- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ 'സ്ത്രീ ലമ്പട' പരാമര്‍ശം; ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്‍ക്ക് വിജയസാധ്യത ഉള്ളിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കയ്യേറ്റവും
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ പോളിങ് 60% കടന്നു
കാസര്‍ഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. എല്ലാ ജില്ലകളിലും പോളിങ് ശതമാനം 60 കടന്നു.തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.
വോട്ടെടുപ്പ് പുരോഗമിക്കവേ പാലക്കാട് മണ്ണാര്‍ക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ചെത്തല്ലൂര്‍ തെക്കുംമുറി വുമണ്‍ വെല്‍ഫെയര്‍ സെന്റര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ കാര്‍ത്തിയാനി എന്ന വോട്ടര്‍ കുഴഞ്ഞുവീണു. ചെത്തല്ലൂര്‍ ഇടമനപ്പടി സ്വദേശിനിയായ കാര്‍ത്തിയാനിക്ക് സമീപത്തുണ്ടായിരുന്ന സ്ത്രീകള്‍ പ്രഥമ ശുശ്രൂഷ നല്‍കി. ഈ ബൂത്തില്‍ നേരത്തെ വലിയ തിരക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൃശൂര്‍ എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ ഇരട്ട വോട്ട് ചെയ്‌തെന്ന പരാതിയെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. 246 പേര്‍ വോട്ട് ചെയ്‌തെങ്കിലും മെഷീനില്‍ 247 വോട്ടുകള്‍ രേഖപ്പെടുത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. അവസാനം വോട്ട് ചെയ്തയാള്‍ക്ക് ബീപ് ശബ്ദം കേള്‍ക്കാത്തതിനെത്തുടര്‍ന്ന് രണ്ടാമതും വോട്ട് ചെയ്യാന്‍ അനുവാദം നല്‍കിയതാണ് പ്രശ്‌നമായത്. അയാളുടെ രണ്ട് വോട്ടുകളും മെഷീനില്‍ രേഖപ്പെടുത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. റിട്ടേണിംഗ് ഓഫീസര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച ശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു.
വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമവും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ടെലിവിഷന്‍ വാര്‍ത്താ സംഘത്തിന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റ ശ്രമം നടത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്യവെയായിരുന്നു ഈ സംഭവം. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ട് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
പാലക്കാട് ജില്ലയിലെ പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡിലെ കൂള്‍ സിറ്റി ബൂത്തിന് മുന്നില്‍ മുസ്ലിം ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ബൂത്തിനുള്ളില്‍ കടന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തക ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ഈ തര്‍ക്കം. പിന്നീട് പോലീസെത്തിയാണ് സാഹചര്യം ശാന്തമാക്കിയത്.
പന്ത്രണ്ടാം വാര്‍ഡില്‍ മുസ്ലിം ലീഗിന്റെ ടി.പി. ഉസ്മാനും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്വതന്ത്രനായി കെ.പി. സാജിദും അബ്ദുള്‍ കരീം എന്ന സ്വതന്ത്രനും മത്സരിക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്രനെ സി.പി.എം പിന്തുണക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, അബ്ദുള്‍ കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാര്‍ഡില്‍ വോട്ട് കുറവായതുകൊണ്ടാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സി.പി.എം നേതൃത്വം പ്രതികരിച്ചു.
വോട്ട് ചെയ്ത പ്രമുഖരും പ്രതികരണങ്ങളും
മുഖ്യമന്ത്രി പിണറായി വിജയന്‍ പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് എല്‍ പി സ്‌കൂളിലെ കാട്ടില്‍പീടിക ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ തലശ്ശേരി നഗരസഭ - 35 പുന്നോല്‍ ഈസ്റ്റ് വാര്‍ഡിലെ പുന്നോല്‍ എയ്ഡഡ് എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
മന്ത്രി എ.കെ ശശീന്ദ്രന്‍ ചൊവ്വ ധര്‍മ്മ സമാജം യു പി സ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കടന്നപ്പള്ളി പാണപുഴ പഞ്ചായത്ത് ചെറുവാച്ചേരി ഗവ: എല്‍ പി സ്‌കൂള്‍ ബൂത്ത് നമ്പര്‍ ഒന്നില്‍ വോട്ട് രേഖപ്പെടുത്തി.
വിവാദമായി മുഖ്യമന്ത്രിയുടെ സ്ത്രീ ലമ്പട പരാമര്‍ശം
രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ കേസ് ആയുധമാക്കിയ മുഖ്യമന്ത്രി, കോണ്‍ഗ്രസ് സ്ത്രീലമ്പടന്മാരെയും ലൈംഗിക വൈകൃത കുറ്റവാളികളെയും ന്യായീകരിക്കുകയാണെന്ന് തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വാക്‌പോരിന് വഴിവെക്കുകയും പ്രതിപക്ഷ നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു.
സ്വന്തം തട്ടകമായ പിണറായിയിലെ സ്‌കൂളില്‍ കുടുംബസമേതം വോട്ട് ചെയ്യാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെതിരെയുള്ള കടന്നാക്രമണം. 'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്‍മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി ലൈംഗിക വൈകൃത കുറ്റവാളികളെ പോലും ന്യായീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ ഈ ആരോപണങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ഉടന്‍തന്നെ ശക്തമായി തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്വന്തം മന്ത്രിസഭയിലെ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട എത്രപേരുണ്ടെന്ന് നോക്കണമെന്ന് ആവശ്യപ്പെട്ടു. പീഡന പരാതികളില്‍ മുഖ്യമന്ത്രിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഇരട്ടത്താപ്പാണുള്ളതെന്നും സതീശന്‍ കുറ്റപ്പെടുത്തി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി പൂഴ്ത്തിയയാളാണ് മുഖ്യമന്ത്രിയെന്നും, സി.പി.എമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ എന്നും ചെന്നിത്തല തുറന്നടിച്ചു. കെ.സി. വേണുഗോപാലും മുഖ്യമന്ത്രി കണ്ണാടി നോക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് കെ.കെ. രമ എം.എല്‍.എയും ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള ഒരു പ്രധാന ചര്‍ച്ചാ വിഷയമാക്കാന്‍ യു.ഡി.എഫ് ആഗ്രഹിക്കുമ്പോള്‍, അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ദിലീപിനെ അനുകൂലിച്ച് യു.ഡി.എഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന എല്‍.ഡി.എഫ് ആയുധമാക്കിയെങ്കില്‍, രണ്ടാംഘട്ടത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് മുഖ്യമന്ത്രി നേരിട്ട് ഉന്നയിക്കുകയായിരുന്നു. അതേസമയം, രാഹുലിനെതിരായ പരാതി ആസൂത്രിതമാണെന്നും അതിന് പിന്നില്‍ ഒരു 'ലീഗല്‍ ബ്രെയിന്‍' പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് ആരോപിച്ചു.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രപരമായ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയതോടെ, തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട ദിനത്തിലും യു.ഡി.എഫിന് തലവേദനയാകുന്ന വിഷയങ്ങള്‍ തന്നെയായിരുന്നു പ്രധാന ചര്‍ച്ച. ശബരിമല സ്വര്‍ണ്ണക്കൊള്ള തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും, എല്‍.ഡി.എഫ് ചരിത്രവിജയത്തിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി ഈ സാഹചര്യത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനെ 'സാമ്പിള്‍ വെടിക്കെട്ട്' എന്ന് വിശേഷിപ്പിച്ച് മന്ത്രി കെ. രാജന്‍ രംഗത്തെത്തി. 'പൂരം വരാനിരിക്കുന്നതേയുള്ളൂ' എന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാന്‍ പറ്റുമെന്നും കെ രാജന്‍ ചോദിച്ചു.
വര്‍ഗീയ കൂട്ട് കെട്ട് കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും യു ഡി എഫിന്റെ ഭാഗമായാണ് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ശബരിമലയിലെ ഒരു തരി സ്വര്‍ണം നഷ്ടമാവില്ല. തെറ്റു ചെയ്ത ആരെയും ഞങ്ങള്‍ സംരക്ഷിക്കില്ല. തീവ്രവാദ - വര്‍ഗീയ സംഘടനകളുമായി എല്‍ ഡി എഫ് സഹകരിക്കില്ലെന്നും സഖ്യമില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു
സിപിഎമ്മിലെ സ്ത്രീലമ്പടന്‍മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്ന് രമേശ് ചെന്നിത്തല. സ്ത്രീ ലമ്പടന്മാര്‍ക്ക് ഉന്നത പദവി നല്‍കുന്നതാണ് സിപിഎമ്മിന്റെ ശീലം. പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ച മുഖ്യമന്ത്രിയാണ് ഈ വര്‍ത്താനം പറയുന്നതെന്നും രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പി എസ് ശ്രീധരന്‍ പിള്ള. ഇപ്പോഴുള്ള സീറ്റുകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കും. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള സ്ഥലങ്ങളില്‍ എല്‍ഡിഎഫ്, യുഡിഎഫും ഒന്നിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പുകളിലും അതുണ്ടാകുമെന്ന് പി എസ് ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു.




