കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് ആവേശമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുളളതെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മറിയ ഉമ്മന്‍ പറഞ്ഞു. എല്‍ഡിഎഫിന് ഡീല്‍ അല്ലാതെ മറ്റെന്താണ് ഉളളതെന്ന് മറിയ ഉമ്മന്‍ ചോദിച്ചു.

കൊച്ചി മെട്രോ തന്റെ പിതാവ് ഉമ്മന്‍ചാണ്ടിയുടെ വികസനത്തിന്റെ നേര്‍ക്കാഴ്ച്ചയാണെന്നും ഭരണം മാറിയതുകൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിയാതെ പോയതാണെന്നും മറിയ ഉമ്മന്‍ പറഞ്ഞു. അപ്പയുടെ ശിഷ്യന് വേണ്ടി മെട്രോയില്‍ പ്രചാരണത്തിന് വന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുഖയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക് ജോയ്യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തായിരുന്നു മറിയ ഉമ്മന്റെ പ്രതികരണം.

'സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫിന് അനുകൂലമായ പ്രതികരണമാണുളളത്. പത്തുവര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒന്നും ചെയ്തില്ലെങ്കിലും യുഡിഎഫ് അധികാരത്തിലേറും എന്നത് ഉറപ്പാണ്. അവര്‍ക്ക് ഡീല്‍ മാത്രമേയുളളു. എല്‍ഡിഎഫ് പറയുന്നത് എല്‍ഡിഎഫല്ലാതെ മറ്റാരുണ്ട് എന്നാണ്. ഞാനവരോട് ചോദിക്കുന്നത് ഡീല്‍ അല്ലാതെ മറ്റെന്താണ് അവര്‍ക്കുളളത് എന്നാണ്. സാധാരണ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഏത് മണ്ഡലത്തില്‍ പോയാലും അത് പ്രതിഫലിക്കുന്നുണ്ട്': മറിയ ഉമ്മന്‍ പറഞ്ഞു.

നേരത്തെ മറിയയെ സ്ഥാനാര്‍ഥിയാക്കാനും കോണ്‍്ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍, ഇത് അവസാന നിമിഷം പാളുകയാണ് ഉണ്ടായത്. ഇക്കാര്യം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കിയിരുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാത്തതില്‍ തനിക്ക് ഒരു വിഷമവും ഇല്ലെന്നും മറിയ ഉമ്മന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിരുന്നു എന്നത് അംഗീകാരമായി കാണുന്നു. അടൂര്‍ പ്രകാശ് പരസ്യമായി പറയുമ്പോഴാണ് ആ വിവരം അറിയുന്നത്. മറ്റു ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മറിയ ഉമ്മന്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഒഴിവാക്കപ്പെട്ടു എന്ന് അറിഞ്ഞ സമയത്ത് വിഷമം ഒന്നും ഇല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ആ സ്റ്റേജില്‍ വച്ചാണ് അറിയുന്നത്. അത് ഞാന്‍ ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നു മറിയ പറഞ്ഞു.