- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാന്‍ അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ പറ്റില്ല, തരത്തില്‍ പോയി കളിക്ക് നികേഷേ': ദീപ്തി മേരി വര്‍ഗ്ഗീസിന്റെ രൂക്ഷമായ മറുപടി; വാക്‌പോര് പുതിയ തലത്തിലേക്ക്
നികേഷിന് ദീപ്തിയുടെ മറുപടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 'പോ മോനെ വിജയാ' എന്ന് അഭിസംബോധന ചെയ്തതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ വാക്‌പോര് പുതിയ തലത്തിലേക്ക്. പിണറായി വിജയന്‍ രേവന്ത് റെഡ്ഡിക്ക് 'ഡാഷ് മോനെ രേവന്താ' എന്ന് മറുപടി നല്‍കിയത് വലിയ വിവാദമായി മാറിയതിന് പിന്നാലെയാണ്, സി.പി.എം. നേതാവ് എം.വി. നികേഷ് കുമാറിന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗ്ഗീസ് രൂക്ഷമായ മറുപടി നല്‍കിയത്. 'തരത്തില്‍ പോയി കളിക്ക് നികേഷേ' എന്ന് ദീപ്തി മേരി വര്‍ഗ്ഗീസ് ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.
മുഖ്യമന്ത്രിയെ അപമാനിച്ച രേവന്ത് റെഡ്ഡിക്കെതിരെ സി.പി.എം. അണികളും പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ്, പിണറായി വിജയനെന്നല്ല, കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെ സമാനമായ രീതിയില്‍ അഭിസംബോധന ചെയ്താല്‍ രേവന്ത് റെഡ്ഡിയുടെ 'പരിപ്പ് ഞങ്ങള്‍ എടുക്കും' എന്ന് എം.വി. നികേഷ് കുമാര്‍ പ്രതികരിച്ചത്.
നികേഷ് കുമാറിന്റെ ഈ പ്രസ്താവനയ്ക്കാണ് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗ്ഗീസ് ഫേസ്ബുക്കിലൂടെ ശക്തമായ മറുപടി നല്‍കിയത്. 'രേവന്ത് റെഡ്ഡിയുടെ പരിപ്പെടുക്കാന്‍ അച്ഛനെ കൊല്ലാന്‍ നടന്നവരുടെ പാളയത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന നികേഷ് കുമാര്‍ വിചാരിച്ചാല്‍ പറ്റില്ല' എന്ന് ദീപ്തി കുറിച്ചു. നികേഷ് കുമാറിന്റെ പിതാവ് എം.വി. രാഘവന്റെ 'പരിപ്പ് എടുക്കാന്‍' സി.പി.എം. ശ്രമിച്ച കാലത്ത് അദ്ദേഹത്തെ സംരക്ഷിക്കുകയും ജീവന്‍ രക്ഷിച്ചുകൊണ്ട് എം.എല്‍.എയും മന്ത്രിയുമാക്കുകയും ചെയ്തത് കോണ്‍ഗ്രസ് പ്രസ്ഥാനമാണെന്നും ദീപ്തി ഓര്‍മ്മിപ്പിച്ചു. അന്ന് സി.പി.എമ്മിന് കഴിയാത്തതൊന്നും ഇപ്പോള്‍ നികേഷ് കുമാര്‍ വിചാരിച്ചാല്‍ നടക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'എ.ടി.എം' ആണ് രേവന്ത് റെഡ്ഡിയെന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് 'അഴിമതിപ്പണം' ഇറക്കിയത് ഇയാളാണെന്നും നികേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് 'കട്ട പണത്തിന്റെ അഹങ്കാരം' രേവന്ത് റെഡ്ഡിയുടെ വാക്കുകളില്‍ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്‍പത് കഴിഞ്ഞ ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ 'നീ' എന്നും 'പോ മോനെ' എന്നും വിളിക്കാനുള്ള രേവന്ത് റെഡ്ഡിയുടെ ധാര്‍ഷ്ട്യം എങ്ങനെയുണ്ടായി എന്നും നികേഷ് കുമാര്‍ ചോദിച്ചു. 'നിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു 'എന്ന് പറയുമ്പോള്‍ പഴയ ആന്ധ്രാ പ്രദേശ് എ.ബി.വി.പി. സംസ്ഥാന പ്രസിഡണ്ടായിരുന്ന രേവന്ത് റെഡ്ഡി കൊന്നുകളയുമെന്നാണോ ഉദ്ദേശിക്കുന്നതെന്നും നികേഷ് കുമാര്‍ സംശയം പ്രകടിപ്പിച്ചു. രണ്ടുതവണ കേരളം തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും നികേഷ് കുമാര്‍ തന്റെ പോസ്റ്റില്‍ എടുത്തുപറഞ്ഞിരുന്നു.
മുഖ്യമന്ത്രിമാര്‍ തമ്മില്‍ ആരംഭിച്ച വാക്‌പോര് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ഏറ്റെടുത്തതോടെ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്


