- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണോ എന്ന് ചോദ്യം; വാക്കുപാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം; അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം എന്ന് മറുപടി; ജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരന്‍; മാനിഫെസ്റ്റോ തിരുത്തിയത് എല്‍ഡിഎഫിന്റെ ഗതികേടെന്നും പരിഹാസം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കവെ അധികാരത്തില്‍ വന്നാല്‍ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകളില്‍ നിലപാട് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന തന്റെ മുന്‍പത്തെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ പ്രകാരം യു.ഡി.എഫിന് 130 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് നേരത്തെയും സുധാകരന്‍ സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. വനിതാ മുഖ്യമന്ത്രി വേണമെന്നത് രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ ആഗ്രഹമാണെന്നും എന്നാല്‍ താന്‍ മുന്നോട്ട് വെച്ച പേര് രമേശ് ചെന്നിത്തലയുടേതാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പല പേരുകള്‍ ഉയരുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡ് ആണ് അന്തിമ തീരുമാനമെടുക്കുക എന്ന ഔദ്യോഗിക നിലപാടിനിടെയാണ് സുധാകരന്റെ ഈ തുറന്നുപറച്ചില്‍.
മുന്‍പ് പ്രകടിപ്പിച്ച ആഗ്രഹത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും ഒരു നേതാവിന്റെ പേര് ഒരു പോസ്റ്റിലേക്ക് പറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നേതാവായി താന്‍ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ടെന്നും ആ പേരില്‍ മാറ്റമില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. വീണ്ടും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ വരുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയത്തില്‍ അത്തരം പ്രവചനങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമയോചിതമായ തീരുമാനങ്ങളാകും പിന്നീട് ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ബന്ധപ്പെട്ട 'വനവാസ' പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയാണ് സുധാകരന്‍ നല്‍കിയത്. 'അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം. യുഡിഎഫിന് അധികാരം കിട്ടിയില്ലെങ്കില്‍ അദ്ദേഹം പോകണം.വാക്കുപാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം. അങ്ങനെ പോകുന്നെങ്കില്‍ വലിയ പ്രയാസവും സങ്കടവും ഉണ്ട്. ഞാനൊക്ക പ്രാര്‍ഥിക്കുന്നത് അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നാണ്' സുധാകരന്‍ പറഞ്ഞു. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അത് വലിയ സങ്കടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുധാകരന്‍ തന്റെ നിലപാട് അറിയിച്ചത്. ഇതേ വിഷയത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു. വളരെ പക്വതയോടെയാണ് അദ്ദേഹം ഈ ചോദ്യത്തെ സമീപിച്ചത്. രാഷ്ട്രീയ വനവാസം എന്നതുകൊണ്ട് വി.ഡി. സതീശന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അധികാരം നേടുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നുമാണ് ചെന്നിത്തല പറഞ്ഞത്.
അതേ സമയം ഇടതുമുന്നണിയുടെ പ്രകടനപത്രികയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സുധാകരന്‍ പ്രതികരിച്ചു. മാനിഫെസ്റ്റോ തിരുത്തേണ്ടി വന്നത് എല്‍.ഡി.എഫിന്റെ ഗതികേടാണെന്ന് അദ്ദേഹം പരിഹസിച്ചു. വിവാദപരമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു മാനിഫെസ്റ്റോ പുറത്തിറക്കരുതെന്ന സാമാന്യ ബുദ്ധിയെങ്കിലും അവര്‍ക്ക് ഉണ്ടാകണമായിരുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 4-ന് യു.ഡി.എഫ് വന്‍ വിജയം ആഘോഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്.


