മാനന്തവാടി: യു.ഡി.എഫിനോടും എല്‍ഡിഎഫിനോടും ഒരുപോലെ ആഭിമുഖ്യം പുലര്‍ത്തുന്ന മാനന്തവാടി മണ്ഡലം ഇത്തവണ ആര്‍ക്കോപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുമ്പ് യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം കഴിഞ്ഞ പത്ത് വര്‍ഷമായി എല്‍.ഡി.എഫിന് ഒപ്പമാണ്. ഇത്തവണ എല്‍.ഡി.എഫില്‍നിന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറച്ച പ്രതീക്ഷയില്‍ പ്രചാരണവുമായി മുന്നോട്ട് പോവുകയാണ് യു.ഡി.എഫ്. ഈ തെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫിനായി സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ഒ.ആര്‍ കേളുവും യു.ഡി.എഫിനായി കോണ്‍ഗ്രസിന്റെ ഉഷ വിജയനുമാണ് മത്സരരംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിജെപിയുടെ പി. ശ്യാംരാജ് മണ്ഡലത്തില്‍ ഒരു ത്രികോണ മത്സരത്തിനുള്ള ശ്രമത്തിലാണ്.

മറ്റുചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ അപരന്മാരെയും സ്വതന്ത്രന്മാരെയും കൊണ്ട് പെടാപ്പാട് പെടുമ്പോള്‍ ചുരം കയറി മാനന്തവാടിയില്‍ എത്തിയാല്‍ സ്ഥിതി വളരെ ശാന്തമാണ്. മത്സരരംഗത്ത് മൂന്ന് മുന്നണികള്‍ക്കുമായി മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രം. വേറെയാരും മത്സരരംഗത്തില്ല. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെ അപരരെയും വിമതരെയും സ്വതന്ത്രരെയും ഒതുക്കാനുള്ള പെടാപാടിലാണ് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍. പ്രചാരണത്തിനിടെ വന്യമൃഗങ്ങളെ പേടിച്ചാലും മനുഷ്യരെക്കൊണ്ടുള്ള ആക്രമണണം ഉണ്ടാവില്ലല്ലോ എന്ന ആശ്വാസത്തിലാണ് സ്ഥാനാര്‍ഥികള്‍. അപരന്മാരും സ്വതന്ത്രന്മാരും ഇല്ലാത്തതിനാല്‍ വോട്ടുകള്‍ വിഭജിക്കും എന്നതില്‍ സ്ഥാനാര്‍ഥികള്‍ക്ക് ആശങ്കയില്ല. സംസ്ഥാനത്ത് തന്നെ അപൂര്‍വമായാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നത്.

2011ലാണ് പട്ടികവര്‍ഗ സംവരണമായി (എസ്.ടി) മാനന്തവാടി മണ്ഡലം രൂപവത്കരിച്ചത്. ഗോത്ര വര്‍ഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് മാനന്തവാടി. മണ്ഡലത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള മേഖലയാണ്. അതിനാല്‍, ഈ മണ്ഡലത്തില്‍ വിജയിയെ പ്രവചിക്കുകയെന്നത് എളുപ്പമല്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികള്‍ക്കാണ് ജനം വോട്ടു ചെയ്യുന്നതെന്നും നേതാക്കള്‍ പറയുന്നു. 2011ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.കെ. ജയലക്ഷ്മി വിജയിച്ചു. എല്‍.ഡി.എഫിന്റെ കെ.സി. കുഞ്ഞിരാമനെതിരെ 12,000ത്തലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയലക്ഷമിയുടെ വിജയം. 2016ല്‍ മണ്ഡലത്തില്‍ ഒ.ആര്‍. കേളുവിനെ രംഗത്തിറക്കിയാണ് എല്‍.ഡി.എഫ് മാനന്തവാടി പിടിച്ചത്.

2021-ല്‍ ഒ.ആര്‍. കേളുവും കോണ്‍ഗ്രസിന്റെ പി.കെ. ജയലക്ഷ്മിയും ബി.ജെ.പിയുടെ പള്ളിയറ മുകുന്ദനുമായിരുന്നു കളത്തില്‍. അന്ന് 9282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേളു ജയിച്ചത്. 2021-ല്‍ കേളുവിന് ലഭിച്ച വോട്ട്- 72536. പി.കെ. ജയലക്ഷ്മിക്ക് ലഭിച്ച വോട്ട്- 63254. 2016ല്‍ 1380 വോട്ടിനായിരുന്നു പി.കെ ജയലക്ഷ്മി പരാജയപ്പെട്ടത്. ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ അംഗമായിരുന്നു പി.കെ ജയ ലക്ഷ്മിക്കെതിരെ അന്ന് അപര രംഗത്തുണ്ടായിരുന്നു. 1300 വോട്ടായിരുന്നു അപര നേടിയത്. മാത്രമല്ല, രണ്ടുതവണയും പാര്‍ട്ടിയില്‍ ഒരു വിഭാഗം തനിക്കെതിരേ കരുക്കള്‍ നീക്കിയെന്ന് കഴിഞ്ഞദിവസം ജയലക്ഷ്മി ആരോപിച്ചിരുന്നു.

മുമ്പ് രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായാണ് ഉഷ വിജയനെ യു.ഡി.എഫ് ചുമതലപ്പെടുത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയും പ്രിയഗാന്ധിയും മത്സരിച്ചപ്പോഴുണ്ടായ വലിയ ഭൂരിപക്ഷം, നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുക്കൂട്ടല്‍. 2021ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മുകുന്ദന്‍ പള്ളിയറ 13,142 വോട്ട് നേടിയിരുന്നു. വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയുണ്ടാക്കാന്‍ ബി.ജെ.പിക്ക് അന്ന് സാധിച്ചില്ല. എങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ശ്യാംരാജ് ശ്രമിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ വന്യജീവി ആക്രമണങ്ങളാണ് തെരഞ്ഞെടുപ്പിലെ ചര്‍ച്ച വിഷയം. വന്യമൃഗശല്യത്തില്‍ കൃഷി നശിച്ചെന്നും നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞതും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാനുള്ള ഫെന്‍സിങ്ങ് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനവും ചര്‍ച്ചാ വിഷയമാക്കിയാണ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വയനാട് ടൗണ്‍ഷിപ്പും നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച വിഷയമാക്കുന്നുണ്ട്.