തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം)ന്റെ ബലത്തില്‍ കഴിഞ്ഞ നിയമസഭ പോരാട്ടത്തില്‍ യുഡിഎഫ് കോട്ടകള്‍ ഇളക്കിയ ഇടതുപക്ഷത്തോട് തദ്ദേശത്തിലെ ഫലത്തിന്റെ കരുത്തില്‍ പൊരുതാനുറച്ച് യുഡിഎഫും എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിലുള്‍പടെ കണ്ണ് വച്ച് ബിജെപിയും ഇറങ്ങുമ്പോള്‍ 2021 ലേത് പോലെ ഏകപക്ഷീയമായ ഒരു ഫലം കോട്ടയത്ത് ഇക്കുറി ആരും പ്രതീക്ഷിക്കുന്നില്ല.

ജില്ലാപഞ്ചായത്തടക്കം കൈവിട്ടതൊക്കെ തദ്ദേശത്തില്‍ തിരിച്ചു പിടിക്കാനായത് തന്നെയാണ് യുഡിഎഫിന് കരുത്താകുന്നത്.കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാനായി വൈക്കത്ത് ഒഴിക്കെ നിലവിലെ എം എല്‍ എമാര്‍ക്ക് വീണ്ടും അവസരം നല്‍കാനാണ് എല്‍ഡിഎഫിന്റെ തിരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ഞിരപള്ളിയില്‍ നോട്ടമിട്ടാണ് ബി ജെ പി യുടെ നീക്കങ്ങള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് ധാരണ തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ് 5, കേരള കോണ്‍ഗ്രസ് 3, മാണി സി.കാപ്പന്‍ വിഭാഗം 1 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണ സീറ്റ് വിഭജനം. എല്‍ഡിഎഫില്‍ സിപിഎം 3, സിപിഐ 1, കേരള കോണ്‍ഗ്രസ് (എം) 5 എന്നിങ്ങനെയും. കോട്ടയം, പുതുപ്പള്ളി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു. പാലായില്‍ മാണി സി.കാപ്പന്‍ മത്സരിച്ചു.

എല്‍ഡിഎഫിലാകട്ടെ പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടുത്തുരുത്തി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളാണ് കഴിഞ്ഞ തവണ മത്സരിച്ചത്. കോട്ടയം, ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളില്‍ സിപിഎമ്മും വൈക്കത്ത് സിപിഐയും മത്സരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ജില്ലയില്‍ സജീവമായി. തദ്ദേശ തിരഞ്ഞെടുപ്പിലെ ഒരുക്കം അതേപോലെ തുടരാനാണ് രാഷ്ട്രീയ കക്ഷികള്‍ താഴേത്തട്ടില്‍ നിര്‍ദേശം നല്‍കിയത്. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവമാണ്.

ലക്ഷ്യം 21 ലെ ആവര്‍ത്തനം.. സിറ്റിങ്ങ് എം എല്‍ എമാര്‍ക്ക് അവസരം നല്‍കുമോ എല്‍ ഡി എഫ്

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പതില്‍ അഞ്ചും നേടിയായിരുന്നു ഇടതുപക്ഷത്തിന്റെ ആധികാരിക ജയം. പാലായില്‍ ജോസ് കെ മാണി തോറ്റെങ്കിലും കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍, ഏറ്റുമാനൂര്‍,ചങ്ങനാശ്ശേരി,വൈക്കം സീറ്റുകളില്‍ ഇടതുപക്ഷം വെന്നിക്കൊടി പാറിച്ചു.കേരള കോണ്‍ഗ്രസ് (എം) ന്റെ സീറ്റുകളില്‍ നിലവിലെ എം എല്‍ എ മാര്‍ തന്നെ മത്സരിച്ചേക്കും.ഏറ്റുമാനൂരില്‍ മന്ത്രി വി എന്‍ വാസവന് വീണ്ടും സാധ്യതയെന്നാണ് സൂചന. സിപിഎമ്മില്‍ നിന്ന് മന്ത്രി വി.എന്‍.വാസവന്‍ തന്നെയാകും ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥി. വാസവന്‍ തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍നിന്ന് രണ്ടു തവണ എംഎല്‍എ ആയിട്ടില്ലാത്തതിനാല്‍ സിപിഎമ്മിലെ ടേം നിബന്ധന ബാധകമാകില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് വാസവന്‍.

ഇടതിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ സി കെ ആശയ്ക്ക് പകരം പുതിയ സ്ഥാനാര്‍ത്ഥി എത്തിയേക്കും.ഇനി ആശയ്ക്ക് മത്സരിക്കണമെങ്കില്‍ പാര്‍ട്ടി പ്രത്യേക അനുമതി നല്‍കണം. കഴിഞ്ഞ തവണ ഇതേകാരണം പറഞ്ഞാണ് പീരുമേട്ടില്‍ ബിജിമോളെ മത്സരരംഗത്തുനിന്നു മാറ്റിയത്.അതിനാല്‍ തന്നെ ആശയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് കണ്ടറിയണം.

ഇളവു ലഭിച്ചാല്‍ ആശയ്ക്കു സാധ്യത തെളിയും. ഇല്ലെങ്കില്‍ പുതിയ സ്ഥാനാര്‍ഥിയെ സിപിഐ രംഗത്തിറക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ യുവനേതാവ് പി പ്രദീപിനെ അടക്കമുള്ളവരെയാണ് സി പി ഐ പരിഗണിക്കുന്നത്.കടുത്തുരുത്തിയിലേക്ക് മാറുമെന്ന് നേരെത്തെ അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പാല വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസ് കെ മാണി നിലപാട് വ്യക്തമാക്കി കഴിഞ്ഞു.ഡോ എന്‍ ജയരാജ് - കാഞ്ഞിരപ്പള്ളി,അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ - പൂഞ്ഞാര്‍, അഡ്വ ജോബ് മൈക്കിള്‍ - ചങ്ങനാശ്ശേരി എന്നിവര്‍ മത്സരിചേക്കും.

കോട്ടകള്‍ തിരിച്ചുപിടിക്കണം.. ആകാംഷയോടെ യുഡിഎഫ്

ജോസ് കെ മാണിയുടെ ഇടത് പ്രവേശനത്തോടെ പ്രതിസന്ധിയിലായ യുഡിഎഫിന് പുതുപള്ളി ഉപതെരഞ്ഞെടുപ്പിലും പാര്‍ലിമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ഉണ്ടായ വിജയം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള വലിയ ഊര്‍ജ്ജം തന്നെയാണ് അത്.കോട്ടയം പാര്‍ലമെന്റ് സീറ്റ് കൊടുത്ത പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ്സിന് സിറ്റിങ്ങ് സീറ്റൊഴിക്കെ ഒന്നും നല്‍കേണ്ടതില്ലെന്ന അഭിപ്രായവും പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ കോട്ടയം ജില്ലയിലെ യുഡിഎഫ് രാഷ്ട്രീയത്തില്‍ ആകാംക്ഷയും വര്‍ധിക്കുകയാണ്. വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ മറ്റ് പാര്‍ട്ടികളുമായി വെച്ചുമാറാമെന്ന് കോണ്‍ഗ്രസ് പറഞ്ഞതാണ് ഇതിന് അടിസ്ഥാനം.

ജില്ലയില്‍ ആകെ ഒന്‍പത് മണ്ഡലമാണ്. കോണ്‍ഗ്രസിനെ കൂടാതെ രണ്ട് സീറ്റുകളില്‍ കേരള കോണ്‍ഗ്രസും ഒന്നില്‍ മാണി സി.കാപ്പനുമാണ് മത്സരിക്കുന്നത്. കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ എന്നിവയാണ് പി.ജെ. ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിന്റേത്. ചങ്ങനാശ്ശേരിയും ഏറ്റുമാനൂരും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യമുണ്ട്.

ചങ്ങനാശ്ശേരിയില്‍ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരുടെയും ഏറ്റുമാനൂരില്‍ നാട്ടകം സുരേഷിന്റെയും പേരുകള്‍ ചേര്‍ത്താണ് ചര്‍ച്ചകള്‍. വൈക്കത്ത് കോണ്‍ഗ്രസിനു സര്‍പ്രൈസ് സ്ഥാനാര്‍ഥി വരുമോയെന്നും ചര്‍ച്ചകളുണ്ട്. അതേസമയം, 2021-ല്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ അനുവദിച്ചുകിട്ടിയ സീറ്റുകള്‍ മാറുന്നതില്‍ നിലവില്‍ തീരുമാനമില്ലെന്ന് കേരള കോണ്‍ഗ്രസ് പറയുന്നു. ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുത്തതില്‍ കലാപമുണ്ടാക്കിയാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്.

കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തേണ്ടിവരും. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും തുടരും. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും പാലായില്‍ മാണി സി.കാപ്പനും തുടര്‍ന്നും മത്സരിക്കും. ഏറ്റുമാനൂരില്‍ ജോസഫ് ഗ്രൂപ്പ് തുടരുകയാണെങ്കില്‍ അവിടെ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. 2021-ല്‍ അവിടെ സ്ഥാനാര്‍ഥിയായിരുന്ന പ്രിന്‍സ് ലൂക്കോസ് കഴിഞ്ഞവര്‍ഷമാണ് മരിച്ചത്.

ലക്ഷം എ ക്ലാസ് മണ്ഡലം.. കരുത്തുകാട്ടാന്‍ ബി ജെ പി

പി സി ജോര്‍ജിന്റെ വരവ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ക്രിസ്ത്യന്‍ മേഖലകളില്‍ ബി ജെ പിക്ക് ഗുണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എ ക്ലാസ് മണ്ഡലമായി കാണുന്ന കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, പി സി ജോര്‍ജ്, എന്‍ ഹരി എന്നീ പേരുകളാണ് ഉയരുന്നത്. പാല,പൂഞ്ഞാര്‍,ചങ്ങനശ്ശേരി മണ്ഡലങ്ങളിലും ബി ജെ പി മുന്നേറ്റം പ്രതീക്ഷിക്കുന്നു എന്നാല്‍ പി.സി.ജോര്‍ജിന്റെ ജനപക്ഷം ബിജെപിയില്‍ ലയിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ തന്നെ മത്സരിക്കണമെന്ന ആഗ്രഹം പി.സി.ജോര്‍ജിനുണ്ട്.

മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോണ്‍ ജോര്‍ജിനെ പാലാ മണ്ഡലത്തില്‍ പരിഗണിക്കുന്നുണ്ട്. ജോര്‍ജ് ജയിച്ച പഴയ പൂഞ്ഞാര്‍ മണ്ഡലത്തിലെ 6 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാലാ. മുത്തോലി പോലെ ബിജെപിക്ക് സ്വാധീനമുള്ള പഞ്ചായത്തുകളും പാലാ മണ്ഡലത്തിലുണ്ട്. ഇതാണ് ഷോണിന്റെ പേരു പരിഗണിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

2021 ലെ കണക്കുകള്‍ ഇങ്ങനെ

എല്‍ ഡി എഫ്

1. സി കെ ആശ -വൈക്കം - 29122

2. വി എന്‍ വാസവന്‍ - ഏറ്റുമാനൂര്‍ - 14303

3. ജോബ് മൈക്കിള്‍ - ചങ്ങനാശ്ശേരി - 6059

4. ഡോ.എന്‍ ജയരാജ് - കാഞ്ഞിരപ്പള്ളി - 13703

5. സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ - പൂഞ്ഞാര്‍ - 16817

യുഡിഎഫ്

1. മാണി സി കാപ്പന്‍ - പാല- 15386

2. മോന്‍സ് ജോസഫ്- കടുത്തുരുത്തി - 4256

3. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ - കോട്ടയം - 18743

4. ചാണ്ടി ഉമ്മന്‍ - പുതുപ്പള്ളി - 37719

നാളെ ഇടുക്കി