ നിയമസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പതിവ് തെറ്റിച്ചുവെന്നതാണ് വസ്തുത. ഭരണത്തുടര്‍ച്ചയെന്ന ഒറ്റ ലക്ഷ്യം മാത്രമായപ്പോള്‍ സ്ഥാനാര്‍ഥികള്‍ ഒട്ടുമിക്കവരും പഴയ മുഖങ്ങള്‍. പേരിനു മാത്രമായി പുതുമുഖങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തത്. സിറ്റിംഗ് എംഎല്‍എമാരില്‍ ഒട്ടുമിക്കവരും മത്സരിക്കട്ടെ എന്ന തീരുമാനം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും തിരിച്ചടിയായി.

ഇതുവരെ പ്രഖ്യാപിച്ച പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്ന 75 പേരില്‍ 13 പേര്‍ മാത്രമാണ് പുതുമുഖങ്ങളെന്നു പറയാവുന്നത്. അതില്‍ത്തന്നെ യുവാക്കളും വനിതകളും വളരെക്കുറവ്. തലശേരിയില്‍ സ്പീക്കര്‍ എം.എന്‍. ഷംസീറിനു പകരം കാരായി രാജന്‍ മത്സരിക്കും. സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗമാണ് കാരായി രാജന്‍ . എന്‍ഡിഎഫ് നേതാവ് ഫസല്‍ വധക്കേസില്‍ ഗൂഡാലോചനക്കുറ്റം ചുമത്തി ജയിലാകുകയും ജാമ്യം ലഭിക്കുകയും ചെയ്ത കാരായി രാജന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവാണ് തലശേരിയിലെ സ്ഥാനാര്‍ഥിത്വം.