കണ്ണൂര്‍: രാഷ്ട്രീയ എതിരാളിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍പ്പുണ്ടെങ്കിലുംപാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാന്‍ തയ്യാറായ കെ. സുധാകരനാണ് വിമത സ്ഥാനാര്‍ത്ഥിയായി അമ്പലപ്പുഴയില്‍ മത്സര രംഗത്തിറങ്ങിയ ജി. സുധാകരനെ ക്കാള്‍ ശരിയെന്ന് അഭിപ്രായ പ്രകടനം നടത്തിയതോടെ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തില്‍. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരുടെ പിന്‍തുണയുടെ കെ.സുധാകരന്‍ എം.പി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രായാധിക്യം മറന്ന് കത്തിക്കയറുകയാണ്.

കണ്ണൂര്‍ കോണ്‍ഗ്രസില്‍ മഞ്ഞുരുകിയതോടെ യു.ഡി എഫ് തെരഞ്ഞെടുപ്പ് വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. ഇതുവരെ കാണാത്ത ആവേശമാണ് കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ദൃശ്യമാകുന്നത്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനും തളിപറമ്പില്‍ ടി.കെ ഗോവിന്ദനും യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. സംസ്ഥാന നേതാക്കളുടെ നീണ്ട നിര തന്നെയാണ് തളിപറമ്പില്‍ പി.കെ ശ്യാമളയ്ക്കായി പ്രവര്‍ത്തിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വിജയരാജന്‍, പി. സന്തോഷ് കുമാര്‍ എം.പി തുടങ്ങിയ നേതാക്കള്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു വരികയാണ്.

എന്നാല്‍ കെ. സുധാകരന്‍ എം.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായതോടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അണികളും ആവേശത്തിലാണ് യു.ഡി എഫ് മണ്ഡലങ്ങളില്‍ ആവേശമായി മാറാന്‍ കെ. സുധാകരന് കഴിഞ്ഞിട്ടുണ്ട്. വലിയ ജനക്കൂട്ടമാണ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ കെ. സുധാകരനെ കേള്‍കാനായി എത്തിച്ചേരുന്നത്.

കണ്ണൂര്‍ നിയമസഭാ മണ്ഡല സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍ എആദ്യമായി കെ സുധാകരന്‍ എം.പിയെ കാണാനെത്തിയത് കോണ്‍ഗ്രസില്‍ ഐക്യത്തിന്റെ വിളംബരമായിട്ടുണ്ട്. പേരാവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സുധാകരനെ ക്ഷണിക്കാനായാണ് സണ്ണി ജോസഫ് ഇന്നലെ വൈകിട്ട് തോട്ടട നടാലിലെ ലാല്‍ വിഹാര്‍ വീട്ടിലേക്ക് എത്തിയത്. നേരിട്ടെത്തി സംസാരിക്കണമെന്ന് സണ്ണി ജോസഫിനോട് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടിരുന്നു.

തങ്ങള്‍ രണ്ട് പേരും തിരക്കിലായത് കാരണമാണ് കാണാന്‍ വൈകിയതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് പേരും കൂടി തീരുമാനിച്ച സമയമാണ് ഇത്. കെ സുധാകരന്‍ തന്റെ നേതാവാണ്. അദ്ദേഹമാണ് തന്നെ ഡിസിസി, കെപിസിസി പ്രസിഡന്റാക്കിയത്. ഒരു ജ്യേഷ്ഠ സഹോദരന്റെ സ്‌നേഹം എല്ലായ്‌പ്പോഴും തനിക്ക് സുധാകരന്‍ തന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഐ എം ഫുള്ളി ഹാപ്പി എന്നാണ് സുധാകരന്‍ പറഞ്ഞത്. പേരാവൂരില്‍ പ്രചാരണത്തിന് താന്‍ പോകില്ലെന്ന് ആര് പറഞ്ഞു.

പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ത്ത് പോകുന്നവരാണ് തങ്ങള്‍. നേരത്തേതിനെക്കാള്‍ ലാഘവമുള്ള സാഹചര്യമാണ് പേരാവൂരില്‍ ഉള്ളതെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ തമ്മില്‍ ഒരു സൗന്ദര്യപ്പിണക്കവും ഉണ്ടായിട്ടിട്ടില്ലെന്നും സണ്ണി ജോസഫ് തന്റെ സ്വന്തമാണെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ പേരാവൂര്‍ മണ്ഡലത്തില്‍ കെ സുധാകരന് സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പേരാവൂര്‍ മണ്ഡലത്തില്‍ യു.ഡി എഫ് സ്ഥാനാര്‍ത്ഥിയായ സണ്ണി ജോസഫിനെതിരെ പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു.

കെ.എസ് ബ്രിഗേഡിന്റെ പേരിലാണ് പോസ്റ്റര്‍ വന്നത്. സണ്ണി ജോസഫ് നന്ദികേട് കാണിച്ചു വെന്നായിരുന്നു ആരോപണം എന്നാല്‍ പോസ്റ്ററുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ പതിച്ചതെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. വിവാദങ്ങളുടെ മഞ്ഞുരുകിയതോടെ കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെ തന്നെ 140 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ താരാ പ്രചാരകനായി മാറിയിരിക്കുകയാണ് കെ. സുധാകരന്‍ എം.പി അടുത്ത ദിവസം തന്നെ പേരാവൂരില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.