തിരുവനന്തപുരം: ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റന്‍ പ്രയോഗം മുതല്‍ മുഖ്യന്റെ പല പ്രയോഗങ്ങളും യുഡിഎഫിന് അനുകൂലമായെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ്- എല്‍ഡിഎഫ് മത്സരമാണ് മണ്ഡലത്തില്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

'വട്ടിയൂര്‍ക്കാവില്‍ അടിയൊഴുക്കൊന്നുമില്ല. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെ എനിക്ക് വിശ്വാസമാണ്. ആ മണ്ണ് ചതിക്കില്ല. എല്ലാ സഭകളുടെയും വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ട്': കെ മുരളീധരന്‍ പറഞ്ഞു. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ ചര്‍ച്ചയുമായി രംഗത്തെത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ചര്‍ച്ച അനാവശ്യമാണെന്നും ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ അവസരമുണ്ടാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

'തെരഞ്ഞെടുപ്പില്‍ 100 സീറ്റിന് മുകളില്‍ നേടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആവേശത്തോടെയാണ് ജനങ്ങള്‍ ഇത്തവണ വോട്ട് ചെയ്തത്. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ എന്നോടൊപ്പമുണ്ടെന്നാണ് വിശ്വാസം. അതേസമയം, മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ അനാവശ്യമാണ്. പാര്‍ട്ടിക്ക് അതിന്റേതായ ചില രീതികള്‍ എല്ലാ കാര്യത്തിലുമുണ്ട്. ജനം വിശ്വസിച്ച് ഭരണം ഏല്‍പ്പിക്കുമ്പോള്‍ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാന്‍ അവസരം ഉണ്ടാക്കരുത്. നാലാം തീയതിക്ക് ശേഷം അത്തരം വിഷയങ്ങളിലെല്ലാം ധാരണയുണ്ടാകും'. മുരളീധരന്‍ പ്രതികരിച്ചു.

'എല്ലാ സഭകളുടെയും വോട്ട് യു.ഡി.എഫിന് കിട്ടിയിട്ടുണ്ടെന്നാണ് പ്രതീക്ഷ. ക്യാപ്റ്റന്‍ പ്രയോഗം മുതലുള്ള മുഖ്യന്റെ പല പ്രയോഗങ്ങളും യു.ഡി.എഫിന് അനുകൂലമായതാണ് ഞങ്ങളുടെ വിലയിരുത്തല്‍. യു.ഡി.എഫ് നൂറ് സീറ്റിന് മുകളില്‍ നേടി അധികാരത്തില്‍ തിരിച്ചെത്തും'. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ഷോണ്‍ ജോര്‍ജിന്റെ സഭാ വിമര്‍ശനം ശരിയല്ലെന്നും വോട്ട് കിട്ടിയില്ലെന്ന് കരുതി അങ്ങനെ പറയാന്‍ പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അധികാരം കിട്ടുകയാണെങ്കില്‍ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കഴിഞ്ഞ ദിവസം പ്രതികരിച്ചു. എന്നാല്‍ വി.ഡി സതീശന്‍ മുഖ്യമമന്ത്രിയാകണമെന്ന ആഗ്രഹം പര്യമാക്കി എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ മറുപടി.