- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ'; പിണറായിയെ ട്രോളി കൊന്ന് വി ഡി സതീശന്‍; 'ഫേസ്ബുക്കില്‍ ഉള്ള ഒരു സംവാദത്തിനാണ് ഞാന്‍ ക്ഷണിച്ചത് എന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് കമന്റിട്ടാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും; ഐസക്കിനെപ്പോലെ ആകാന്‍ പിണറായിയെ കിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന കാര്യങ്ങളില്‍ 'സംവാദം' നടത്താനുള്ള വെല്ലുവിളി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള വാക്‌പോരിലേക്ക്. പരസ്യ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും സ്ഥലമോ സമയമോ നിശ്ചയിക്കാത്തതിനെ പരിഹസിച്ചുകൊണ്ട് സതീശന്‍ രംഗത്തെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വെല്ലുവിളി വെറും ഫേസ്ബുക്ക് അഭ്യാസമാണോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. സംവാദത്തിന് താന്‍ തയ്യാറാണെന്നും എന്നാല്‍ എവിടെ വരണമെന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ പരിഹസിച്ചു. 'സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. സ്ഥലം ഏതാണ്, സമയം എപ്പോഴാണ് എന്ന് ഇതുവരെ അറിയിപ്പ് കിട്ടിയിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യം ഒന്ന് ശ്രദ്ധിക്കുമല്ലോ' എന്നായിരുന്നു സതീശന്റെ പരിഹാസം. ഫേസ്ബുക്കില്‍ കുറിപ്പിടുന്നതുപോലെയല്ല നേരിട്ടുള്ള സംവാദമെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് ഒരു 'ഡിജിറ്റല്‍' സംവാദമാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. താന്‍ ഉദ്ദേശിച്ചത് ഫേസ്ബുക്കിലെ സംവാദമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ ഒരു കമന്റിട്ടാല്‍ അതിന് മുഖ്യമന്ത്രി മറുപടി നല്‍കുന്നതാണോ സര്‍ക്കാരിന്റെ സംവാദ ശൈലിയെന്ന് സതീശന്‍ ചോദിക്കുന്നു. സൈബര്‍ ഇടങ്ങളില്‍ മാത്രം ഒതുങ്ങുന്ന ചര്‍ച്ചയല്ല, മറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുള്ള തുറന്ന സംവാദമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്കുമായി വി ഡി സതീശന്‍ നേരത്തെ നടന്ന സംവാദം ഇതിനോട് കൂട്ടിവായിക്കുന്നുണ്ട്. വിഷയങ്ങളില്‍ കൃത്യമായ മറുപടി നല്‍കാനും സംവാദത്തില്‍ ഏര്‍പ്പെടാനും തോമസ് ഐസക്ക് കാണിച്ചിരുന്ന താല്പര്യം മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കണ്ടെന്നാണ് സതീശന്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. ഐസക്കിനെപ്പോലെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ പിണറായി വിജയനെ കിട്ടില്ലെന്നും, ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് മുഖ്യമന്ത്രിയുടെ പതിവെന്നും പ്രതിപക്ഷം പരിഹസിക്കുന്നു.
കഴിഞ്ഞദിവസമാണ് പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചര്‍ച്ച ചെയ്യുകയാണെങ്കില്‍ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നെന്നും അവിടെനിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വി.ഡി സതീശന്റെ വെല്ലുവിളി സ്വീകരിച്ചാണ് മുഖ്യമന്ത്രി 'ഇനി സംവാദമാകാം' എന്ന അടിക്കുറിപ്പോടെ ഫേസ് ബുക്ക് പോസ്റ്റിട്ടത്. തെരഞ്ഞെപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ എല്‍.ഡി.എഫ് റിപ്പോര്‍ട്ട് കാര്‍ഡ് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തത്. ഇതിനുപിന്നാലെ സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം എന്ന് പ്രതിപക്ഷ നേതാവും പറഞ്ഞതോടെ സംവാദം നടക്കുമോ ആകാംക്ഷയിലാണ് വോട്ടര്‍മാര്‍.
എന്നാല്‍ ഇനി ഇതില്‍ സംവാദമാകാം എന്ന അടിക്കുറിപ്പോടെയായിരുന്നു ഇന്ന് രാവിലെ എല്‍.ഡി.എഫ് റിപ്പോര്‍ട്ട് കാര്‍ഡ് നവ കേരളത്തിന്റെ നട്ടെല്ലായ 10 വര്‍ഷങ്ങള്‍ പ്രചാരണ പോസ്റ്റര്‍ മുഖ്യമന്ത്രി പങ്കുവെച്ചത്. പത്ത് വര്‍ഷത്തെ എല്‍.ഡി എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങളാണ് എല്‍.ഡി.എഫ് റിപ്പോര്‍ട്ട് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. വികസന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യ സംവാദത്തിന് തയ്യാറാവുമോ എന്ന് കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ വെല്ലുവിളിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ പണിതിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിക്കുകയം ചെയ്തിരുന്നു. വസ്തുതകള്‍ പഠിച്ചു സംസാരിക്കുന്ന തന്നെ 'നുണേശന്‍' എന്ന് വിളിച്ച് അധിക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. തന്നെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മുഖ്യമന്ത്രി 'നുണറായി' ആണോ അതോ ഞാന്‍ 'നുണേശന്‍' ആണോ എന്ന് വരുംദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
വയനാട് ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് വാങ്ങിയ സ്ഥലത്ത് കുടില്‍കെട്ടി സമരം നടത്തിയാല്‍ ഡി.വൈ.എഫ്.ഐക്കാരെ അടിച്ചോടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീടുകളില്‍ ഇതുവരെ ആള്‍താമസം തുടങ്ങാത്തതിനെ സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്ഥലം വാങ്ങാന്‍ പോലും സര്‍ക്കാര്‍ ഒരു വര്‍ഷത്തോളം കാലതാമസം വരുത്തി. പുനരധിവാസത്തിനായി കോണ്‍ഗ്രസിന് പ്രത്യേക സ്ഥലം വിട്ടുനല്‍കില്ലെന്ന വാശിയായിരുന്നു സര്‍ക്കാരിനെന്നും, അതുകൊണ്ടാണ് പാര്‍ട്ടി നേരിട്ട് ഭൂമി വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംവാദം നടക്കുമോ?
തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം സി.പി.എം-ബി.ജെ.പി ഡീല്‍ വിവാദത്തില്‍ ചുറ്റിത്തിരിയുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മില്‍ സംവാദം സജീവ ചര്‍ച്ചയായത്. മുഖ്യമന്ത്രിയെ ഞായറാഴ്ച സതീശന്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരുന്നു. മറുപടിയായി, വികസനത്തില്‍ സംവാദത്തിനുണ്ടോ എന്ന ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രംഗത്തുവന്നു.
''എന്നാല്‍ ഇനി ഇതില്‍ സംവാദം ആയാലോ'' എന്ന് ചോദിച്ചായിരുന്നു മുഖ്യമന്ത്രി, സര്‍ക്കാറിന്റെ 37 നേട്ടങ്ങള്‍ പറയുന്ന കാര്‍ഡുകള്‍ ഷെയര്‍ ചെയ്തത്. പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും ഇത് പങ്കുവെച്ചു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുകയാണെങ്കില്‍ നമുക്ക് നോക്കാം എന്ന രീതിയില്‍ കൊല്ലത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലും സംവാദസാധ്യത മുഖ്യമന്ത്രി തള്ളിയില്ല. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി പോസ്റ്റ് വന്നു. ''സംവാദത്തിന് തയാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെ'' എന്നായിരുന്നു സതീശന്റെ മറുപടി. പറവൂരില്‍ മാധ്യമങ്ങളെ കണ്ടപ്പോഴും ഇക്കാര്യം സതീശന്‍ ആവര്‍ത്തിച്ചു.
സംവാദത്തിന് ഭരണ, പ്രതിപക്ഷ നേതാക്കള്‍ ഒരുക്കമെന്ന് അറിയിച്ചതോടെ തെരഞ്ഞെടുപ്പിന് മുമ്പ് അത് നടക്കുമോ എന്ന ആകാംക്ഷയിലേക്ക് കൂടി പ്രചാരണരംഗം മാറി. എന്നാല്‍, ഇതോടെ മുഖ്യമന്ത്രി പ്ലേറ്റ് മാറ്റി. നേരിട്ടുള്ള സംവാദമല്ല, ഫേസ്ബുക് സംവാദമാണ് താന്‍ ഉദ്ദേശിച്ചത് എന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. പിന്നാലെ ''സംവാദമാകാം എന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്താം'' എന്ന് വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


