തിരുവനന്തപുരം: ശബരിമല ഉള്‍പ്പടെ കേരള രാഷ്ട്രിയത്തില്‍ തന്നെ നിര്‍ണ്ണായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഉള്ള ജില്ലയാണ് പത്തനംതിട്ട.അതിനാല്‍ തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ കടുത്ത മത്സരത്തിന് തന്നെയാകും ജില്ല സാക്ഷ്യം വഹിക്കുക. ആകെയുള്ള 5 നിയമസഭാ മണ്ഡലങ്ങളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ കൈയ്യിലാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് മേല്‍ക്കൈ നേടിയത് പാര്‍ട്ടിക്ക് തങ്ങളുടെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ സൂചനയായി നേതൃത്വം വിലയിരുത്തുന്നു.എന്നാല്‍ മാറുന്ന കേരള രാഷ്ട്രീയ സമവാക്യങ്ങളില്‍ ആറന്മുള, കോന്നി എന്നി മണ്ഡലങ്ങളില്‍ ഉള്‍പ്പടെ ശക്തമായ വേരോട്ടമുള്ള ബി ജെ പി യും പത്തനംതിട്ടയില്‍ സ്വപ്നങ്ങള്‍ നെയ്ത് തുടങ്ങിയിട്ടുണ്ട്.

സി പി എമ്മിന് വെല്ലുവിളിയായി സ്വര്‍ണ്ണക്കൊള്ള

തദ്ദേശത്തിലെ പോലെ തന്നെ നിയമസഭയിലും ചര്‍ച്ചയാകുമെന്ന് കരുതുന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള ജില്ലയില്‍ സി പി എമ്മിന് കനത്ത വെല്ലുവിളി തന്നെയാണ്.സിപിഎം ജില്ല കമ്മറ്റിയംഗമായ എ പദ്മകുമാര്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലിലായത് സി പി എമ്മിന് ഇരട്ടപ്രഹരമാണ്.എങ്കിലും പ്രതീക്ഷയോടെ രംഗത്തിറങ്ങാന്‍ തന്നെയാണ് പാര്‍ട്ടി തീരുമാനം.പാര്‍ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്നും വീണാ ജോര്‍ജ്ജും കോന്നി നിയോജക മണ്ഡലത്തില്‍ നിന്നും കെ യു ജെനീഷ് കുമാറും വീണ്ടും മത്സരിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കിയത് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിന്റെയും മുന്നൊരുക്കത്തിന്റെയും തെളിവാണ്.

സംസ്ഥാനത്തെ ആരോഗ്യ രംഗത്തു ശ്രദ്ധേയമായ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന വീണ ജോര്‍ജ് ഏത് മണ്ഡലത്തില്‍ നിന്നാലും വിജയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.കോന്നിയില്‍ കെ യു ജനീഷ് കുമാര്‍ തന്നെ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് ജനവികാരമാണെന്നും പാര്‍ട്ടി തീരുമാനിച്ചാല്‍ ജനീഷ് കുമാര്‍ തന്നെ കോന്നിയില്‍ മത്സരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളില്‍ നിന്നുള്ള അഞ്ച് എംഎല്‍എ മാരും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു സംശയവും ഇല്ലെന്നുമാണ് സെക്രട്ടറിയുടെ നിലപാട്.

ജില്ലയിലെ അടൂര്‍, ആറന്മുള, കോന്നി, തിരുവല്ല, റാന്നി ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫാണ്. ഇതില്‍ ആറന്മുളയും കോന്നിയുമാണ് സിപിഎം സീറ്റുകള്‍.അടൂരില്‍ സി പി ഐ യുടെ പരിഗണന പട്ടികയില്‍ പന്തളം നഗരസഭ വൈസ്‌ചെയര്‍മാന്‍ കെ മണിക്കുട്ടന്‍, ആലപ്പുഴ സ്വദേശിയായ എ ഐ വൈ എഫ് നേതാവ് അഡ്വ.സി എ അരുണ്‍ എന്നിവരാണുള്ളത്.എം എല്‍ എ സ്ഥാനത്ത് മൂന്ന് ടേം പിന്നിട്ട ഡെപ്യൂട്ടി സ്പീകര്‍ ചിറ്റയം ഗോപകുമാറിന്റെ പേരും ഉയര്‍ന്ന് വരുന്നുണ്ട്.തിരുവല്ലയില്‍ നിലവിലെ എം എല്‍ എ തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത.ജനതാദള്‍ എസ് ലെ മാത്യു ടി തോമസിന് തന്നെ വീണ്ടും നറുക് വീണേക്കും.റാന്നിയില്‍ പ്രമോദ് നാരായണനെ തന്നെയാകും കേരള കോണ്‍ഗ്രസ് എം വീണ്ടും പരിഗണിക്കുക.

പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ യു ഡി എഫ്

യുഡിഎഫ് കോട്ടയായിരുന്ന പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.ഇക്കുറി അഞ്ച് മണ്ഡലങ്ങളും തിരിച്ചു പിടിക്കുമെന്നാണ് വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ ക്യാമ്പില്‍ നേതൃത്വം വിലയിരുത്തിയത്. തദ്ദേശത്തില്‍ നേടിയ മേല്‍കൈ നിയമസഭയിലും ആവര്‍ത്തിക്കാനാണ് യു ഡി എഫിന്റെ ശ്രമം.

ഓര്‍ത്തഡോക്‌സ് സഭ, നായര്‍ വോട്ടുകള്‍ നിര്‍ണ്ണായകമായ ആറന്മുള്ള മണ്ഡലത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ പി മോഹന്‍രാജ്, പഴകുളം മധു, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് എബിന്‍ വര്‍ക്കി എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ ഉള്ളത്. കോന്നിയില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രഥമ പരിഗണന എം പി കൂടിയായ അടൂര്‍ പ്രകാശിനാണ്.എം പിമാര്‍ക്ക് നിയന്ത്രണം വരികയോ അദ്ദേഹം സ്വയം പിന്മാറുകയോ ചെയ്താല്‍ മറ്റൊരു സാധ്യത ഡി സി സി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിലിനാണ്.

അടൂരില്‍ പന്തളം സുധാകരനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍ എം പി രമ്യ ഹരിദാസ്, പ്രാദേശിക നേതാവ് ബാബു ദിവാകരന്‍ എന്നിവരും പട്ടികയിലുണ്ട്.തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസഫ് എം പുതുശ്ശേരിയുടെ പേരാണ് ഉയര്‍ന്ന് വരുന്നത്.റാന്നിയില്‍ കെ പി സി സി അംഗം അഡ്വ.കെ ജയവര്‍മ്മയ്ക്കാണ് മുന്‍ഗണന.കെ പി സി സി ജനറല്‍ സെക്രട്ടറി റിങ്കു ചെറിയാന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

ആറന്‍മുളയിലും കോന്നിയിലും പ്രതീക്ഷ.. ബി ജെ പിയുടെ കണക്ക് കൂട്ടല്‍

ആറന്മുളയിലും കോന്നിയിലും കരുത്ത് തെളിയിച്ച് പത്തനംതിട്ടയിലും നേട്ടം കൊയ്യാനാണ് ബി ജെ പി നേതൃത്വത്തിന്റെ പരിശ്രമം.ഇതിനായി പ്രമുഖരെ തന്നെ കളത്തിലിറക്കാനാണ് ബി ജെ പി യുടെ നീക്കം.ഏറെ പ്രതീക്ഷയുള്ള ആറന്മുള മണ്ഡലത്തില്‍ കുമ്മനം രാജശേഖരനാണ് സാധ്യത കല്‍പ്പിക്കപെടുന്നത്.ഒപ്പം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും ജൈവ കര്‍ഷകനുമായ അജയ് കുമാര്‍ വാല്യുഴത്തിന്റെ പേരും ഉയര്‍ന്നുവരുന്നുണ്ട്.

കോന്നിയില്‍ എന്‍ ഡി എയില്‍ ബി ഡി ജെ എസ് സീറ്റ് ചോദിക്കുന്നതായാണ് വിവരം.സീറ്റ് നല്‍കുകയാണെങ്കില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പത്മകുമാറിനാണ് സാധ്യത.ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തിരുവല്ലയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയെ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.റാന്നിയില്‍ ബിജെപി ജില്ല സെക്രട്ടറി ഷൈന്‍ ജി കുറുപ്പിനാണ് പരിഗണന.

2021 ലെ കണക്കുകള്‍ അറിയാം

എല്‍ ഡി എഫ്

1.വീണ ജോര്‍ജ് - ആറന്മുള - 19003

2.കെ യു ജനീഷ് കുമാര്‍ - കോന്നി -8508

3.ചിറ്റയം ഗോപകുമാര്‍ - അടൂര്‍ -2919

4.പ്രമോദ് നാരായണന്‍ - റാന്നി-1285

5.മാത്യു ടി തോമസ് - തിരുവല്ല -11421

നാളെ കോട്ടയം