കൊച്ചി: യുഡിഎഫിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മനോരമ ന്യൂസ് സി-വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ പ്രവചിക്കുന്നു. 14 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍, കഴിഞ്ഞ തവണത്തെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഐക്യജനാധിപത്യ മുന്നണിക്ക് (യുഡിഎഫ്) 12 മുതല്‍ 14 സീറ്റുകള്‍ വരെ ലഭിക്കുമെന്നും, ഇടതുമുന്നണിക്ക് (എല്‍ഡിഎഫ്) പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ മാത്രമായിരിക്കും നേട്ടമെന്നും സി-വോട്ടര്‍ പ്രവചിക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍ഡിഎ) ഒരിടത്തും ജയസാധ്യതയില്ലെന്നും സര്‍വേ പറയുന്നു.

2021ലെ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ഏഴ് സീറ്റുകള്‍ നേടി ഇടതുമുന്നണി മികച്ച മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണത്തെ പ്രവചനം ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്. വോട്ട് വിഹിതത്തിലും യുഡിഎഫ് ബഹുദൂരം മുന്നിലാണ്. 42 ശതമാനമാണ് ജില്ലയില്‍ മുന്നണിയുടെ വോട്ട് വിഹിതം. എല്‍ഡിഎഫിന് 32 ശതമാനം വോട്ട് ലഭിക്കുമെന്നും എന്‍ഡിഎയ്ക്ക് 14 ശതമാനം വോട്ട് നേടാനാകുമെന്നും സര്‍വേ പ്രവചിക്കുന്നു. മറ്റ് കക്ഷികള്‍ക്ക് 12 ശതമാനം വോട്ട് ലഭിക്കുമെന്നതും എറണാകുളത്തിന്റെ പ്രത്യേകതയാണ്.

ജില്ലയിലെ കളമശേരി, തൃപ്പൂണിത്തുറ, കുന്നത്തുനാട് എന്നിവയാണ് പ്രധാന പോരാട്ടങ്ങള്‍ നടക്കുന്ന ഹോട്ട് സീറ്റുകളെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. വ്യവസായ മന്ത്രി പി.രാജീവ് മത്സരിക്കുന്ന കളമശേരിയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഇവിടെ മുസ്ലിം ലീഗിലെ വി.ഇ. അബ്ദുല്‍ ഗഫൂറാണ് രാജീവിന്റെ പ്രധാന എതിരാളി. ബിഡിജെഎസ് സ്ഥാനാര്‍ഥി എം.ബി.ബിനുവും എന്‍ഡിഎയ്ക്കുവേണ്ടി രംഗത്തുണ്ട്.

തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് ജോയിക്ക് വിജയസാധ്യത കല്‍പ്പിക്കുന്നു. വൈപ്പിനിലെ സിറ്റിങ് എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണനെയാണ് സിപിഎം തൃപ്പൂണിത്തുറയില്‍ രംഗത്തിറക്കിയത്. എന്‍ഡിഎ ട്വന്റി ട്വന്റിക്ക് നല്‍കിയ മണ്ഡലത്തില്‍ സിനിമാതാരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി.

ട്വന്റി ട്വന്റിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിങ് എംഎല്‍എ പി.വി. ശ്രീനിജിനാണ് അദ്ദേഹത്തിന്റെ മുഖ്യ എതിരാളി. ട്വന്റി ട്വന്റിക്കുവേണ്ടി ബാബു ദിവാകരനും മണ്ഡലത്തില്‍ സജീവമാണ്.