പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയര്‍ത്തിക്കൊണ്ട് യു.ഡി.എഫ് ക്യാമ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് മുന്‍ എം.എല്‍.എയും വടകര എം.പിയുമായ ഷാഫി പറമ്പില്‍. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷാഫി പറമ്പില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പാലക്കാട്ടെ വോട്ടര്‍മാരെ കാത്തിരിക്കുന്നത് വലിയൊരു 'സര്‍പ്രൈസ്' ആണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അണികളില്‍ വലിയ ആവേശം നിറച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വോട്ട് അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ദേശീയ നേതാക്കളുടെ അഭാവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, 'വെയിറ്റ് ആന്‍ഡ് സീ' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

'വെയിറ്റ് ചെയ്ത് കണ്ടോളൂ, വേട്ടെടുപ്പ് ആയില്ലല്ലോ. നിങ്ങള്‍ ഷെഡ്യൂള്‍ ഇല്ല എന്നൊക്കെ അങ്ങനെ നേരത്തെ പറയല്ലേ. സന്ദീപ് വാര്യര്‍ക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട. വെയിറ്റ് ആന്‍ഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ. അപ്പോ പാലക്കാടിന് വലിയൊരു സര്‍പ്രൈസ് ഉണ്ടാവും' -അദ്ദേഹം പറഞ്ഞു. 'നമുക്ക് എതിരെ പറയാന്‍ ആര് വരുന്നു എന്നുള്ളതിനേക്കാള്‍ നമ്മുടെ ഒപ്പം ആരുണ്ട് എന്നതിലാണ് കാര്യം. നമ്മുടെ കൂടെയുള്ളത് ജനങ്ങളാണ്. ഈ ജനാവലി മുഴുവന്‍ അതിന് വലിയ സാക്ഷ്യമാണല്ലോ. ജനങ്ങള്‍ വലിയ ആവേശത്തില്‍ തന്നെയാണ്. ഇവര്‍ ഒപ്പം നില്‍ക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്' -ഒപ്പമുണ്ടായിരുന്ന സ്ഥാനാര്‍ഥി രമേഷ് പിഷാരടി പറഞ്ഞു.

'ഇത്തവണ പാലക്കാട് ആ എംഎല്‍എ മത്സരിക്കുന്നില്ലല്ലോ.. പാര്‍ട്ടി ഒരു തീരുമാനം എടുത്തില്ലേ?'

'ഒന്ന് ആലോചിച്ചു നോക്കൂ, ഒരു പ്രധാനമന്ത്രി ഇവിടെ വന്നിട്ട് ഒരു കൗണ്‍സിലറുടെ കാര്യമാണ് സംസാരിക്കുന്നത്. പ്രധാനമന്ത്രിക്ക് ബ്രിജ് ഭൂഷണ്‍ എന്ന ബി.ജെ.പി നേതാവിനെ പരിചയം ഉണ്ടോ? ഈ നാടിനുവേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ സഹോദരിമാരെ കൊണ്ട് 'അത് ഞങ്ങള്‍ പുഴയില്‍ ഒഴുക്കി കളയേണ്ടി വരും' എന്ന് പറയിപ്പിച്ച ഭരണകൂടത്തിന്റെ തലപ്പത്തിരുന്നിട്ട് പാലക്കാട്ടെ കൗണ്‍സിലറുടെ കാര്യമാണോ പ്രധാനമന്ത്രി പറയേണ്ടത്? എംഎല്‍എ എന്താ ഇത്തവണ ഇവിടെ മത്സരിക്കാത്തത്? പാര്‍ട്ടി ഒരു തീരുമാനം എടുത്തില്ലേ? ഇത്തവണ പാലക്കാട് ആ എംഎല്‍എ മത്സരിക്കുന്നില്ലല്ലോ' -ഷാഫി പറമ്പില്‍ പറഞ്ഞു.

'പുതിയ പരാതിയില്‍ ഞങ്ങളുടെ പേര് പറയുന്നതിന്റെയൊക്കെ പിന്നിലെ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഇതിനകത്ത് നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തോട്ടെ. ആ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിഞ്ഞാല്‍ ശിക്ഷ കൊടുക്കട്ടെ. സംരക്ഷിക്കാനോ നിയമ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്താനോ ഞങ്ങള്‍ ആരും ഇടപെടില്ല. ഇനി അതിന്റെ വേറെ ആംഗിള്‍ നോക്കൂ, ഈ ഗവണ്‍മെന്റിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ മന്ത്രിയായിരിക്കുന്നവും മത്സരിക്കുന്നവരും ഉള്‍പ്പെടെയുള്ള ആളുകളും എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും ഇത്തരം കാര്യങ്ങളില്‍ അവരെടുത്ത നിലപാട് എന്താ? ഞങ്ങള്‍ അത് പറഞ്ഞിട്ട് ഇതിനെ ന്യായീകരിക്കുന്നില്ല. ഇതില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പൊലീസ് പരിശോധിച്ച് കണ്ടെത്തിയിട്ട് നടപടികളിലേക്ക് പോകട്ടെ.

പാലക്കാട് യുഡിഎഫ് ജയിക്കും. അതില്‍ ഒരു സംശയവും വേണ്ട. അത് നഗര മേഖല ആണെങ്കിലും പഞ്ചായത്തില്‍ ആണെങ്കിലും ഇവിടുത്തെ ജനങ്ങള്‍ക്ക് കൃത്യമായിട്ട് രാഷ്ട്രീയ ബോധമുണ്ട്. കാര്യങ്ങള്‍ അറിയാം. മാത്രമല്ല ആരൊക്കെ തമ്മിലാണ് മത്സരം എന്ന കൃത്യമായ പിക്ചര്‍ ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് ജയിക്കും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു ആത്മവിശ്വാസക്കുറവുമില്ല. ഇവിടുത്തെ ജനങ്ങളുടെ ഒരു പാറ്റേണ്‍ ഞങ്ങള്‍ക്കറിയാം. അവരുടെ രാഷ്ട്രീയ ബോധത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. സര്‍ക്കാര്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. യുഡിഎഫിനേ ആ മാറ്റം കൊണ്ടുവരാന്‍ കഴിയുള്ളൂ എന്നും എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എന്തെല്ലാം അവകാശവാദങ്ങളായിരുന്നു സി.പി.എമ്മിന്. വോട്ട് എണ്ണല്‍ തുടങ്ങിയിട്ട് പോലും അതിനൊരു അവസാനം ഉണ്ടായിരുന്നില്ല. ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണെന്ന് പാലക്കാട്ടെ രാഷ്ട്രീയം അറിയാവുന്ന എല്ലാവര്‍ക്കും അറിയാം' -അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ആവുക എന്ന് തുറന്നു പറയുന്ന കലാകാരന് നഷ്ടങ്ങളേറെയുള്ള സമയത്താണ് രമേഷ് പിഷാരടി അത് തുറന്നുപറയുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. 'ഒരു ബുദ്ധിമുട്ടേറിയ ടാസ്‌കാണത്. അവസരങ്ങളുടെ കാര്യത്തില്‍, അവാര്‍ഡിന്റെ കാര്യത്തില്‍, ഗവണ്‍മെന്റ് പ്രോഗ്രാമുകളുടെ കാര്യത്തില്‍ അടക്കം ഒരു ബാക്കപ്പും പിന്നെ കിട്ടില്ല. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് പിഷാരടി രംഗത്തുവന്നത്. രാജ്യത്താണെങ്കില്‍ ബി.ജെ.പി വിരുദ്ധരായ കലാകാരന്മാര്‍ക്കെതിരെ എല്ലാവിധ റൈഡും വേട്ടയാടലും ആക്ഷേപവും ആക്രമണവും ഒക്കെ നടത്തുന്ന സമയമാണ്. വര്‍ഗീയതക്കും വിദ്വേഷത്തിനും എതിരെ രാജ്യം ഒരുമിച്ച് നില്‍ക്കണം എന്ന മുദ്രാവാക്യവുമായി രാഹുല്‍ ഗാന്ധി തെരുവില്‍ ഇറങ്ങി നടന്നപ്പോള്‍ ആ മുദ്രാവാക്യത്തിനൊപ്പം ഞാനുണ്ട്, ഞാന്‍ കോണ്‍ഗ്രസ് ആണ് എന്ന് പറഞ്ഞ് ഈ കേരള സംസ്ഥാനത്ത് തെരുവില്‍ ഇറങ്ങി നടന്ന ഒരാളാണ് ഇദ്ദേഹം.

വെറുപ്പും വിദ്വേഷവും വെച്ചു പുലര്‍ത്തുന്ന കേരള സ്റ്റോറിയെ എങ്ങനെ കേരളത്തിലെ ജനങ്ങള്‍ അവഗണിച്ചോ, അതുപോലെ പാലക്കാട്ടെ ജനങ്ങള്‍ ബിജെപിയുടെ വിഭാഗീയ ശ്രമങ്ങളെ പരാജയപ്പെടുത്തും' -ഷാഫി പറഞ്ഞു.

'സിപിഎം നേതാക്കള്‍ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല'

'പിഷാരടി രാഷ്ട്രീയക്കാരനല്ല, കോമഡി പറയുന്ന ആളാണ്, കോമാളിയാണ് എന്നൊക്കെ ആക്ഷേപിക്കുന്ന സിപിഎം നേതാക്കന്മാര്‍ ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം നേതാക്കളുടെ എന്തെങ്കിലും ഒരു പ്രസ്താവന നിങ്ങള്‍ കാണിക്കൂ.

ബിജെപി കാന്‍ഡിഡേറ്റിന് വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു സ്റ്റേറ്റ്‌മെന്റ് ഏതെങ്കിലും സിപിഎം നേതാവ് ഇവിടെ പറഞ്ഞിട്ടുണ്ടോ? അതിന്റെ കാരണം നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ? ബിജെപി നേതാവ് ശക്തയാണ്, ശക്തയാണ് എന്ന് സിപിഎം പറഞ്ഞുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അജണ്ട വളരെ വ്യക്തമാണ്. അതില്‍ പാലക്കാട്ട ജനങ്ങള്‍ പെട്ടുപോകില്ല. ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തിയിട്ട് തന്നെയാണ് വോട്ട് ചെയ്യുന്നത്' -ഷാഫി പറമ്പില്‍ പറഞ്ഞു.

ജനങ്ങളാണ് സ്റ്റാര്‍ ക്യാമ്പയിനേഴ്‌സ്

ഇ. ശ്രീധരനെ തോല്‍പ്പിച്ചതും വടകര തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതുമാണോ ഷാഫി പറമ്പിലിനെ സ്റ്റാര്‍ ക്യാമ്പയിനര്‍ ആക്കി മാറ്റിയത് എന്ന ചോദ്യത്തിന് 'ഈ തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാമ്പയിനേഴ്‌സ് ജനങ്ങളാണ്' എന്നായിരുന്നു ഷാഫിയുടെ മറുപടി.

'ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോള്‍ ജനങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമാണ്. ഈ തെരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാമ്പയിനേഴ്‌സ് ജനങ്ങളാണ്. ഞങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെരുവിലിറങ്ങി നില്‍ക്കുന്നതും ഇതുപോലെ ഈ ജാഥകളില്‍ എല്ലാം പങ്കാളികളാകുന്നതും രാവും പകലും ഒന്നും നോക്കാതെ ഞങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ജനങ്ങളാണ്. ഇത് ജനങ്ങളും ഈ സര്‍ക്കാരും തമ്മിലുള്ള പോരാട്ടമാണ്.

ജനങ്ങളാണ് സ്റ്റാര്‍ ക്യാമ്പയിനര്‍. വടകരക്ക് ഉള്‍പ്പെടെ എന്നെ പരിചയപ്പെടുത്തിയത് പാലക്കാട്ടെ വിജയം തന്നെയാണ്. വടകരയില്‍ ഉണ്ടായ വിജയം തീര്‍ച്ചയായിട്ടും സംഘടനാ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. അതൊക്കെ പൊതുപ്രവര്‍ത്തനത്തില്‍ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ കെപിസിസി പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും നേതൃത്വത്തിലുള്ള ഒരുവിധം എല്ലാവരും ഇപ്പോള്‍ മത്സര രംഗത്തുണ്ട്. ഞങ്ങളുടെ എല്ലാ തെരഞ്ഞെടുപ്പിലും പ്രചാരണത്തിന് വരാറുള്ള പിഷാരടിയും ഇപ്പോള്‍ മത്സരിക്കുന്നു. അപ്പോള്‍ സംഘടനാ രംഗത്ത് നില്‍ക്കുന്ന ആളുകളും എംപിമാരും കൂടുതലായി പ്രചരണത്തിന് ഇറങ്ങണം. ഇത് എന്റെ ഉത്തരവാദിത്വം ആണല്ലോ. ചെല്ലുന്ന ഇടങ്ങളില്‍ വലിയ പിന്തുണ ലഭിക്കുന്നു. സ്വന്തം വീടിന്റെ മുറ്റത്ത് വരെ ആളുകള്‍ ഇറങ്ങി നിന്ന് അഭിവാദ്യം ചെയ്യുന്നു. അവരവരുടെ ഇഷ്ടം കൊണ്ടാണ് ഇവര്‍ ഇറങ്ങുന്നത്. അല്ലാതെ ആരും ഓര്‍ഗനൈസ് ചെയ്തതല്ല, ഓര്‍ഗാനിക് ആണ്. ഇപ്രാവശ്യം എന്തായാലും ഒരു സര്‍പ്രൈസായ ആള്‍ ഇവിടെ എത്തും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബിജെപിക്ക് എതിരായ വലിയ പോരാട്ടം തന്നെയാണ് ഇവിടെ, പാലക്കാട് യുഡിഎഫ് നയിക്കുന്നത്' -ഷാഫി പറമ്പില്‍ പറഞ്ഞു.