- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി കനിഞ്ഞിട്ടും വരണാധികാരി 'നോ'; സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ അംഗീകരിക്കാന്‍ വിസമ്മതിച്ചു; തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍ക്ക് കടുത്ത തിരിച്ചടി! ബാലറ്റില്‍ 'നായര്‍' ഉണ്ടാകില്ല; 'അഞ്ജലി പി.വി'യായി തന്നെ വോട്ട് ചോദിക്കേണ്ടി വരും
അഞ്ജലി നായര്‍ക്ക് കടുത്ത തിരിച്ചടി!

കൊച്ചി: തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായരുടെ ബാലറ്റിലെ പേര് മാറ്റണമെന്ന ആവശ്യം വരണാധികാരി തള്ളി. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഹിയറിംഗ് നടത്തിയിരുന്നെങ്കിലും, സ്ഥാനാര്‍ത്ഥിയുടെ അപേക്ഷ അംഗീകരിക്കാന്‍ വരണാധികാരി വിസമ്മതിക്കുകയായിരുന്നു. ഇതോടെ, ബാലറ്റില്‍ 'അഞ്ജലി പി. വി.' എന്ന പേര് 'അഞ്ജലി നായര്‍' എന്ന് മാറ്റണമെന്ന ആവശ്യം നിലവില്‍ നടപ്പാകില്ല.
ബാലറ്റില്‍ 'അഞ്ജലി പി. വി.' എന്ന പേരിലാണ് സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് 'അഞ്ജലി നായര്‍' എന്ന് തിരുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഞ്ജലി നായര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ബാലറ്റിലെ പേര് മാറ്റുന്നത് സംബന്ധിച്ച് ഹിയറിംഗ് നടത്താനും അതില്‍ ഉചിതമായ തീരുമാനമെടുക്കാനും ഹൈക്കോടതി വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹിയറിംഗ് നടത്തിയെങ്കിലും, വരണാധികാരി അഞ്ജലി നായരുടെ ആവശ്യം തള്ളുകയായിരുന്നു.
സ്ഥാനാര്‍ത്ഥികള്‍ അവര്‍ അറിയപ്പെടുന്ന പേരില്‍ത്തന്നെ മത്സരിക്കുന്നതല്ലേ ജനാധിപത്യമെന്ന് നിരീക്ഷിച്ച കോടതി, അഞ്ജലിയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പേര് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും നഷ്ടപ്പെടാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഏത് പേരിലാണോ സ്ഥാനാര്‍ത്ഥി സുപരിചിതയായത്, ആ പേര് ബാലറ്റ് പേപ്പറിലും വോട്ടിങ് യന്ത്രത്തിലും വരുന്നത് വോട്ടര്‍മാരുടെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നാമനിര്‍ദ്ദേശ പത്രികയില്‍ 'അഞ്ജലി പി.വി.' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, പൊതുജീവിതത്തിലും സിനിമാ മേഖലയിലും താന്‍ 'അഞ്ജലി നായര്‍' എന്നാണ് അറിയപ്പെടുന്നത്. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലും മറ്റ് പ്രചാരണ പരിപാടികളിലും ഉപയോഗിച്ചിരിക്കുന്നത് അഞ്ജലി നായര്‍ എന്ന പേരാണ്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ അഞ്ജലി പി.വി. എന്ന് വരുന്നത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് അഞ്ജലിയുടെ ആശങ്ക.


