ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന് കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ഉറപ്പായി. കേരളം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോരാട്ടഭൂമിയായി ഇതോടെ അമ്പലപ്പുഴ മാറിയിരിക്കുകയാണ്. ഇതോടെ ആലപ്പുഴയില്‍ അടക്കം വമ്പന്‍ മത്സരങ്ങള്‍ വരും.

ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നേരത്തെ യു.ഡി.എഫ് ക്യാമ്പില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ സുധാകരന്‍ അനുകൂലിച്ചു എന്ന തരത്തില്‍ വന്ന വാര്‍ത്തകളായിരുന്നു കോണ്‍ഗ്രസിനെ പിന്നോട്ട് വലിച്ചത്. എന്നാല്‍, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തമായ ഉറപ്പ് നല്‍കിയതോടെയാണ് ചിത്രം മാറിയത്. താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ പിണറായി സര്‍ക്കാരിനെതിരാണെന്ന സുധാകരന്റെ വിശദീകരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും അംഗീകരിക്കുകയായിരുന്നു.

യാതൊരു നിബന്ധനകളും വെക്കാതെയാണ് കോണ്‍ഗ്രസ് സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. ഇടതുപക്ഷത്തിന്റെ കോട്ടയായി അറിയപ്പെടുന്ന അമ്പലപ്പുഴയില്‍ സുധാകരനെപ്പോലൊരു കരുത്തനായ നേതാവ് യു.ഡി.എഫ് പിന്തുണയോടെ എത്തുമ്പോള്‍ അത് എല്‍.ഡി.എഫിന് വലിയ വെല്ലുവിളിയാകും. സുധാകരന്റെ വ്യക്തിപ്രഭാവവും യു.ഡി.എഫിന്റെ വോട്ട് ബാങ്കും ഒന്നിക്കുന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സി.പി.എമ്മുമായി അകന്നുനില്‍ക്കുന്ന ജി. സുധാകരന്‍ സ്വതന്ത്ര നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ അപ്രതീക്ഷിത സഖ്യം രൂപപ്പെടുന്നത്. കേരളത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥാനാര്‍ത്ഥിയായി ഇതോടെ ജി. സുധാകരന്‍ മാറി. വികസന നായകനെന്ന പ്രതിച്ഛായയും ഭരണവിരുദ്ധ വികാരവും ഒരുപോലെ വോട്ടാക്കി മാറ്റാനാണ് സുധാകരനും യു.ഡി.എഫും ലക്ഷ്യമിടുന്നത്.

ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണ്ണമാകും. ഇടതുപക്ഷത്തിന് സ്വന്തം തട്ടകത്തില്‍ പടലപ്പിണക്കങ്ങളും സുധാകരന്റെ വെല്ലുവിളിയും ഒരേപോലെ നേരിടേണ്ടി വരുമെന്നത് പോരാട്ടം കടുപ്പിക്കും. അമ്പലപ്പുഴയില്‍ സുധാകരന്റെ ഉണ്ടാക്കുന്ന ഇഫക്ട് ആലപ്പുഴ ജില്ലയിലാകെ സ്വാധീനമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. സുധാകരനെതിരെ പരസ്യ നിലപാട് സിപിഎം എടുത്തു കഴിഞ്ഞു.

സുധാകരന്റെ ഈ മാറ്റം പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണെന്നും അദ്ദേഹത്തിന്റെ ഈ 'രോഗം' പാര്‍ട്ടി നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പരിഹസിച്ചു. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേരാത്ത വീഴ്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പിന്തുണ മുന്‍കൂട്ടി ഉറപ്പിച്ച ശേഷമാണ് സുധാകരന്‍ സ്വതന്ത്രനായി പ്രഖ്യാപിച്ചതെന്ന് സി.പി.എം ആരോപിക്കുന്നു. സി.പി.എമ്മിനെ തകര്‍ക്കാന്‍ വലതുപക്ഷ ശക്തികളുമായി ചേര്‍ന്ന് സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നാണ് പാര്‍ട്ടിയുടെ പക്ഷം.

അമ്പലപ്പുഴ പാര്‍ട്ടിയുടെ കോട്ടയാണെന്നും വോട്ട് വ്യക്തിക്കല്ല മറിച്ച് പാര്‍ട്ടിക്കാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. സുധാകരന്‍ പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എല്‍.എ ആയ എച്ച്. സലാമിനെ തന്നെ വീണ്ടും അമ്പലപ്പുഴയില്‍ അങ്കത്തിനിറക്കാനാണ് സി.പി.എം തീരുമാനം. സുധാകരന് പാര്‍ട്ടി നല്‍കിയ പ്രത്യേക പരിഗണനകള്‍ അദ്ദേഹം മറന്നുവെന്നും, രക്തസാക്ഷിയായ സ്വന്തം സഹോദരനെപ്പോലും അപമാനിക്കുന്ന നിലപാടാണ് സുധാകരന്റേതെന്നും എച്ച്. സലാം ആരോപിച്ചിരുന്നു. സുധാകരനെതിരെ പരസ്യമായ പ്രതിഷേധ പരിപാടികള്‍ക്കും പോസ്റ്റര്‍ പ്രചാരണങ്ങള്‍ക്കും പാര്‍ട്ടി തുടക്കം കുറിച്ചിട്ടുണ്ട്.